| Thursday, 12th October 2023, 9:02 am

'നിവിൻ പോളിയുള്ളപ്പോൾ ഒരു പട്ടിക്കും എന്നെ വേണ്ട,എനിക്കവിടെ ഇരുന്നിട്ട് ബോറടിച്ചു'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘രാമചന്ദ്ര ബോസ്സ് ആൻഡ്‌ കോ’ സിനിമയുടെ ഭാഗമായി അണിയറ പ്രവർത്തകർ നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത നടൻ വിനയ് ഫോർട്ടിന്റെ മേക്ക് ഓവർ വലിയ വൈറലായി മാറിയിരുന്നു. ചുവന്ന ടീ ഷർട്ടും കൂളിങ്‌ ഗ്ലാസുമണിഞ്ഞ്
വേദിയിലെത്തിയ വിനയ് ഫോർട്ട് വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

തന്റെ ലുക്ക്‌ വൈറലായതിന് പിന്നിലെ രഹസ്യം ഇപ്പോൾ തുറന്നു പറയുകയാണ് വിനയ് ഫോർട്ട്‌. മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഒരാളു പോലും എന്നോട് ചോദ്യം ചോദിക്കുന്നുന്നില്ല. എനിക്കവിടെ ഇരുന്നിട്ട് ബോറടിക്കുകയായിരുന്നു,’ വിനയ് ഫോർട്ട്‌ പറയുന്നു. താൻ അത്തരത്തിൽ വേദിയിൽ ഇരിക്കാനുണ്ടായ കാരണവും വിനയ് ഫോർട്ട്‌ പറഞ്ഞു.

‘നിവിൻ പോളിയുള്ളപ്പോൾ ഒരു പട്ടിക്കും എന്നെ വേണ്ട. ഒരാള് പോലും എന്നോട് ചോദ്യം ചോദിക്കുന്നില്ല. ഞാൻ പറയുന്നതൊന്നും കേൾക്കുകയും വേണ്ട. ഒരുപാട് ചോദ്യങ്ങൾ നിവിനോട് തന്നെ ചോദിക്കുന്നു. എന്നോട് ചോദിക്കാത്തത് കൊണ്ടല്ല, പക്ഷേ എനിക്കവിടെ ഇരുന്നിട്ട് ബോറടിക്കുകയായിരുന്നു. പിന്നെ ഞാൻ അങ്ങനെ ഇരുന്നു പോയി.

അത് കണ്ടിട്ട് എന്റെ ഭാര്യ ചോദിക്കുന്നുണ്ട് ചുണ്ട് എന്താണ് അങ്ങനെ വെച്ചതെന്ന്. അത് ഞാൻ അറിയാതെ അങ്ങനെ വെച്ചുപോയതായിരുന്നു. എന്റെ മീശയാണെങ്കിൽ വിജാഗിരി പോലെയാണുള്ളത്. അതിനൊപ്പം ഞാനറിയാതെ ചുണ്ടും കൂടെ അങ്ങനെ വെച്ചപ്പോൾ അതങ്ങ് വൈറലായി,’ വിനയ് ഫോർട്ട്‌ പറഞ്ഞു.

കുടുംബവുമായി തനിക്കുള്ള ആത്മ ബന്ധത്തെ കുറിച്ചും വിനയ് ഫോർട്ട്‌ സംസാരിച്ചു. ഷൂട്ടിങ് തിരക്കുകൾ കഴിഞ്ഞ് എത്രയും പെട്ടെന്ന് വീട്ടിലേക്ക് വരാനാണ് തനിക്ക് ഇഷ്ടമെന്നും വിനയ് ഫോർട്ട്‌ പറയുന്നു.

‘കുറേ ദിവസത്തെ ഷൂട്ടൊക്കെ കഴിഞ്ഞു വന്നാൽ ഞാൻ ആദ്യം അന്വേഷിക്കുക എന്റെ അമ്മയെയാണ്. വീടെന്ന് പറയുന്നത് തന്നെ നമുക്ക് ഏറ്റവും കംഫർട്ടബിൾ ആയിട്ടുള്ള സ്ഥലമാണ്. വീട്ടിൽ വരുന്ന സമയത്ത് അമ്മയില്ലെങ്കിൽ എനിക്ക് നല്ല പ്രയാസമാണ്. കാരണം അമ്മ എപ്പോഴും വീട്ടിൽ ഉണ്ടാവും. അമ്മയെ കണ്ടില്ലെങ്കിൽ അത് വീടായി ഫീൽ ചെയ്യില്ല.

ജീവിത സാഹചര്യങ്ങൾ മാറിയപ്പോൾ അതിൽ ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇപ്പോൾ എന്റെ മകൻ ഉറങ്ങുന്നതിന് മുൻപ് വീട്ടിൽ എത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ ജോലി സംബന്ധമായ ഒരു കാര്യവും ഞാൻ വീട്ടിലേക്ക് കൊണ്ടുവരാൻ ശ്രമിക്കാറില്ല. വീടെന്ന് പറയുന്നത് ഒരു പ്രൈവറ്റ് സ്പേസ് ആണല്ലോ.

സിനിമയുടെയും പ്രൊമോഷന്റെയുമെല്ലാം ചർച്ചക്കൾക്ക് ഒരുപാടാളുകൾ വരാറുണ്ട്. എല്ലാവരും കൂടെ ഒരുമിച്ചു വീട്ടിലേക്ക് വന്നാൽ ബുദ്ധിമുട്ടാവും. ഒരുപാട് ചർച്ചകൾക്കിടയിൽ ജീവിക്കുന്നൊരാളാണ് ഞാൻ. അതിനു മാത്രമായി എനിക്ക് വേറെയൊരു സ്പേസുണ്ട്. എനിക്കൊരു ഫ്ലാറ്റ് ഉണ്ട്. അവിടെയാണ് ഞാൻ കൂടുതലും ആളുകളുമായി സംസാരിക്കുന്നത്,’ വിനയ് ഫോർട്ട്‌ പറഞ്ഞു.

Content Highlight : Actor Vinay Fortt Talk About His Viral Look

We use cookies to give you the best possible experience. Learn more