| Monday, 7th June 2021, 5:42 pm

കഫെയില്‍ വെയ്റ്ററായി ജോലിയെടുത്തിട്ടുണ്ട്, മെഡിക്കല്‍ ഷോപ്പില്‍ മരുന്നെടുത്തു കൊടുത്തിട്ടുണ്ട്; ജീവിതം പറഞ്ഞു വിനയ് ഫോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ യാതനങ്ങള്‍ സഹിച്ചാണു താന്‍ സിനിമയില്‍ എത്തിയതെന്നു നേരത്തേയും തുറന്നുപറഞ്ഞ നടനാണു വിനയ് ഫോര്‍ട്ട്. സിനിമയില്‍ എത്തി ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും നല്ലൊരു സിനിമയ്ക്കായും നല്ലൊരു വേഷത്തിനായും താന്‍ സ്ട്രഗിള്‍ ചെയ്യുകയാണെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞിരുന്നു.

സിനിമയില്‍ എത്തുന്നതിനു മുന്‍പ് സ്വന്തം നിലയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തു പണം കണ്ടെത്തിയാണു പഠനം മുന്നോട്ടു കൊണ്ടുപോയതെന്നു കഴിഞ്ഞ ദിവസം ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ വിനയ് ഫോര്‍ട്ട് പറഞ്ഞിരുന്നു.

പത്താം ക്ലാസിന് ശേഷം താനോ ചേട്ടനോ ചേച്ചിയോ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് അച്ഛനമ്മമാരെ ആശ്രയിച്ചിട്ടില്ലെന്നും വിനയ് പറയുന്നു.

സാമ്പത്തിക ഭദ്രതയുള്ള വ്യക്തിയായിരുന്നില്ല താന്‍. പാര്‍ട്ട് ടൈം ജോലികള്‍ ചെയ്തിട്ടുണ്ട്. മെഡിക്കല്‍ ഷോപ്പില്‍ മരുന്നെടുത്തു കൊടുത്തിട്ടുണ്ട്. ഡോര്‍ ടു ഡോര്‍ മാര്‍ക്കറ്റിങ് ചെയ്തിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയിലെ കഫെയില്‍ വെയ്റ്ററായി ജോലിയെടുത്തിട്ടുണ്ട്. അന്ന് തനിക്ക് ലഭിച്ച അനുഭവ സമ്പത്താണ് ഇന്ന് താന്‍ സിനിമയില്‍ നിന്നും നേടുന്നതെന്നും വിനയ് ചര്‍ച്ചയില്‍ പറഞ്ഞു.

ജീവിതത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള പരക്കം പാച്ചിലിനിടയില്‍ ജീവിക്കാന്‍ മറന്നുപോകരുതെന്നും വിനയ് പറയുന്നു.

അവഗണിക്കപ്പെടുന്നവനും അല്ലെങ്കില്‍ വളരെ ദു:ഖകരമായ ഇമോഷന്‍സ് സീനും മറ്റും അഭിനയിക്കേണ്ടി വരുമ്പോള്‍ താന്‍ റിലേറ്റ് ചെയ്യുന്നത് തന്റെ ജീവിതത്തിലുണ്ടായിട്ടുള്ള ഈ സ്ട്രഗിളിനോടാണെന്നും വിനയ് നേരത്തെ പറഞ്ഞിരുന്നു.

‘ഞാന്‍ ഭയങ്കരമായി സ്ട്രഗിള്‍ ചെയ്തിട്ടുണ്ടെന്നു പറഞ്ഞാലും ഞാനതൊന്നും സ്ട്രഗിളായി കണക്കുകൂട്ടിയിട്ടില്ല. പലരും സ്ട്രഗിള്‍ ചെയ്തിട്ടുള്ള കാര്യം എന്നോടു പറയാറുണ്ട്. അതൊക്കെ കേള്‍ക്കുമ്പോള്‍ അവരിലെല്ലാം കൂടുതലായി സ്ട്രഗിള്‍ ചെയ്തിട്ടുള്ളതു ഞാനാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതെല്ലാം ജീവിതത്തിന്റെ ഒരു ഭാഗമാണെന്നു തോന്നാറുണ്ട്. ഈ പറയുന്ന സ്ട്രഗിളാണ് ഇന്നിപ്പോള്‍ സിനിമയിലെ ഒരു സീന്‍ വരുമ്പോള്‍ ഞാന്‍ റിലേറ്റു ചെയ്യുന്നത്. അവഗണനയും ഒഴിവാക്കലുമൊക്കെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അതൊക്കെയാണ് ഞാനിപ്പോള്‍ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഞാന്‍ ഈ ലോകത്തിലെ ഒരു ചെറിയ സാധാരണക്കാരനായ മനുഷ്യനാണ്. ഞാനിപ്പോള്‍ എന്റെ ജീവിതത്തില്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും എന്റെ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ്. എന്നാല്‍ സില്‍വര്‍ സ്പൂണുമായി ജനിച്ചവര്‍ക്കൊക്കെ ഇത്തരം ജീവിതാനുഭവങ്ങളുമായി റിലേറ്റ് ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യം തനിക്കറിയില്ലെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞിരുന്നു.

മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രത്തില്‍ ആഘോഷ് കുമാര്‍ എന്ന പൊങ്ങച്ചക്കാരനായ സിനിമാ നടന്റെ വേഷത്തിലാണ് വിനയ് ഒടുവില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ചിത്രത്തിലെ കഥാപാത്രത്തെ മികവുറ്റതാക്കാനും വിനയ്ക്ക് സാധിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Actor Vinay Forrt About His Life and Cinema career

We use cookies to give you the best possible experience. Learn more