സിനിമ സെറ്റില്‍ എത്തിയാല്‍ പൊതുവേ ആരോടും സംസാരിക്കാത്ത വ്യക്തിയാണ് താനെന്നും അത് തന്റെ ഇന്‍ഡസ്ട്രി സ്വഭാവമാണെന്നും നടന്‍ വിനായകന്‍.
താന്‍ ഇന്‍ഡസ്ട്രിയില്‍ പോകുന്നത് സംസാരിക്കാനല്ലെന്നും ‘ഞാന്‍ അങ്ങനെ, ഞാന്‍ ഇങ്ങനെ’ എന്ന് പറഞ്ഞിരിക്കുന്നതല്ല തന്റെ രീതിയെന്നും വിനായകന്‍ പറഞ്ഞു.
സംവിധായകന്‍ പറയുന്നത് ഒരു ശതമാനം കുറച്ചിട്ടാണെങ്കിലും ചെയ്തുകൊടുക്കുക എന്നതാണ് തന്റെ കടമയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരുത്തീ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു വിനായകന്‍.
‘ആരുമായും ഞാന്‍ സംസാരിക്കാറില്ല. പൊതുവെ അങ്ങനെയാണ്. റിയല്‍ ലൈഫിലും ഞാന്‍ അങ്ങനെയാണ്. റിയല്‍ ലൈഫില്‍ പെട്ടെന്ന് അങ്ങനെ കണക്ടാവില്ല. എന്തിനാണ് അത്. അങ്ങനെ കണക്ടായ ഒരേ ഒരു സൗഹൃദം ശ്രയ റെഡ്ഡിയുമായിട്ടാണ്.
തമിഴ് പടത്തില്‍ എനിക്കൊപ്പം അഭിനയിച്ച പെണ്ണാണ് ശ്രയ. ഞാന്‍ അവിടെ ചെന്ന് ഇറങ്ങിയപ്പോള്‍ 15 മീറ്റര്‍ ദൂരെ നിന്നാണ് അവരെ കാണുന്നത്. ഞങ്ങള്‍ ഇങ്ങനെ അടുത്തേക്ക് നടന്നു വരുന്നത് തന്നെ 15 കൊല്ലം മുന്‍പുള്ള കൂട്ടുകാരെപ്പോലെയാണ്, വിനായകന്‍ പറഞ്ഞു.
ഒരു സ്പാര്‍ക്ക് ആണോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സ്പാര്‍ക്ക് എന്നത് തമാശ വാക്കല്ലെന്നും അതാണ് റിയാലിറ്റിയെന്നും വിനായകന്‍ പറഞ്ഞു. നമ്മള്‍ എന്ത് ബന്ധം ഉണ്ടാക്കാന്‍ നോക്കിയാലും നടക്കൂല. നടക്കേണ്ടത് മാത്രമേ നടക്കുകയുള്ളൂ. സ്പാര്‍ക്ക് എന്നത് ഡേര്‍ട്ടി വേഡ് ആണ്, വിനായകന്‍ പറഞ്ഞു.
നവ്യയെ കുറിച്ച് ഒരു കാഴ്ചപ്പാട് വിനായകന് ഉണ്ടല്ലോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു വിനായകന്റെ മറുപടി. കാരണം താനും നവ്യയുമായിട്ട് ഇന്ന് മാത്രമാണ് കണക്ട് ആയതെന്നും കഴിഞ്ഞ അരമണിക്കൂറ് മുന്‍പ് അത്ര ഹെവിയായിട്ടാണ് തങ്ങള്‍ സംസാരിച്ചതെന്നും വിനായകന്‍ പറഞ്ഞു.
ഇതിന് മുന്‍പ് ഞങ്ങള്‍ രണ്ട് പടത്തില്‍ അഭിനയിച്ചു. ഹലോ, ഗുഡ് മോണിങ്, അല്ലെങ്കില്‍ ഗുഡ് നൈറ്റ് എന്ന് കാണുമ്പോള്‍ പറയും. ഇതിനപ്പുറത്ത് നവ്യയെന്നതല്ല ഒരാളുമായും ഞാന്‍ സംസാരിച്ചിട്ടില്ല.
ലൊക്കേഷനില്‍ നവ്യയുമായി സംസാരിക്കാനല്ലല്ലോ ഞാന്‍ വരുന്നത്. അഭിനയിക്കാനല്ലേ. അത് ഞാന്‍ കൃത്യമായി ചെയ്യുന്നുണ്ടല്ലോ. ഒരു വ്യക്തിയെന്ന നിലയില്‍ നവ്യയ്ക്ക് എന്നെ അറിയില്ല. ഇനി ചിലപ്പോള്‍ ചോദിച്ചാല്‍ ഒരുപക്ഷേ എനിക്ക് അവരെ കുറിച്ച് പറയാന്‍ സാധിക്കുമെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Actor Vinayakan About The Actress he has emotionally connected