സോമന്റെ കൃതാവിലെ സോമൻ എന്ന കഥാപാത്രം തന്റെ കസിൻ രഞ്ജിത്താണെന്ന് നടൻ വിനയ് ഫോർട്ട്. ചിത്രത്തിന്റെ കഥ എഴുതിയത് രഞ്ജിത്ത് ആണെന്നും അതുകൊണ്ട് തനിക്ക് സോമൻ എന്ന കഥാപാത്രം ചെയ്യാൻ എളുപ്പമായിരുന്നെന്നും വിനയ് ഫോർട്ട് പറഞ്ഞു. രഞ്ജിത്ത് വാശിയൊക്കെയുള്ള പരോപകാരിയായ ഒരു മനുഷ്യനാണെന്നും സോമൻ എന്ന കഥാപാത്രത്തിന്റെ 50 ശതമാനവും രഞ്ജിത്തുമായി സാമ്യമുണ്ടെന്നും താരം പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിനയ് ഫോർട്ട്.
‘സോമൻ്റെ കൃതാവ് എൻ്റെ അളിയൻ എഴുതിയതാണ്. എന്റെ ഫസ്റ്റ് കസിന്റെ ഭർത്താവാണ്. രഞ്ജിത്ത് ഹരിദാസ് എന്നാണ് പേര്. കുസാറ്റിലെ ജീവനക്കാരനാണ് . പുള്ളി മൾട്ടി ടാലന്റഡ് ആയിട്ടുള്ള ആളാണ്. മിമിക്രി കാണിക്കും, പാടും, വരക്കുകയുമൊക്കെ ചെയ്യും.അഞ്ചാറു വർഷങ്ങൾക്കു മുമ്പ് പുള്ളി തിരക്കഥ എഴുതിയിരുന്നു. അത് ഏറ്റവും ആദ്യം കേട്ട ഒരാൾ ഞാനാണ്. ആ കഥാപാത്രം ഞാനാണ് ചെയ്യുക എന്നത് വിചാരിച്ചിരുന്നില്ല. പക്ഷേ എന്തൊക്കെയോ കൊണ്ട് അത് അങ്ങനെ സംഭവിച്ചു. അതുകൊണ്ട് എനിക്ക് അഭിനയിക്കുമ്പോൾ സുഖമായിരുന്നു. ഇതിലെ സോമന്റെ 50 ശതമാനം ഈ രഞ്ജിത്ത് തന്നെയാണ്. രഞ്ജിത്തിന് കൃതാവില്ല പക്ഷേ ജീവിത രീതിയെല്ലാം അതുപോലെയാണ്.
രഞ്ജിത്തിന്റെ മക്കൾ പൊറാട്ടയും ഇറച്ചിയും തിന്നുന്നതിനോട് അവന് വലിയ താൽപര്യമില്ല. എന്നാൽ എന്റെ ആൻറിയും മാമനും ഭൂലോക ജങ്കൂസ് ആണ്. നല്ല ഫുഡിയാണ്. ആൻറി അത്രയില്ല എന്നാൽ മാമൻ 70 വയസൊക്കെയായി, എന്നാലും എപ്പോഴും കഴിച്ചുകൊണ്ടിരിക്കും. രഞ്ജിത്ത് അത്ര കംഫർട്ടബിൾ അല്ല ഇവരുടെ വീട്ടിലേക്ക് മക്കളെ വിടാൻ. മക്കൾ പോയി കഴിഞ്ഞാൽ എണ്ണപ്പലഹാരങ്ങൾ ഒക്കെ കഴിക്കും എന്നുള്ളതുകൊണ്ടാണ്.
ഇപ്പോൾ രഞ്ജിത്തിന്റെ വിശ്വാസങ്ങൾക്കെതിരെയുള്ള ഒരു പരിപാടി ആണെങ്കിൽ ആരൊക്കെ വന്ന് കഴിഞ്ഞാലും അവൻ അതിന് എതിർത്തു നിൽക്കും. അതേസമയം ഭയങ്കര പരോപകാരിയാണ്. ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല മനുഷ്യരിൽ ഒരാളാണ്. ആർക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും രഞ്ജിത്തിനെ വിളിക്കാം. എതിരെ ആര് നിന്നാലും രഞ്ജിത്ത് നമ്മുടെ കൂടെ ഉറച്ചുനിൽക്കും,’ വിനയ് ഫോർട്ട് പറഞ്ഞു.
രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സോമന്റെ കൃതാവ്. വിനയ് ഫോർട്ടാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം ചെയ്യുന്നത്. ഫറ ഷിബില, സീമ ജി.നായരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒക്ടോബർ 6നാണ് ചിത്രം തിയേറ്ററിലേക്കെത്തുക.
Content Highlight: Actor Vinay Fort said that the character of Soman in Soman’s Kritaav is his cousin Ranjith