| Sunday, 24th September 2023, 8:42 am

കഴിഞ്ഞ ഒരു വർഷമായി റിലീസ് ഉണ്ടായിട്ടില്ല, അതുകൊണ്ട് ചതഞ്ഞ് ഒടിഞ്ഞ് ഒരു മൂലക്കിരിക്കുകയാണ്: വിനയ് ഫോർട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ എട്ടൊമ്പന്തോളം സിനിമകൾ ഈ വർഷം പുറത്തിറങ്ങാനുണ്ടെന്ന് നടൻ വിനയ് ഫോർട്ട്. കഴിഞ്ഞ ഒരു വർഷം തന്റെ സിനിമകൾ റിലീസ് ചെയ്തിട്ടില്ലെന്നും അതുകൊണ്ട് ചതഞ്ഞ് ഒടിഞ്ഞ് ഒരു മൂലക്കിരിക്കുകയാണെന്നും വിനയ് പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എന്റെ ഒരു എട്ട് ,ഒമ്പത് സിനിമകൾ റിലീസാവാനുണ്ട്. ആട്ടം, സോമന്റെ കൃതാവ്, തേർഡ് മർഡർ, വാതിൽ ,കെ.എസ്. ബാവയുടെ പടത്തിൽ ഇപ്പൊ ഷൂട്ടിംഗ് കഴിഞ്ഞു. ഇതൊക്കെ ഞാൻ അഭിനയിച്ച് കഴിഞ്ഞു. കഴിഞ്ഞ ഒരു വർഷമായിട്ട് റിലീസ് ഉണ്ടായിട്ടില്ല. അതുകൊണ്ട് ചതഞ്ഞ് ഒടിഞ്ഞ് ഒരു മൂലക്കിരിക്കുകയാണ്. അപ്പോൾ ഇനി അങ്ങോട്ട് തുടങ്ങുകയാണ്. നമ്മൾ സിനിമ ചെയ്തിട്ട് കാര്യമില്ലല്ലോ അത് ആളുകൾ കാണുക എന്നതാണല്ലോ വലിയ പരിപാടി,’ വിനയ് ഫോർട്ട് പറഞ്ഞു.

പടം എപ്പോൾ ഇറങ്ങുമെന്ന് താൻ പ്രൊഡ്യൂസറിനോടൊന്നും ചോദിക്കാറില്ലെന്നും സിനിമ ഇറങ്ങേണ്ടത് തന്നെപ്പോലെ അവരുടെയും ആവശ്യമാണെന്നും താരം പറഞ്ഞു.

‘അവരെ ഞാൻ ഒട്ടും ബുദ്ധിമുട്ടിക്കാറില്ല. ആ സിനിമ റിലീസ് ആവേണ്ടത് എന്നെപ്പോലെ തന്നെ അവരുടെയും ആവശ്യമാണ്. അവർ ഇത്രയും കോടി ഇൻവെസ്റ്റ് ചെയ്തൊരു സിനിമ എടുത്തിട്ട് റിലീസ് ചെയ്യുന്നില്ല എന്ന് പറയുമ്പോൾ തീർച്ചയായും അതിന് എന്തെങ്കിലും കാരണങ്ങളുണ്ടാകും. ഞാൻ വിളിച്ച് ചോദിക്കാറില്ല, വെയ്റ്റ് ചെയ്യും
ഒരു സിനിമ പൂർണ്ണമായിട്ടും പ്രൊഡ്യൂസറിന്റെ സിനിമയാണ്. പടം എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അധികാരം അദ്ദേഹത്തിനാണ്,’ വിനയ് പറഞ്ഞു.

രോഹിത്ത് നാരായൺ സംവിധാനം ചെയ്യുന്ന സോമന്റെ കൃതാവാണ് വിനയ് ഫോർട്ടിന്റെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. കുട്ടനാട്ടുകാരനായ കൃഷി ഓഫീസറുടെ വേഷത്തിലാണ് വിനയ് ഫോർട്ട് എത്തുന്നത്. കക്ഷി അമ്മിണിപ്പിള്ള സിനിമയിലൂടെ ശ്രദ്ധേയയായ ഫറ ഷിബിലയാണ് വിനയ് ഫോർട്ടിന്റെ നായിക.

Content Highlight :Actor Vinay Fort says that his eighty-nine films are slated for release this year

We use cookies to give you the best possible experience. Learn more