മാലിക്കിനായി തനിക്ക് വന്ന വലിയ ഓഫറുകള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. ആ സമയത്ത് തന്നെ സംവിധായകരായ നെല്‍സന്റേയും മുരുഗദോസിന്റെയും സിനിമയിലേക്ക് വിളിച്ചിരുന്നുവെന്നും എന്നാല്‍ പോവാനായില്ലെന്നും സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് പറഞ്ഞു.
‘മാലിക്കില്‍ അഭിനയിക്കുമ്പോഴാണ് എനിക്ക് ഏറ്റവും വലിയ നഷ്ടം സംഭവിച്ചത്. മഹേഷേട്ടന്റെ സിനിമയില്‍ ഫഹദിനെ പോലെ ഒരു പാന്‍ ഇന്ത്യന്‍ സ്റ്റാറിന് ഒപ്പമുള്ള കഥാപാത്രം എന്നെ വിശ്വസിച്ച് ഏല്‍പിച്ചു. ജീവിതത്തിന്റെ ഒരു നാലഞ്ച് മാസം ആ സിനിമക്ക് നല്‍കണം.
എന്നെ പുറത്തുള്ള സിനിമകളിലേക്ക് വിളിക്കാറുണ്ട്. മുരുഗദോസിന്റെ സിനിമയിലേക്ക് വിളിച്ചിട്ടുണ്ട്. നെല്‍സന്റെ സിനിമയിലേക്ക് വിളിച്ചിട്ടുണ്ട്. ഇത് മുഴുവനും വലിയ താരങ്ങളുടെ പടമാണ്. 20 ദിവസമേ ഷൂട്ടുണ്ടാവുകയുള്ളൂ. മാലിക്കിനായി അഞ്ച് മാസം ലോക്കായതുകൊണ്ട് അതൊന്നും ചെയ്യില്ല. എന്നിട്ടാണ് മാലിക് ചെയ്തത്.
അത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമായിരുന്നു. പ്രതീക്ഷയുള്ള സിനിമയായിരുന്നു. പക്ഷേ സാഹചര്യങ്ങള്‍ കൊണ്ട് അത് ഒ.ടി.ടിയില്‍ വന്നു. ഒ.ടി.ടിയില്‍ വന്നാല്‍ നടന്മാര്‍ക്ക് വലിയ വാല്യു ഒന്നുമില്ല, പ്രത്യേകിച്ച് എന്നെപോലെയുള്ള ആളുകള്‍ക്ക്. നേരത്തെ തന്നെ സ്റ്റാറായ ഫഹദിന് അത് ഗുണം ചെയ്തു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.
സോമന്റെ കൃതാവാണ് ഒടുവില്‍ റിലീസ് ചെയ്ത വിനയ് ഫോര്‍ട്ടിന്റെ ചിത്രം. ഫറ ഷിബ്‌ലയാണ് ചിത്രത്തില്‍ നായികയായത്. രോഹിത് നാരായണന്‍ ആണ് സംവിധാനം. ബിപിന്‍ ചന്ദ്രന്‍ തിരക്കഥയെഴുതിയ ചിത്രത്തില്‍ മനു ജോസഫ്, ജയന്‍ ചേര്‍ത്തല, നിയാസ് നര്‍മകല, സീമ ജി. നായര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: Actor Vinay Fort says he has rejected big offers for Malik