ട്രോളന്മാര്‍ക്ക് ഇനി വിശ്രമിക്കാം; തര്‍ക്കം തീര്‍ന്നു, ഗൗതം മേനോന്‍-വിക്രം ചിത്രം പുനരാരംഭിക്കുന്നു
Film News
ട്രോളന്മാര്‍ക്ക് ഇനി വിശ്രമിക്കാം; തര്‍ക്കം തീര്‍ന്നു, ഗൗതം മേനോന്‍-വിക്രം ചിത്രം പുനരാരംഭിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th December 2021, 1:27 pm

 

2017 ല്‍ വിക്രത്തെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ പ്രഖ്യാപിച്ച ധ്രുവനച്ചത്തിരം വലിയ പ്രതീക്ഷയായിരുന്നു സിനിമ പ്രേമികള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ ആദ്യത്തെ ട്രെയിലര്‍ പുറത്തിറങ്ങി നാല് വര്‍ഷമായിട്ടും ചിത്രം ഇതുവരെ റിലീസ് ചെയ്തില്ല. 2019 ല്‍ ചിത്രം ഉടന്‍ പ്രേക്ഷകരിലേക്കെത്തുമെന്നും ഗൗതം മേനോന്‍ അറിയിച്ചിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ സിനിമ നിന്നുപോവുകയായിരുന്നു.
ഇതിനു ശേഷം വിക്രം പിന്നീട് കോബ്ര, പൊന്നിയന്‍ ശെല്‍വന്‍, മഹാന്‍ തുടങ്ങിയ സിനികളുടെ ഭാഗമായി.

മൂന്ന് വര്‍ഷം മുന്നെ രണ്ടാമത്തെ ടീസറും നാല് വര്‍ഷം മുമ്പെ മൂന്നാമത്തെ ടീസറും പുറത്തിറങ്ങിയ ചിത്രത്തിനെതിരെ വ്യാപകമായി ട്രോളുകളാണ് പ്രചരിച്ചത്. സമാനമായി ധനുഷിനെ നായകനാക്കി സംവിധാനം ചെയ്ത എനൈ നോക്കി പായും തോട്ടയും മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് റിലീസ് ചെയതത്. അതിനാല്‍ തന്നെ ചിത്രം പ്രഖ്യാപിച്ച് നീണ്ട ഇടവേളക്ക് ശേഷം റിലീസ് ചെയ്യുന്ന ഗൗതം മേനോന്റെ രീതി പരക്കെ ട്രോള്‍ ചെയ്യപ്പെടുന്ന ഒന്നാണ്. അതേസമയം ചിമ്പു നായകനായ വെന്തു തണിന്തത് കാട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ് ഗൗതം വാസുദേവ് മേനോന്‍.

പൊന്നിയന്‍ ശെല്‍വന്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ധ്രുവനച്ചത്തിരത്തിന്റെ ഡബ്ബിങ്ങിനായി വിക്രത്തെ ഗൗതം മേനോന്‍ വിളിച്ചിരുന്നുവെങ്കിലും ഷൂട്ടിങ്ങ് പൂര്‍ത്തിയായതിന് ശേഷം ഡബ്ബിങ് ചെയ്യാമെന്ന നിലപാടാണ് താരം സ്വീകരിച്ചത്. ഇത് പിന്നീട് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമായി. ഈ തര്‍ക്കം ഇപ്പോള്‍ പരിഹരിക്കപ്പെട്ടുവെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

നിലവില്‍ ചിമ്പുവിനെ നായകനാക്കി വെന്തു തണിന്തത് കാട് എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ് ഗൗതം മേനോന്‍. ഇതിനുശേഷം ധ്രുവനച്ചത്തിരത്തിന്റെ ബാക്കിയുള്ള ജോലികളിലേക്ക് കടക്കും.

സി.ഐ.എ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം ധ്രുവനച്ചത്തിരത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ വിക്രത്തിന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ള ഗ്ലാമര്‍ ഗെറ്റപ്പും സ്‌റ്റൈലും ഏറെ ശ്രദ്ധേയമായിരുന്നു. റിതു വര്‍മയാണ് ചിത്രത്തിലെ നായിക. പാര്‍ത്ഥിപന്‍, ഐശ്വര്യ രാജേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുമുണ്ട്.

മലയാളിയായ ജോമോന്‍ ടി ജോണ്‍ ആയിരുന്നു ചിത്രത്തിന്റെ ആദ്യഭാഗങ്ങള്‍ ചിത്രീകരിച്ചത്. പിന്നീട് തിരക്കുകാരണം പിന്മാറി. തുടര്‍ന്നുള്ള രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് സന്താന കൃഷ്ണന്‍ ആണ്. ഹാരിസ് ജയരാജ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിട്ടുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: actor-vikrams-dhruv-natchathiram-will-be-resumed-once-strs-vendhu-thanindhathu-kaadu-main-portion-is-complete-gautham-menon-has-compromised