ഇതാണ് നിങ്ങള്‍ പറയുന്ന മീ ടൂ എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും, അല്ലെങ്കില്‍ നിങ്ങളെനിക്ക് പറഞ്ഞു താ എന്താണ് മീ ടൂ എന്ന്: വിനായകന്‍
Entertainment news
ഇതാണ് നിങ്ങള്‍ പറയുന്ന മീ ടൂ എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും, അല്ലെങ്കില്‍ നിങ്ങളെനിക്ക് പറഞ്ഞു താ എന്താണ് മീ ടൂ എന്ന്: വിനായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd March 2022, 10:31 pm

മീ ടൂവിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് ചോദ്യങ്ങളുമായി നടന്‍ വിനായകന്‍. തനിക്ക് എന്താണ് മീ ടൂ എന്ന് അറിയില്ലെന്നും, നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരണമെന്നുമാണ് മാധ്യമപ്രവര്‍ത്തകരോട് വിനായകന്‍ പറഞ്ഞത്.

‘ഒരുത്തീ’യുടെ ഭാഗമായി നടന്ന പത്രസമ്മേളനത്തിലാണ് വിനായകന്‍ ഇക്കാര്യം ചോദിക്കുന്നത്.

‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്.

നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.

ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ എന്താണ് മീ ടൂ എന്ന്,’ വിനായകന്‍ ചോദിക്കുന്നു.

മീ ടൂ എന്നു പറയുന്നതിന്റെ ബേസിക് തോട്ട് എന്താണെന്നും, പെണ്‍കുട്ടിയുടെയും സ്ത്രീയുടെയും വ്യാഖ്യാനമെന്താണെന്നും വിനായകന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.

നേരത്തെ സിനിമാ നടന്‍മാരുടെ ഫാന്‍സിനെ കുറിച്ചും, ഫാന്‍ കള്‍ച്ചറിനെ കുറിച്ചും വിനായകന്‍ നടത്തിയ പ്രതികരണം സിനിമ ഗ്രൂപ്പുകളിലടക്കം ചര്‍ച്ചയായിരുന്നു.

ഫാന്‍സുകാര്‍ വെറും പൊട്ടന്മാരാണെന്നും അവര്‍ വിചാരിച്ചാല്‍ ഇവിടെ ഒന്നും തന്നെ നടക്കാന്‍ പോവുന്നില്ല എന്നുമായിരുന്നു വിനായകന്‍ ചോദിച്ചത്.

അതേസമയം, മികച്ച പ്രതികരണങ്ങള്‍ നേടിയാണ് ഒരുത്തീ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. ചിത്രത്തില്‍ വിനായകന്റെ കഥാപാത്രവും ഏറെ കയ്യടികള്‍ നേടുന്നുണ്ട്.

കുടുംബ പശ്ചാത്തലത്തില്‍ അതീജീവനത്തിന്റെയും സ്നേഹബന്ധങ്ങളുടെയും കഥയാണ് ഒരുത്തീ പറയുന്നത്. കെ.പി.എ.സി. ലളിത അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്.

വിനായകനും നവ്യയ്ക്കും പുറമെ സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍ കരിമുട്ടം, മനു രാജ്, മാളവിക മേനോന്‍, ചാലി പാല എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

എസ്. സുരേഷ് ബാബു തിരക്കഥയൊരുക്കിയ ചിത്രം നിര്‍മിച്ചിരിക്കുന്നത് കെ.വി.അബ്ദുള്‍ നാസറാണ്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡും ചേര്‍ന്നാണ്.

 

Content Highlight: Actor Vinayakan about Me Too