| Thursday, 15th April 2021, 2:47 pm

'അന്യന്റെ' അവകാശം എനിക്ക് മാത്രം; ബോളിവുഡ് റീമേക്കില്‍ ശങ്കറിനെതിരെ നിര്‍മാതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: 16 വര്‍ഷങ്ങള്‍ക്ക് മുന്‍പിറങ്ങി ദക്ഷിണേന്ത്യയിലാകെ ചരിത്ര വിജയമായി മാറിയ വിക്രമിന്റെ സൈക്കോളജിക്കല്‍ ത്രില്ലര്‍ അന്യന്‍ റീമേക്ക് ചെയ്യാനുള്ള സംവിധായകന്‍ ശങ്കറിന്റെ തീരുമാനത്തിനെതിരെ നിര്‍മാതാവ്. അന്യന്‍ സിനിമയുടെ പകര്‍പ്പവകാശം തന്നില്‍ മാത്രം നിക്ഷിപ്തമാണെന്നും ശങ്കറിന് ഒരു അവകാശവുമില്ലെന്നും നിര്‍മാതാവ് ആസ്‌കര്‍ വി. രവിചന്ദ്രന്‍ തുറന്നടിച്ചു.

അന്യന്‍ താന്‍ ആര്‍ക്കും വിറ്റിട്ടില്ലെന്നും ശങ്കറിന്റെ നീക്കം നിയമവിരുദ്ധമാണെന്നും രവിചന്ദ്രന്‍ പറഞ്ഞു. ശങ്കറിന് ലീഗല്‍ നോട്ടീസ് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. രവിചന്ദ്രന്റെ ആസ്‌കര്‍ പ്രൊഡക്ഷന്‍സാണ് 2005 ല്‍ അന്യന്‍ നിര്‍മ്മിച്ചത്.

നടന്‍ വിക്രമിന് ഏറെ പ്രശംസ നേടിക്കൊടുത്ത ചിത്രം ബോക്‌സോഫീസില്‍ വലിയ വിജയമായിരുന്നു. ‘മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി ഡിസോഡര്‍’ ബാധിച്ച വ്യക്തിയുടെ വേഷമായിരുന്നു വിക്രം കൈകാര്യം ചെയ്തിരുന്നത്. അമ്പി, റെമോ, അന്യന്‍ എന്നിങ്ങനെ മൂന്ന് വേഷ-ഭാവ പകര്‍ച്ച കൊണ്ട് വിക്രം ഏവരെയും ഞെട്ടിച്ചു.

സദ, നെടുമുടി വേണു, പ്രകാശ് രാജ്, വിവേക്, നാസര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ അന്യന്‍ 53ാമത് ഫിലിം ഫെയര്‍ അവാര്‍ഡില്‍ (സൗത്ത്) മികച്ച സിനിമ, മികച്ച നടന്‍, മികച്ച സംവിധായകന്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി.

ഹിന്ദി റീമേക്കില്‍ രണ്‍വീര്‍ സിംഗ് കേന്ദ്രകഥാപാത്രമാകുമെന്നാണ് ശങ്കര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ റീമേക്ക് എന്നതിനു പകരം ‘ഒഫിഷ്യല്‍ അഡാപ്‌റ്റേഷന്‍’ എന്നാണ് പ്രോജക്റ്റ് പ്രഖ്യാപന വേളയില്‍ സാമൂഹിക മാധ്യമങ്ങളില്‍ ശങ്കര്‍ അന്യന്റെ ബോളിവുഡ് പതിപ്പിനെ വിശേഷിപ്പിച്ചിരുന്നത്.

പെന്‍ മൂവീസിന്റെ ബാനറില്‍ ജയന്തിലാല്‍ ഗാഡയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Vikrams Anniyan producer calls Shankar’s Hindi remake with Ranveer Singh illegal

We use cookies to give you the best possible experience. Learn more