| Saturday, 2nd November 2024, 11:31 pm

'ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം നിനക്കാരാ പതിച്ചുതന്നത്'; നസ്രിയക്കും ഫഹദിനുമെതിരായ വിദ്വേഷ പ്രചരണത്തില്‍ കൃഷ്ണ രാജിനെതിരെ വിനായകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നസ്രിയക്കും ഫഹദ് ഫാസിലുമെതിരെ വിദ്വേഷ പ്രചരണം നടത്തിയ അഡ്വ. കൃഷ്ണ രാജിനെതിരെ വിമര്‍ശനവുമായി നടന്‍ വിനായകന്‍. ‘വര്‍ഗീയവാദി കൃഷണരാജെ ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചു തന്നത്’ എന്ന് ചോദിച്ചായിരുന്നു വിനായകന്‍ പ്രതികരിച്ചത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിമര്‍ശനം.

കൃഷ്ണ രാജിന്റെ കുടുംബത്തിന്റെ സനാതന ധര്‍മമല്ല ഈ ലോകത്തിന്റെ സനാതന ധര്‍മമെന്നും വിനായകന്‍ കുറിച്ചു. താങ്കള്‍ ആദ്യം സിന്ധ്, ഹിന്ദ്, ഇന്ത്യ, ഇന്ത്യന്‍ എന്താണെന്ന് മനസിലാക്കണമെന്നും വിനായകന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായത്. തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ നസ്രിയയും ഫഹദ് ഫാസിലും പങ്കെടുത്തിരുന്നു.

വിവാഹത്തിന് ക്ഷേത്രത്തില്‍ എത്തിയ ഇരുവരുടെയും ഫോട്ടോസ് വൈറലായതിന് പിന്നാലെയാണ് വിദ്വേഷ പ്രചരണവുമായി തീവ്ര ഹിന്ദുത്വവാദിയായ അഡ്വക്കേറ്റ് കൃഷ്ണ രാജ് രംഗത്തെത്തിയത്.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍, ക്ഷേത്ര ആചാര ലംഘനം നടത്തിയ ഒരുത്തനെയും വെറുതെ വിടുമെന്ന് കരുതേണ്ടെന്നാണ് കൃഷ്ണ രാജ് പറഞ്ഞിരുന്നത്. സഖാക്കള്‍ ദേവസ്വം ഭരിച്ചാല്‍ ഇതാണ് ഹിന്ദുവിന്റെ അവസ്ഥയെന്നും ഏത് അണ്ടനും അടകോഴനും ക്രിസ്ത്യാനിക്കും മുസ്ലിമിനും ക്ഷേത്രത്തിനുള്ളില്‍ കടക്കാമെന്നും കൃഷ്ണ രാജ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഒപ്പം ക്ഷേത്രത്തില്‍ നിന്നുള്ള താരങ്ങളുടെ ഫോട്ടോസും പങ്കുവെച്ചിരുന്നു. വിവിധ വിഷയങ്ങളിലായി നിരന്തരം വിദ്വേഷ പ്രചരണങ്ങള്‍ നടത്തുന്ന തീവ്ര ഹിന്ദുത്വവാദിയാണ് കൃഷ്ണ രാജ്.

വിനായകന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇത് പറയാന്‍ നീയാരാടാ…
വര്‍ഗീയവാദി കൃഷണരാജെ
ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചു തന്നത്….

നീ ആദ്യം സിന്ധ്, ഹിന്ദ്, ഇന്ത്യ, ഇന്ത്യന്‍
എന്താണെന്ന് അറിയാന്‍ ശ്രമിക്ക്

അല്ലാതെ
നിന്റെ തായ് വഴി കിട്ടിയ
നിന്റെ കുടുംബത്തിന്റെ
സനാതന ധര്‍മമല്ല
ഈ ലോകത്തിന്റെ
സനാതന ധര്‍മം.
ജയ് ഹിന്ദ്

Content Highlight: actor vinayakan react against adv krishna raj

We use cookies to give you the best possible experience. Learn more