കലാകാരന്‍ എന്ന് പറഞ്ഞ് തന്നെ ഒതുക്കേണ്ടതില്ലെന്നും താന്‍ കലാകാരനല്ല ജോലിക്കാരനാണെന്നും നടന്‍ വിനായകന്‍. ജോലി ചെയ്താല്‍ അതിനുള്ള പണം കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആള്‍ തന്നെയാണ് താനെന്നും വിനായകന്‍ പറഞ്ഞു.
ഒരുത്തീ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു വിനായകന്റെ പ്രതികരണം. വിനായകന്‍ പങ്കുവെക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളുമായി ബന്ധപ്പെട്ട ചോദ്യം വന്നപ്പോള്‍ അത്തരത്തിലുള്ള പേഴ്‌സണലായ ചോദ്യങ്ങള്‍ ഈ പ്രൊമോഷന്‍ പരിപാടിക്കിടെ ചോദിക്കേണ്ടതുണ്ടോ എന്നായിരുന്നു വിനായകന്റെ ചോദ്യം.
വിനായകനെ ഒറ്റയ്ക്ക് കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണെന്നും അതുകൊണ്ടാണ് ഇവിടെ ചോദിക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ 30 മിനുട്ട്‌സ് പ്രോഗ്രാമിന് കിട്ടുന്ന പരസ്യത്തിന്റെ പകുതി കാശ് തനിക്ക് തന്നാല്‍ തീര്‍ച്ചയായും നിങ്ങളുടെ പരിപാടിയില്‍ വന്ന് താന്‍ എല്ലാം പറയാമെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.
അപ്പോള്‍ താങ്കള്‍ക്ക് പൈസയാണോ വലുത് എന്ന ചോദ്യത്തിന് തീര്‍ച്ചയായും അങ്ങനെ തന്നെ ആണെന്നും നിങ്ങള്‍ക്കും അങ്ങനെയല്ലേയെന്നും വിനായകന്‍ തിരിച്ചു ചോദിച്ചു. ഈ ലോകം തന്നെ അങ്ങനെയാണെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.
ഒരു കലാകാരന്‍ എന്ന അര്‍ത്ഥത്തില്‍ പൈസ മാത്രം മോഹിക്കാമോ എന്ന ചോദ്യത്തിന് താന്‍ കലാകാരനല്ല ജോലിക്കാരനാണെന്നായിരുന്നു വിനായകന്റെ മറുപടി. ‘ഞാന്‍ കലാകരനല്ല. നിങ്ങള്‍ എന്നെ അതില്‍ ഒതുക്കല്ലേ. ഞാന്‍ ജോലി ചെയ്യുന്നു, കൃത്യമായി ജോലി ചെയ്യുന്നു അതിന്റെ കാശ് കിട്ടിയേ തീരൂ,’ വിനായകന്‍ പറഞ്ഞു.
വിനായകന്റെ ഏതെങ്കിലും നിലപാടുകള്‍ സിനിമയെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് 2016 മുതല്‍ താന്‍ അത് പരിശോധിക്കുകയായിരുന്നെന്നും പടയും ഒരുത്തീയും കണ്ടപ്പോള്‍ അതൊന്നും ബാധിക്കില്ലെന്ന് തനിക്ക് ഉറപ്പായെന്നും വിനായകന്‍ പറഞ്ഞു.
ഉദാഹരണത്തിന് കൊവിഡിന്റെ മരുന്ന് ഏറ്റവും ഡേര്‍ട്ട് ആയിട്ടുള്ള വിനായകന്‍ ആണ് ഉണ്ടാക്കുന്നതെങ്കില്‍ നിങ്ങള്‍ എന്റെ കാലില്‍ വന്നിരിക്കും. പറഞ്ഞത് മനസിലായോ, അതാണ് അതിന്റെ റിയാലിറ്റി. ഞാന്‍ ഒരു ഡേര്‍ട്ട് ആണ്. അതില്‍ തന്നെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്, വിനായകന്‍ പറഞ്ഞു.
Content Highlight: Actor Vinayakan About His Movies and Views