വെബ് സീരീസിലേക്ക് പോയിക്കഴിഞ്ഞാൽ തിരികെ മലയാളത്തിലേക്ക് വരുമ്പോൾ തനിക്ക് നിലനിൽപ് ഉണ്ടാകില്ലെന്ന് നടൻ വിനയ് ഫോർട്ട്. തനിക്ക് നാഷണൽ അറ്റെൻഷൻ കിട്ടിയ മാലിക്കിനും ചുരുളിക്കും ശേഷമാണ് വെബ്‌സീരീസിലേക്ക് വിളിച്ച് തുടങ്ങിയതെന്നും താരം പറഞ്ഞു. മലയാളമാണ് തന്റെ ഭാഷയെന്നും ഇവിടെ എന്തെങ്കിലും ആയിട്ട് മറ്റ് ഭാഷകളിലേക്ക് പോയാൽ പോരെ എന്നുമായിരുന്നു വിനയ് ഫോർട്ടിന്റെ പ്രതികരണം. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘മാലിക്കും ചുരുളിയും നാഷണൽ അറ്റൻഷൻ കിട്ടിയ സിനിമകളാണ്. അതിനുശേഷമാണ് ആളുകൾ നമ്മളെ വെബ് സീരീസിലേക്ക് വിളിച്ച് തുടങ്ങിയത്. ഞാനൊരു കൊമേർഷ്യൽ വൈബ്രിറ്റിയുള്ള ആക്ടർ ആവാത്തിടത്തോളം കാലം, നമ്മൾ ഇവിടെ നിന്ന് പോയിക്കഴിഞ്ഞാൽ ചിലപ്പോൾ അതിന് നാഷണൽ അറ്റൻഷൻ ഒക്കെ കിട്ടും. തിരികെ വരുമ്പോൾ കഞ്ഞിയും പയറും ഉണ്ടാകില്ല.
മലയാളമാണ് എൻറെ ഭാഷ. ഞാൻ ചിന്തിക്കുന്ന സ്വപ്നം കാണുന്ന എന്റെ എല്ലാമെല്ലാമാണ് മലയാളം ഭാഷ. മലയാളം സിനിമ എന്ന് പറയുന്നതാണ് നമ്മുടെ അമ്മ. ഇവിടെ കാര്യങ്ങൾ സെറ്റായിട്ട് ബാക്കിയുള്ള പരിപാടികൾ നോക്കിയാൽ പോരെ. അതിനുശേഷം ചിക്കൻ ബിരിയാണി കഴിക്കാൻ പോകാം.’ വിനയ് ഫോർട്ട് പറഞ്ഞു.
ഹിന്ദി വെബ് സീരീസുകളിൽ എല്ലാ റീജിയനിൽ നിന്നും അഭിനേതാക്കൾ കാസ്റ്റ് ചെയ്യാറുണ്ടെന്നും അത് വഴി എല്ലാ റീജിയനിലേക്കും വ്യൂവെർഷിപ്പ് കിട്ടുമെന്നും വിനയ് പറഞ്ഞു.
‘ഞാൻ മനസ്സിലാക്കിയേടത്തോളം അവർ എല്ലാ റീജിയനിൽ നിന്നും ആക്‌ടേഴ്‌സിനെ കാസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. അപ്പോൾ ഈ റീജിയനിലുള്ള വ്യൂവെർഷിപ്പ് കിട്ടും. അങ്ങനെയുള്ള കോൾസ് വന്ന് തുടങ്ങിയിട്ടുണ്ട്,’ വിനയ് ഫോർട്ട് പറഞ്ഞു.
വെബ് സീരീസുകളിൽ അഭിനയിക്കുകയാണെങ്കിൽ സൗത്ത് ഇന്ത്യൻ കഥാപാത്രമായിട്ടേ അഭിനയിക്കുകയുള്ളു എന്ന് വിനയ് ഫോർട്ട് പറഞ്ഞു. ഒരു ഡയലോഗ് പറയുമ്പോൾ മറ്റുള്ളവർക്ക് അത് ഉൾകൊള്ളാൻ കഴിയുന്ന തരത്തിലായിരിക്കണം അല്ലാതെ ലൈൻ പഠിച്ച് പറയാൻ എല്ലാവർക്കും പറ്റുമെന്നും അതിനാൽ സൗത്ത് ഇന്ത്യൻ കഥാപാത്രത്തിലെ താൻ അഭിനയിക്കുകയുള്ളു എന്നും താരം കൂട്ടിച്ചേർത്തു.
രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന സോമന്റെ കൃതാവാണ് വിനയ് ഫോർട്ടിന്റെ പുറത്തിറങ്ങാൻ ഇരിക്കുന്ന അടുത്ത ചിത്രം. കുട്ടനാട്ടുകാരനായ കൃഷി ഓഫീസറായിട്ടാണ് വിനയ് ഫോർട്ട് അഭിനയിക്കുന്നത്. കക്ഷി അമ്മിണിപിള്ള സിനിമയിലൂടെ ശ്രദ്ധേയയായ ഫറ ഷിബിലിയാണ് വിനയ് ഫോർട്ടിന്റെ നായിക.
Content Highlight: Actor Vinay Fort says that he will not survive when he comes back to Malayalam after going to web series