| Wednesday, 23rd March 2022, 7:40 am

അത് രഞ്ജിത്തിന് കൊണ്ടു, ഞാന്‍ കണ്ടു; മാന്യന്‍ എന്ന് പറയുന്ന അമാന്യനെ ഞാന്‍ എന്നും ചീത്ത പറയും: വിനായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസം നടന്ന ഐ.എഫ്.എഫ്.കെയുടെ ഉദ്ഘാടന വേദിയില്‍ അതിഥിയായെത്തിയിരുന്നത് ഭാവനയായിരുന്നു. ഭാവനയെ പോരാട്ടത്തിന്റെ പെണ്‍ പ്രതീകമെന്ന് വിശേഷിപ്പിച്ച് വേദിയിലേക്ക് ക്ഷണിച്ചത് സംവിധായകന്‍ രഞ്ജിത്തും. എന്നാല്‍ ഇതിന് പിന്നാലെ രഞ്ജിത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

വേട്ടകാരനൊപ്പം നിന്ന അതേ ആള്‍ തന്നെ ഭാവനയെ പോരാട്ടത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിച്ചുവെന്ന തരത്തിലുള്ള കമന്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെ രഞ്ജിത്ത് തന്നെ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. ദിലീപിനെ ജയിയില്‍ സന്ദര്‍ശിച്ച ആള്‍ തന്നെ അതിജീവിതയെ ഇന്നലെ ഐ.എഫ്.എഫ്.കെ വേദിയിലേക്ക് ക്ഷണിച്ചതിലെ പൊരുത്തക്കേട് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു അന്നുണ്ടായ സംഭവത്തെ കുറിച്ച് രഞ്ജിത്ത് വിശദീകരിച്ചത്.

ദിലീപിനെ ജയിലില്‍ പോയി കാണുക എന്നൊരു ലക്ഷ്യം തനിക്ക് ഉണ്ടായിരുന്നില്ലെന്നും അപ്രതീക്ഷിതമായി അവിടെ എത്തിപ്പെടേണ്ട ഒരു സാഹചര്യം തനിക്കുണ്ടായെന്നുമായിരുന്നു രഞ്ജിത് പറഞ്ഞത്.

എന്നാല്‍ ഇതിന് മറുപടിയായി നടന്‍ വിനായകന്‍ തന്റെ ഫേസ്ബുക്കില്‍ പേജില്‍ ഹരിശ്രീ അശോകനും രഞ്ജിത്തും ദിലീപിനെ ജയിലില്‍ കണ്ട് മടങ്ങുന്നതിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.

ഫോട്ടോ ഫേസ്ബുക്കില്‍ ഇടാനുണ്ടായ കാരണത്തെ കുറിച്ചും അത് രഞ്ജിത്തിന് കൊണ്ടെന്നും പറയുകയാണ് വിനായകന്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് വിനായകന്‍ പോസ്റ്റിനെ കുറിച്ച് പരാമര്‍ശിക്കുന്നത്.

‘ചിലയാളുകള്‍ ചിലത് വിട്ട് കളയും അപ്പോള്‍ എന്റെ കയ്യില്‍ കുറച്ച് കളക്ഷന്‍സുണ്ട്, അതുകൊണ്ട് ഏതെങ്കിലും ഒരുത്തന് കൊള്ളട്ടെ എന്ന് കരുതി തന്നെ ഇടുന്നതാണ്. അങ്ങനെ കൊണ്ടെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ ഞാനാ പോസ്റ്റ് മാറ്റും. അത് രഞ്ജിത്തിന് കൊണ്ടു, ഞാന്‍ കണ്ടു. ഏത് പോസ്റ്റ് ആണേലും അത് എത്തേണ്ടിടത്ത് എത്തുമ്പോള്‍ ഞാന്‍ മാറ്റും. മനപൂര്‍വം തന്നെ ഇടുന്നതാണ് അതൊക്കെ, വിമര്‍ശനം ഉള്ളതുകൊണ്ടാണല്ലൊ പോസ്റ്റ് ഇടുന്നത്.

ഈ ലോകത്ത് മാന്യന്‍ എന്ന് പറയുന്ന അമാന്യനെ ഞാന്‍ എന്നും ചീത്ത പറയും. പക്ഷെ ഞാന്‍ പറയുന്നത് എന്റെ സിനിമയെ ബാധിക്കുന്നില്ല എന്നതിന്റെ തെളിവാണ് 2016 മുതല്‍ കാണുന്നത്. വിമര്‍ശിക്കുന്നത് ഒന്നിനേയും ബാധിക്കില്ല, കൊവിഡിന്റെ മരുന്ന് ഏറ്റവും വൃത്തികെട്ടവനായ വിനായകനാണ് ഉണ്ടാക്കുന്നതെങ്കില്‍ നിങ്ങള്‍ എന്റെ കാല്‍ ചുവട്ടില്‍ വന്നിരിക്കും, അതാണ് ശക്തി, ഞാനൊരു വൃത്തികെട്ടവനാണ്,’ വിനായകന്‍ പറയുന്നു.

Content Highlights: Actor Vinayakan says about his facebook post against Ranjith

We use cookies to give you the best possible experience. Learn more