| Thursday, 3rd February 2022, 3:22 pm

'അശ്വത്ഥാമാവ് യുദ്ധത്തിനുപയോഗിച്ച പരിശീലനം ലഭിച്ച ആനയാണ്'; വിനായകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ആത്മകഥ പുറത്തിറങ്ങാനിരിക്കെ പ്രതികരണവുമായി നടന്‍ വിനായകന്‍.

‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന ശിവശങ്കറിന്റെ പുസ്തകത്തിന്റെ പേരിനെക്കുറിച്ചുള്ള പരാമര്‍ശമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

‘അശ്വത്ഥാമാവ്’ വെറും ഒരു ആനയല്ലെന്നും യുദ്ധത്തിനുപയോഗിച്ച പരിശീലനം ലഭിച്ച ആനയാണെന്നും അദ്ദേഹം എഴുതി.  ഇതിനുതാഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

തന്റെ പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി എന്താണ് വിനായകന്‍ ഉദ്ദേശിച്ചതെന്ന് കുറച്ചെങ്കിലും മനസിലാകുന്ന പ്രതികരണമാണിതെന്നാണ് കമന്റുകളില്‍ പറയുന്നത്.

നേരത്തെ താന്‍ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന ഈ പുസ്തകം വായിക്കുമെന്നും, മാധ്യമങ്ങളും ഇത് വായിക്കുമെന്നാണ് കരുതുന്നതായും പുസ്തകത്തെക്കുറിച്ച് അഭിഭാഷകയും കേരള ഹൈക്കോടതി പ്ലീഡറുമായ അഡ്വ. രശ്മിത രാമചന്ദ്രന്‍ പറഞ്ഞിരുന്നു.

ശനിയാഴ്ചയാണ് ശിവശങ്കറിന്റെ പുസ്തകം പുറത്തിറങ്ങുന്നത്. ഡി.സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

സ്വര്‍ണക്കടത്തുകേസിലെ അന്വേഷണ ഏജന്‍സികളുടെ സമീപനവും ജയിലിലെ അനുഭവങ്ങളുമടക്കമുള്ള കാര്യങ്ങള്‍ പുസ്തകത്തിലുണ്ടാകും.

സര്‍വീസിലേക്ക് തിരിച്ചെത്തിയ ശേഷം സര്‍ക്കാരിന്റെ അനുമതി വാങ്ങിയാണ് അദ്ദേഹത്തിന്റെ പുസ്തകം പുറത്തുവരുന്നത്.

ജയില്‍ മോചിതനായി ഒരു വര്‍ഷം പിന്നിട്ട ശേഷമാണ് ആത്മകഥയുടെ വിശദാംശങ്ങള്‍ പുറത്തുവിടുന്നത്. പുസ്തകത്തിന്റെ ചില ഭാഗങ്ങള്‍ ഡി.സി ബുക്‌സിന്റെ പച്ചക്കുതിര എന്ന പ്രസിദ്ധീകരണത്തിലൂടെ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ സസ്‌പെന്‍ഷനിലായ എം. ശിവശങ്കര്‍ ഒന്നരവര്‍ഷത്തിന് ശേഷം കഴിഞ്ഞ മാസമാണ് തിരികെ സര്‍വീസില്‍ പ്രവേശിച്ചത്.

സസ്‌പെന്‍ഷന്‍ കാലാവധി തീര്‍ന്നതിനാല്‍ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്.

നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ജൂലൈ 16 നായിരുന്നു ശിവശങ്കറിനെ സസ്‌പെന്റ് ചെയ്തത്. പിന്നീട് കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ ശിവശങ്കര്‍ പ്രതിയായി.

സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷന്‍ അഴിമതിക്കേസിലുമാണ് പ്രതി ചേര്‍ത്തത്. ഇ.ഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയും 98 ദിവസം ജയിലില്‍ കഴിയുകയും ചെയ്തു. 2023 ജനുവരി വരെയാണ് ശിവശങ്കറിന്റെ സര്‍വീസ് കാലാവധി.

CONTENT HIGHLIGHTS:  Actor Vinayakan reacts to the release About of M Sivashankar’s autobiography

We use cookies to give you the best possible experience. Learn more