| Monday, 3rd October 2022, 2:29 pm

എന്നെ എജ്യുക്കേറ്റ് ചെയ്ത വ്യക്തി എന്റെ ഭാര്യ, അവള്‍ ഫെമിനിസ്റ്റും കമ്യൂണിസ്റ്റും എത്തിസ്റ്റുമാണ്: വിനയ് ഫോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായ നടനാണ് വിനയ് ഫോര്‍ട്ട്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് വിനയ് സിനിമയിലേക്കെത്തിയത്. തമാശ, ഉണ്ട, ചുരുളി തുടങ്ങിയ സിനിമകളിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ വിനയ് മലയാളികള്‍ക്ക് പ്രിയങ്കരനാണ്.

തന്റെ ഭാര്യ സൗമ്യയെക്കുറിച്ചും അവരുടെ രാഷ്ട്രിയത്തെക്കുറിച്ചും സംസാരിക്കുകയാണ് വിനയ് ഫോര്‍ട്ട്. കല്ല്യാണം കഴിക്കുന്നത് വരെ എന്തിനാണ് ഫെമിനിസം, ഹ്യൂമനിസം അല്ലെ വേണ്ടതെന്നായിരുന്നു തന്റെ ധാരണയെന്ന് വിനയ് പറഞ്ഞു.

അയാം വിത്ത് ധന്യാ വര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് സൗമ്യയെക്കുറിച്ചും അവരുടെ ഇടപെടല്‍ കൊണ്ട് തനിക്ക് ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും വിനയ് പങ്കുവെച്ചത്.

”സമൂഹത്തില്‍ പുരുഷനും സ്ത്രീയും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്ന് കല്ല്യാണം കഴിക്കുന്നത് വരെ എനിക്ക് മനസിലായിട്ടില്ലായിരുന്നു. ഞാന്‍ പലപ്പോഴും ആലോചിക്കും എന്താണ് ഫെമിനിസമെന്ന്.

ഞാന്‍ ഒരു ഹ്യൂമനിസ്റ്റാണ്. മനുഷ്യരില്‍ മാത്രം വിശ്വസിക്കുന്ന വ്യക്തിയാണ്. എന്തിനാണ് സ്ത്രികള്‍ ഫെമിനിസം പറയുന്നതെന്ന് പോലും ചിന്തിച്ചിട്ടുണ്ടായിരുന്നു. സ്ത്രീകള്‍ക്ക് കുറേ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പറയുമ്പോളും എനിക്ക് അതിനെക്കുറിച്ച് ധാരണയില്ലായിരുന്നു.

അതിനെക്കുറിച്ചെല്ലാം എന്നെ പഠിപ്പിച്ചത് എന്റെ ഭാര്യയാണ്. എന്റെ വീട്ടില്‍ അമ്മയും ചേച്ചിയുമുണ്ട് പക്ഷേ കല്ല്യാണ ശേഷമാണ് എനിക്ക് സ്ത്രീകളുടെ ബുദ്ധിമുട്ടുകള്‍ മനസിലായത്. എന്തൊക്കെ ബുദ്ധിമുട്ടുകള്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്നുണ്ടെന്ന് എന്റെ മുഖത്ത് നോക്കി സൗമ്യ പറഞ്ഞ് തന്നു.

അതായത് ഒരു സ്ത്രീയുടെ ജീവിതമെന്താണെന്നും അവള്‍ സമൂഹത്തില്‍ നിന്നും ഏതൊക്കെ രീതിയിലാണ് പ്രശ്‌നങ്ങള്‍ നേരിടുന്നതെന്നും കൃത്യമായി അവള്‍ പറഞ്ഞു. ബസില്‍ പോകുമ്പോഴായാലും രാത്രി 7മണിക്ക് ശേഷം റോഡിലൂടെ നടന്നുപോകുമ്പോഴായാലും എന്തൊക്കെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്ന് അവളെനിക്ക് ബോധ്യപ്പെടുത്തി തന്നു എന്ന് പറയാനാണ് എനിക്ക് ഇഷ്ടം.

ഞാനൊക്കെ സുഖമായി സിനിമ കാണുന്ന തിയേറ്ററുകളില്‍ നിന്നെല്ലാം അവര്‍ നേരിടുന്ന ദുര്‍ഘടമായ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് അവള്‍ എന്റെ മുഖത്ത് നോക്കി പറഞ്ഞു. എന്റെ ഭാര്യ ഫെമിനിസ്റ്റാണ്, കമ്യൂണിസ്റ്റാണ് കൂടാതെ എത്തിസ്റ്റുമാണ്.

സൗമ്യ എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കും. അവള്‍ എല്ലാം വളരെ ലിറ്ററലായി എനിക്ക് പറഞ്ഞ് തരും. ഞാന്‍ ഈ പ്രായത്തിലും അവളില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയാണ്. പ്രത്യോകിച്ച് ഒരു സ്ത്രിയോടെയെങ്ങനെ പെരുമാറണമെന്ന് വരെ. എന്നാല്‍ ഇത് മുഴുവന്‍ എന്നെ പഠിപ്പിച്ച് ഒരു തരത്തില്‍ എന്നെ എജ്യുക്കേറ്റ് ചെയ്ത വ്യക്തിയാണ് സൗമ്യ,” വിനയ് ഫോര്‍ട്ട് പറഞ്ഞു.

Content Highlight: Actor Vinay forrt about his wife soumya

We use cookies to give you the best possible experience. Learn more