ചുരുളി കണ്ടിട്ട് ഒരു ബോളിവുഡ് താരം എനിക്ക് മെസേജ് അയച്ചിരുന്നു, ആക്‌ടേഴ്‌സിന്റെ ഇടയിൽ അത്രയ്ക്ക് ഫാൻ ബേസുള്ള ആളാണ് ലിജോ ചേട്ടൻ: വിനയ് ഫോർട്ട്
Film News
ചുരുളി കണ്ടിട്ട് ഒരു ബോളിവുഡ് താരം എനിക്ക് മെസേജ് അയച്ചിരുന്നു, ആക്‌ടേഴ്‌സിന്റെ ഇടയിൽ അത്രയ്ക്ക് ഫാൻ ബേസുള്ള ആളാണ് ലിജോ ചേട്ടൻ: വിനയ് ഫോർട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th September 2023, 8:47 am

ചുരുളി കണ്ടതിന് ശേഷം ബോളിവുഡ് താരം രാജ്‌കുമാർ റാവു തനിക്ക് മെസ്സേജ് അയച്ചിരുന്നെന്ന് നടൻ വിനയ് ഫോർട്ട്. ലിജോ ജോസ് പെല്ലിശേരിയോട് തന്നെ വെച്ച് പടം ചെയ്യാനാണ് മെസേജ് അയച്ചതെന്നും വിനയ് ഫോർട്ട് പറഞ്ഞു. നടന്മാരുടെ ഇടയിൽ അത്രയ്ക്ക് ഫാൻ ബേസുള്ള ഒരാളാണ് ലിജോ ജോസ് എന്നും താരം കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിനയ് ഫോർട്ട്.

‘രാജ്കുമാർ റാവു എനിക്ക് ചുരുളി കണ്ടിട്ട് മെസേജ് അയച്ചിരുന്നു. ‘ലിജോ ചേട്ടനോട് പറ രാജ്‌കുമാറിനെ വെച്ച് പടം ചെയ്യാൻ’ എന്നാണ് അദ്ദേഹം പറഞ്ഞത്. പുള്ളി എന്റെ സീനിയറായിരുന്നു. ആക്‌ടേഴ്‌സിന്റെ ഇടയിൽ അത്രയ്ക്ക് ഫാൻ ബേസുള്ള ഒരാളാണ് ലിജോ ചേട്ടൻ.

അതുകൊണ്ടുതന്നെ ലിജോ ചേട്ടനെ സംബന്ധിച്ച് ചുരുളിയിൽ ആരെ വേണമെങ്കിലും കാസ്റ്റ് ചെയ്യാം. പക്ഷെ എന്തുകൊണ്ട് എന്നെ എടുത്തു എന്നത് ഞാൻ അദ്ദേഹത്തോട് ചോദിച്ചിട്ടുമില്ല. പക്ഷെ ഞാൻ വിശ്വസിക്കുന്നത് ചെമ്പൻ ചേട്ടന്റെ അതോറിറ്റിയും അവരുടെ ഇടയിലുള്ള സ്പേസും സൗഹൃദവുമാണ് അതിന് കാരണമായതെന്നാണ്. ചുരുളിയുടെ പ്രൊഡ്യൂസർ ചെമ്പൻ ചേട്ടനായിരുന്നല്ലോ.

തമാശ കണ്ടതിന് ശേഷം ലിജോ ചേട്ടൻ എന്നെ വിളിച്ചിരുന്നു. ‘നീ ചെയ്തത് അത്ര എളുപ്പമല്ല, അത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്, അത് ചെയ്തത് വളരെ നന്നായിട്ടുണ്ട്’ എന്നൊക്കെ പറഞ്ഞ് പുള്ളി എന്നെ അഭിനന്ദിച്ചു.

അപ്പോൾ ചേട്ടനോട് ചോദിക്കണമെന്നുണ്ട് ‘എന്നെക്കൂടെ സിനിമയിൽ എടുക്കണേ എന്ന്’ . പക്ഷെ ഞാൻ ചോദിച്ചില്ല. ‘നല്ല പരിപാടി വന്നാൽ നമുക്ക് പിടിക്കാമെന്ന്’ ലിജോ ചേട്ടൻ എന്നോട് പറഞ്ഞു.
‘ഞാൻ ഒരു ഫാൻ ബോയ് എന്ന തരത്തിൽ നിങ്ങളുടെ പ്രൈവസിയിലേക്ക് കയറാതെ നിങ്ങളെ വെറുപ്പിക്കാതിരിക്കുകയാണ്, നടൻ എന്ന നിലയിൽ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് നിങ്ങളുടെ പടത്തിൽ അഭിനയിക്കുക എന്നത് ‘ എന്നൊക്കെ ഞാൻ ചേട്ടനോട് പറഞ്ഞു. അപ്പോഴും പ്രധാന വേഷം വേണമെന്ന് ഞാൻ പറഞ്ഞിട്ടില്ല. പക്ഷെ ചുരുളിയിൽ പ്രധാന വേഷം ചെയ്യാൻ പറ്റുക എന്ന് പറഞ്ഞാൽ വലിയൊരു കാര്യമാണ്. ഇനി എന്റെ ലൈഫിൽ അങ്ങനെയൊരു ഭാഗ്യം ഉണ്ടാകുമോ എന്നറിയില്ല.

രാജ്കുമാർ റാവുവിന്റെ ചാറ്റ് എടുത്തിട്ട് ഞാൻ ചെമ്പൻ ചേട്ടന് അയച്ചു കൊടുത്തു. ലിജോ ചേട്ടനോട് നമ്മൾ എപ്പോഴും കുറച്ച് ഡിസ്റ്റൻസ് ഇടും. എന്നാൽ ചേട്ടൻ ഭയങ്കര ലവിങ് ആയിട്ടുള്ള ആളാണ്. പക്ഷെ സിനിമയൊക്കെ തുടങ്ങി കഴിഞ്ഞാൽ പുള്ളി സംസാരിക്കുകയില്ല,’ വിനയ് ഫോർട്ട് പറഞ്ഞു.

Content Hghlight:  Actor Vinay Fort claims that Bollywood star Rajkumar Rao sent him a message after seeing Churuli