ഈ ലുക്ക് തന്നെ തുടരേണ്ടി വരും, വേറെ നിവൃത്തിയില്ല; വൈറല്‍ ലുക്കിനെ കുറിച്ച് വിനയ് ഫോര്‍ട്ട്
Movie Day
ഈ ലുക്ക് തന്നെ തുടരേണ്ടി വരും, വേറെ നിവൃത്തിയില്ല; വൈറല്‍ ലുക്കിനെ കുറിച്ച് വിനയ് ഫോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd August 2023, 2:20 pm

 

രാമചന്ദ്ര ബോസ് & കോയുടെ ട്രെയ്‌ലര്‍ റിലീസിങ് വേദിയില്‍ എത്തിയ നടന്‍ വിനയ് ഫോര്‍ട്ടിന്റെ ലുക്ക് ഇന്നലെ വൈറലായിരുന്നു. ട്രിം ചെയ്ത നിലയിലുള്ള മീശയും വിനയുടെ ഗെറ്റപ്പും അന്തംവിട്ടുള്ള വിനയ് ഫോര്‍ട്ടിന്റെ ഇരുത്തവുമെല്ലാം നിമിഷങ്ങള്‍ക്കകം വൈറലായി.

എന്തുകൊണ്ടാണ് ഇങ്ങനെയൊരു ലുക്കില്‍ താന്‍ സിനിമയുടെ പ്രെമോഷന് വേണ്ടി എത്തിയത് എന്ന് പറയുകയാണ് വിനയ് ഫോര്‍ട്ട്. തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു ലുക്കെന്നാണ് താരം പറയുന്നത്.

‘അപ്പന്‍ സിനിമയുടെ സംവിധായകനായ മജുവിന്റെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള ലുക്കാണ് ഇത്. ആ സിനിമയില്‍ ഞാന്‍ അഭനയിച്ചുകൊണ്ടിരിക്കുകയാണ്. ഭയങ്കര ഇന്‍ട്രസ്റ്റിങ് ആയിട്ടുള്ള സിനിമയാണ്. ഇന്ററസ്റ്റിങ് ആയിട്ടുള്ള കഥാപാത്രവുമാണ്.

അതുകൊണ്ടാണ് ഈ കോലത്തില്‍ എത്തിയത്. ഞാന്‍ ഒരുപാട് പറഞ്ഞുനോക്കി, ഇത് വടിച്ചിട്ട് വെപ്പുമീശ വെക്കാം എന്നൊക്കെ. പക്ഷേ പുള്ളി സമ്മതിച്ചില്ല. എന്റെ അടുത്ത സുഹൃത്തായതുകൊണ്ട് വേറെ നിവൃത്തിയുമില്ല. സിനിമ സെപ്റ്റംബര്‍ പകുതിയാകും കഴിയാം. അതുവരെ ഈ രൂപത്തില്‍ തന്നെ നടക്കേണ്ടി വരും. ഒന്നും ചെയ്യാന്‍ പറ്റില്ല,’ എന്നായിരുന്നു വിനയ് ഫോര്‍ട്ടിന്റെ മറുപടി.

തന്റെ വൈറല്‍ ലുക്കിന്റെ ചില ട്രോളുകള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ വിനയ് ഫോര്‍ട്ട് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

തിളക്കം സിനിമയില്‍ പാന്റിടാതെ വഴിവക്കില്‍ നില്‍ക്കുന്ന ഹരിശ്രീ അശോകന്റെ മുഖത്തിന് പകരം വിനയ് ഫോര്‍ട്ടിന്റെ മുഖം ഫിറ്റ് ചെയ്തതാണ് ഒരു ട്രോള്‍. ഇതുപോലെ സി.ഐ.ഡി മൂസ സിനിമയിലെ ദിലീപിന് പകരമായും മണിച്ചിത്രത്താഴ് സിനിമയില്‍ മാടമ്പള്ളിയില്‍ താക്കോലെടുക്കാന്‍ വന്ന് നാഗവല്ലിയെ കണ്ട് ഭയന്ന് ഓടിരക്ഷപ്പെടുന്ന ഗണേഷിന്റെ മുഖമായും കല്യാണ രാമനിലെ സലീം കുമാറായും കിരീടത്തിലെ സേതുമാധവനായും ഹരിഹര്‍ നഗറിലെ ജഗദീഷിന്റെ കഥാപാത്രമായ അപ്പുക്കുട്ടനായുമൊക്കെ മീമുകളിലൂടെ വിലസുകയാണ് വിനയ് ഫോര്‍ട്ട്.

നടന്‍ അജു വര്‍ഗീസും വിനയ് ഫോര്‍ട്ടിന്റെ പുതിയ ലുക്ക് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ചുവന്ന നിറത്തിലുള്ള ടി ഷര്‍ട്ടും, കൂളിങ് ഗ്ലാസ്സും ഒപ്പം ചാര്‍ലി ചാപ്ലിനെ ഓര്‍മിപ്പിക്കുന്ന മീശയുമാണ് വിനയ് ഫോര്‍ട്ടിന്റെ ഏറ്റവും പുതിയ ലുക്കിന്റെ ഹൈലൈറ്റ്.

ബോസ് & കോ ഒരു കൊളളയുടെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. പ്രവാസി ഹൈസ്റ്റ് എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്.

നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.

Content Highlight: Actor Vinay Forrt about his viral look