| Tuesday, 6th December 2022, 11:16 am

ആ സിനിമ അവര്‍ക്കൊക്കെ വലിയ ബ്രേക്കായി, പക്ഷേ ആ ഗ്രൂപ്പില്‍ ഞാന്‍ ഉണ്ടായിരുന്നില്ല: വിനയ് ഫോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ തനിക്ക് ശത്രുക്കള്‍ ഇല്ലെന്നും എന്നാല്‍ ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമല്ലാത്തത് അവസരങ്ങള്‍ കുറയ്ക്കുന്നുണ്ടെന്നും നടന്‍ വിനയ് ഫോര്‍ട്ട്. തന്നെ സംബന്ധിച്ച് ആദ്യത്തെ സിനിമ കുറച്ച് കൂടി എളുപ്പമായിരുന്നെന്നും എന്നാല്‍ അതിന് ശേഷം അവസരങ്ങള്‍ കിട്ടാന്‍ വലിയ സ്ട്രഗിള്‍ തന്നെ വേണ്ടി വരുന്നുണ്ടെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനയ് ഫോര്‍ട്ട്.

‘ എന്നെ സംബന്ധിച്ച് ആദ്യത്തെ സിനിമ കുറച്ച് കൂടി എളുപ്പമായിരുന്നു. ഇന്ന് സ്ട്രഗിള്‍ കൂടിയിട്ടേയുള്ളൂ. സ്ട്രഗിള്‍ അവസാനിച്ചിട്ടില്ല. പ്രധാനപ്പെട്ട ചില സിനിമകളിലേക്ക് എത്താന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നിട്ടുണ്ട്. എന്റെ കരിയര്‍ എടുത്തു നോക്കിയാല്‍ ഋതു, അപൂര്‍വരാഗം, ഷട്ടര്‍, പ്രേമം ഇതിന്റെയൊക്കെ ഇടയില്‍ വര്‍ഷങ്ങളുടെ അകലമുണ്ട്.

സിനിമ എന്നത് അത്രയും കോംപറ്റീറ്റീവ് ആയ ഫീല്‍ഡ് ആണ്. 95 ശതമാനം പേര്‍ക്കും സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ അതിന് സാധിക്കുന്നത് വെറും ഒരു ശതമാനത്തിന് മാത്രമാണ്. ഞാന്‍ ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ സര്‍വൈവ് ചെയ്യുന്ന ആളാണ്. സിനിമയില്‍ അഭിനയിക്കുക എന്നത് എന്റെ മാത്രം ആവശ്യമാണ്. സിനിമയില്‍ എനിക്കൊരു ഗോഡ്ഫാദര്‍ ഇല്ല, ഒരു ഗ്രൂപ്പില്ല, അല്ലെങ്കില്‍ വളരെ ശക്തനായ സംവിധായകന്റെ സുഹൃത്തോ ഒന്നുമല്ല. ഒരു ഗ്രൂപ്പിന്റെ ഭാഗമായ ആളല്ല ഞാന്‍, വിനയ് ഫോര്‍ട്ട് പറഞ്ഞു.

മലയാള സിനിമയില്‍ നിലനില്‍ക്കാന്‍ ഗോഡ്ഫാദര്‍മാര്‍ ആരെങ്കിലും വേണമെന്നുണ്ടോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ ഭാഗമാകണമെന്ന് നിര്‍ബന്ധമുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാണ് എന്നായിരുന്നു വിനയ് ഫോര്‍ട്ടിന്റെ മറുപടി.

നമ്മളെപ്പോലെ സാധാരണ ടാലന്റ് ഉള്ള ആളുകള്‍ വലിയ സിനിമകള്‍ ചെയ്യുന്നുണ്ട്. എപ്പോഴും അവസരങ്ങളും പോപ്പുലാരിറ്റിയും കിട്ടുന്നത്, അല്ലെങ്കില്‍ ഗംഭീര സിനിമകളും വേഷങ്ങളും കിട്ടുന്നത് അവര്‍ക്കാണ്. എന്നെപ്പോലെ ഒരാള്‍ക്ക് നല്ലൊരു വേഷം കിട്ടുക എന്നൊക്കെ പറയുന്നത് എളുപ്പമല്ല. തീര്‍ച്ചയായും ഹാര്‍ഡ് വര്‍ക്ക് വേണം. എന്റെ കാര്യത്തില്‍ ഞാന്‍ പാഷനേറ്റും ഹാര്‍ഡ് വര്‍ക്കിങ്ങുമായ ആളാണ്. പക്ഷേ ഭയങ്കര ടാലന്റഡ് ആയിട്ടുള്ള ആളാണെന്ന അഭിപ്രായമൊന്നും എനിക്കില്ല.

അപ്പോള്‍ എന്നെ സംബന്ധിച്ച് നല്ല റോള്‍ കിട്ടുക എന്നത് എക്‌സ്ട്രീമിലി ടഫാണ്. സാമ്പത്തിക വിജയമാണ് ഒരു സിനിമയുടെ അടിസ്ഥാനം. നിങ്ങള്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച സിനിമയുടെ സാമ്പത്തിക വിജയമാണ് ഒരു നടന്റെ വളര്‍ച്ചയുടെ അടിസ്ഥാനം.

ഗ്രൂപ്പില്ലാത്ത ഒരാള്‍ക്ക്, ഗോഡ് ഫാദര്‍ ഇല്ലാത്ത ഒരാള്‍ക്ക് അത് ഇംപോസിബിള്‍ അല്ല, പക്ഷേ ഭയങ്കര ടഫാണ്. ഞാന്‍ ആ കൂട്ടത്തില്‍പ്പെട്ട ആളാണ്. ഗ്രൂപ്പില്ലാതിരിക്കുന്നത് പരിമിതി ആയിരിക്കാം. ഒരു നടന് വേണ്ട തരത്തില്‍ പി.ആര്‍ നടത്തുന്നില്ല. അല്ലെങ്കില്‍ ആളുകളിലേക്ക് എത്തുന്നുണ്ടാവില്ല.

എനിക്ക് സിനിമയില്‍ ശത്രുക്കളില്ല. 60 ഓളം സിനിമകളില്‍ ഞാന്‍ വര്‍ക്ക് ചെയ്തു. അതില്‍ ഒന്നില്‍ പോലും ഞാന്‍ കാരണം ഷൂട്ട് വൈകിയിട്ടില്ല. വഴക്കുണ്ടാക്കിയിട്ടില്ല. എനിക്ക് സിനിമയില്‍ സൗഹൃദങ്ങള്‍ ഉണ്ട്. പക്ഷേ ഞാന്‍ പറയുന്നത് ഒരു ബെസ്റ്റ് ഫ്രണ്ട് ലീഗുണ്ടല്ലോ. അതില്ലെന്നാണ്. ഈയടുത്ത് ഇറങ്ങിയ ഒരു സിനിമ ഭയങ്കര ഹിറ്റായിരുന്നു. അതില്‍ എന്നെപ്പോലെ വര്‍ക്ക് ചെയ്യുന്ന, സ്റ്റാറല്ലാത്ത കുറച്ച് ആക്ടേഴ്‌സ് ഉണ്ടായിരുന്നു.

ആ സിനിമ അവര്‍ക്കൊക്കെ ഭയങ്കര ബ്രേക്കായി. അവരൊക്കെ ഒരു ഗ്രൂപ്പില്‍ നില്‍ക്കുന്ന ആളാണ്. ഞാന്‍ ആ ഗ്രൂപ്പില്‍ ഇല്ല. ഞാന്‍ ഉണ്ടായിരുന്നെങ്കില്‍ കുറച്ചു കൂടി മികച്ച സിനിമകളിലേക്ക് എത്താന്‍ അത് സഹായിച്ചേനെ, വിനയ് ഫോര്‍ട്ട് പറഞ്ഞു.

Content Highlight: Actor Vinay Forrt About the struggles he faced on film Industry

We use cookies to give you the best possible experience. Learn more