കൊച്ചി: ഗൂഗിളില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയെ സെര്‍ച്ച് ചെയ്യുമ്പോള്‍ ലഭിക്കുന്ന റിസള്‍ട്ടിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് നടന്‍ വിനായകന്‍. സല്യൂട്ട് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് വിനായകന്റെ സ്‌ക്രീന്‍ഷോട്ട്.
സുരേഷ് ഗോപിയെന്ന് തിരയുമ്പോള്‍ ‘പൊലീസിനെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് വാങ്ങിച്ച് സുരേഷ് ഗോപി’ എന്നുള്ള വാര്‍ത്തകളാണ് ലഭിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടാണ് താരം പങ്കുവെച്ചത്. മുന്‍ പോസ്റ്റുകളെപ്പോലെ തന്നെ പ്രത്യേകിച്ച് ക്യാപ്ഷനൊന്നും നല്‍കാതെയായിരുന്നു വിനായകന്റെ സ്‌ക്രീന്‍ഷോട്ട്. എന്നാല്‍ ഇത്തവണ ക്യാപ്ഷനൊന്നും വേണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ഏതെങ്കിലും രീതിയിലുള്ള പ്രത്യേക സംഭവങ്ങള്‍ നടക്കുമ്പോള്‍ ഇത്തരത്തില്‍ രസകരമായ രീതിയിലുള്ള സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെക്കുന്നത് വിനായകന്റെ രീതിയാണ്. വിഷയത്തില്‍ നേരിട്ട് പ്രതികരണം പറയാതെയാണ് താരം പലപ്പോഴും രംഗത്തെത്താറ്.
വിനായകന്റെ സ്‌ക്രീന്‍ഷോട്ട് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുമ്പോള്‍ ആ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് വീണ്ടുമെടുത്ത് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യാറുണ്ട്. പലപ്പോഴും ഇത്തരം സ്‌ക്രീന്‍ ഷോട്ടുകള്‍ക്ക് രസകരമായ കമന്റുകളാണ് വിനായകന് ലഭിക്കാറ്.
‘അങ്ങനെ ആദ്യമായിട്ട് അണ്ണന്‍ ഇട്ട പോസ്റ്റ് മനസിലായെന്നും ക്യാപ്ഷന്റെ ആവശ്യമില്ലെന്നുമൊക്കെയുള്ള കമന്റുകളാണ് വിനായകന്റെ പോസ്റ്റിന് താഴെ വരുന്നത്.
ഇന്നലെയാണ് ഒല്ലൂര്‍ എസ്.ഐയെ കൊണ്ട് സുരേഷ് ഗോപി നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ചത്. തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ആവശ്യപ്പെടുകയായിരുന്നു. പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു സംഭവം. താന്‍ മേയറല്ല, എംപിയാണ്. ശീലങ്ങള്‍ മറക്കരുത് എന്നായിരുന്നു സുരേഷ് ഗോപി എസ്.ഐയോട് പറഞ്ഞത്.
സംഭവത്തില്‍ വിശദീകരണവുമായി ഇന്ന് സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. എം.പിക്ക് സല്യൂട്ട് പാടില്ലെന്ന് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടോയെന്നും സല്യൂട്ട് ചെയ്യുന്നതില്‍ രാഷ്ട്രീയ വിവേചനം കാണിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
ഈ സംഭവം വിവാദമാക്കിയത് മാധ്യമങ്ങളാണെന്നും ആ പൊലീസ് ഉദ്യോഗസ്ഥന് പരാതി ഇല്ലല്ലോയെന്നും സുരേഷ് ഗോപി ചോദിച്ചിരുന്നു.