| Tuesday, 22nd March 2022, 9:44 pm

ജോലിയില്ലാത്ത തെണ്ടികളാണ് ഫാന്‍സ്, ആ പൊട്ടന്‍മാര്‍ വിചാരിച്ചാല്‍ ഇവിടെ ഒന്നും നടക്കാന്‍ പോണില്ല: വിനായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാനടന്‍മാരുടെ ഫാന്‍സിനെ കുറിച്ചും, ഫാനിസം സംസ്‌കാരത്തെ കുറിച്ചും തുറന്നു പറയുകയാണ് നടന്‍ വിനായകന്‍.

‘ഒരുത്തീ’ സിനിമയുടെ ഭാഗമായി നടന്ന പത്രസമ്മേളനത്തിലാണ് വിനായകന്‍ ഇക്കാര്യം പറയുന്നത്.

ഫാന്‍സ് വിചാരിച്ചാല്‍ ഒരു സിനിമയെ ജയിപ്പിക്കാനോ തോല്‍പിക്കാനോ കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്.

‘ഫാന്‍സ് എന്ന പൊട്ടന്‍മാര്‍ വിചാരിച്ചതുകൊണ്ട് ഇവിടെ ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. അതിന്റെ ഏറ്റവും വലിയ ഒരു ഉദാഹരണം ഞാന്‍ പറയാം. ഇവിടുത്തെ ഏറ്റവും വലിയ ഒരു മഹാനടന്റെ പടം, പടം ഇറങ്ങി ഒരു നാല് മണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ കണ്ടതാണ് ഒന്നരക്കോടി എന്ന്.

ഞാന്‍ അന്വേഷിച്ച് ചെന്നപ്പോള്‍, പടം തുടങ്ങിയത് 12.30 മണിക്കാണ്, ഒന്നരയ്ക്ക് ഇന്റര്‍വെല്ലായപ്പോള്‍ ആള്‍ക്കാര്‍ എഴുന്നേറ്റ് ഓടി എന്ന്. അതാണ് ഈ പറഞ്ഞ് ഒന്നരക്കോടി. ഇവിടുത്തെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറിന്റെ പടമാണ്, ഒരു പൊട്ടനും ആ പടം കാണാന്‍ ഉണ്ടായിട്ടില്ല.

അപ്പോള്‍ ഇവര്‍ വിചാരിച്ചതു പോലെ ഈ പരിപാടി നടക്കില്ല. ഞാന്‍ വീണ്ടും പറയാം, ഈ ഫാന്‍സ് വിചാരിച്ചതുകൊണ്ട് ഒരു സിനിമയും നന്നാവാനും പോണില്ല ഒരു സിനിമയും മോശമാവാനും പോണില്ല,’ താരം പറയുന്നു.

ഫാന്‍സ് ഷോ നിരോധിക്കണമെന്ന തിയേറ്റര്‍ ഉടമകളുടെ തീരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിന് ‘ഫാന്‍സിനെ നിരോധിക്കണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഫാന്‍സുകാരെന്നാല്‍ ജോലിയില്ലാത്ത തെണ്ടികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫാന്‍സിനെ കുറിച്ചുള്ള വിനായകന്റെ പരാമര്‍ശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. സിനിമാ ഗ്രൂപ്പുകളിലടക്കം വിനായകന്റെ വാക്കുകള്‍ ചര്‍ച്ചയാവുന്നുണ്ട്.

അതേസമയം, മികച്ച പ്രതികരണങ്ങള്‍ നേടിയാണ് ഒരുത്തീ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. ചിത്രത്തില്‍ വിനായകന്റെ കഥാപാത്രവും ഏറെ കയ്യടികള്‍ നേടുന്നുണ്ട്.

കുടുംബ പശ്ചാത്തലത്തില്‍ അതീജീവനത്തിന്റെയും സ്‌നേഹബന്ധങ്ങളുടെയും കഥയാണ് ഒരുത്തീ പറയുന്നത്. കെ.പി.എ.സി. ലളിത അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്.

വിനായകനും നവ്യയ്ക്കും പുറമെ സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍ കരിമുട്ടം, മനു രാജ്, മാളവിക മേനോന്‍, ചാലി പാല എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

എസ്. സുരേഷ് ബാബു തിരക്കഥയൊരുക്കിയ ചിത്രം നിര്‍മിച്ചിരിക്കുന്നത് കെ.വി.അബ്ദുള്‍ നാസറാണ്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡും ചേര്‍ന്നാണ്.

Content Highlight: Actor Vinayakan  Fans and Fan culture  in Malayalam Film Industry

We use cookies to give you the best possible experience. Learn more