| Wednesday, 23rd August 2023, 12:31 pm

ആ മരുഭൂമിയില്‍ കിടന്ന് നിവിന്‍ചേട്ടന്‍ കഷ്ടപ്പെടുന്നത് കണ്ടപ്പോഴാണ് ഒന്ന് സമാധാനമായത്: വിജിലേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാമചന്ദ്ര ബോസ് ആന്‍ഡ് കോ എന്ന സിനിമയ്ക്ക് വേണ്ടിയാണ് താന്‍ ആദ്യമായി ഒരു വിദേശ രാജ്യത്ത് പോകുന്നതെന്നും ദുബായിലാണ് ഷൂട്ടെന്ന് കേട്ടപ്പോള്‍ ചില്‍ ചെയ്യാമെന്ന് കരുതിയായിരുന്നു പോയതെന്നും നടന്‍ വിജിലേഷ്. എന്നാല്‍ തന്റെ പ്രതീക്ഷ മുഴുവന്‍ തെറ്റിച്ച് തങ്ങളെ കൊണ്ടിട്ടത് ഒരു മരുഭൂമിയിലായിരുന്നെന്നും താരം പറഞ്ഞു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജിലേഷ്.

ഈ സിനിമയിലേക്ക് വളരെ യാദൃശ്ചികമായി എത്തിപ്പെട്ട ആളാണ് ഞാന്‍. ഷൂട്ട് തുടങ്ങുന്നതിന് മൂന്ന് നാല് ദിവസം മുന്‍പാണ് എന്നെ വിളിച്ചത്. ആരുടേയോ പകരക്കാരനായി എന്നെ വിളിച്ചതാണെന്നാണ് തോന്നുന്നത്. ഇതിലേക്ക് വന്ന സമയത്ത് എനിക്ക് ചില കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു.

ഞാന്‍ ഇന്ത്യയ്ക്ക് പുറത്തേക്ക് ഷൂട്ടിന് പോകുന്നത് ഇതാദ്യമാണ്. ഹനീഫ് അദേനി എന്ന സംവിധായകനെ എനിക്ക് സിനിമയിലൂടെ മാത്രമേ പരിചയമുള്ളു. അദ്ദേഹത്തെ നേരിട്ടറിയില്ല. പുള്ളി എങ്ങനെയാണെന്ന് അറിയില്ല. അതിന്റെ ടെന്‍ഷന്‍ ഉണ്ടായിരുന്നു.

സിനിമ തുടങ്ങി കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും ആ മൂഡ് കിട്ടി. പിന്നെ ഓക്കെയാണ്. എന്റേത് രസകരമായ ഒരു കഥാപാത്രമാണ്. സക്കരിയ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രമാണ് ഇതെന്ന് പറയാം.

ആദ്യമായാണ് ഞാന്‍ വിദേശത്ത് പോകുന്നത്. ഇത്രയും ദിവസം ദുബായില്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ വലിയ പ്രതീക്ഷയിലാണ് പോയത്. ദുബായില്‍ ആദ്യമായാണ് പോകുന്നത്. ചില്‍ ചെയ്യാമെന്നൊക്കെ കരുതിയാണ് പോയത്. പക്ഷേ ആദ്യത്തെ ദിവസം തന്നെ ഞങ്ങളെ കൊണ്ടിട്ടത് ഒരു മരുഭൂമിയിലാണ്.

ടെന്റൊക്കെ കെട്ടി, അതിനുള്ളില്‍. അവിടെ മൂന്നാല് ദിവസം ഷൂട്ടില്ലായിരുന്നു. ഭയങ്കര ചൂടുള്ള സമയമായിരുന്നു. എന്തുചെയ്യുമെന്ന് ആലോചിച്ച് ഞങ്ങള്‍ ഇങ്ങനെ ചുമ്മാ പുറത്തിറങ്ങിയപ്പോഴാണ് നിവിന്‍ ചേട്ടന്‍ ആ ചുട്ടുപൊള്ളുന്ന ചൂടത്ത് മണല്‍ക്കാറ്റൊക്കെ അടിച്ച് നിലത്ത് കിടന്ന് ഫൈറ്റ് രംഗം ചെയ്ത് കഷ്ടപ്പെടുന്നത് കാണുന്നത്. അത് കണ്ടപ്പോള്‍ ഒരു സമാധാനമായി. ഞങ്ങള്‍ക്ക് മുന്‍പേ ഒരാള്‍ വന്ന് കഷ്ടപ്പെടുന്നുണ്ടല്ലോ എന്നാലോചിച്ചപ്പോള്‍ ഒരു സമാധാനം. പിന്നെ പ്രൊഡ്യൂസറും കൂടിയാണല്ലോ (ചിരി), വിജിലേഷ് പറഞ്ഞു.

ഷൂട്ടിന്റെ ഭാഗമായി ഒരുപാട് സ്ഥലങ്ങള്‍ കാണാനായെന്നും റാസല്‍ഖൈമ, ഷാര്‍ജ, ദുബായ് തുടങ്ങി യു.എ.ഇയിലെ എല്ലായിടത്തും പോയെന്നും താരം പറഞ്ഞു.

അഭിമുഖത്തിനിടെ താന്‍ പൊതുവെ സൈലന്റാണെന്ന് വിജിലേഷ് പറഞ്ഞപ്പോള്‍ അങ്ങനെ സൈലന്റായി സിനിമയില്‍ നില്‍ക്കാന്‍ കഴിയില്ലെന്നായിരുന്നു അവതാരകന്‍ പറഞ്ഞത്. എന്നാല്‍ സൈലന്റ് ആയും നില്‍ക്കാന്‍ കഴിയുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് താന്‍ എന്നായിരുന്നു ഇതിന് വിജിലേഷ് നല്‍കിയ മറുപടി. ആ മറുപടിക്ക് ഏവരും കയ്യടിക്കുന്നുമുണ്ട്.

ഈ സിനിമയില്‍ എല്ലാവരും കോ ആക്ടേഴ്‌സായാണ് വര്‍ക്ക് ചെയ്തതെന്നും അവിടെ ജൂനിയര്‍ സീനിയര്‍ വ്യത്യാസമൊന്നും ഇല്ലായിരുന്നെന്നും നടന്‍ വിനയ് ഫോര്‍ട്ടും പറഞ്ഞു. ജാഫര്‍ ഇടുക്കിയാണ് ഈ സിനിമയെ ഇത്രയേറെ എന്റര്‍ടൈനിങ് ആക്കുന്ന മറ്റൊരാളെന്നും വിനയ് ഫോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴും ഭയങ്കര ഗ്രൗണ്ടഡാണ് പുള്ളി. ചുരുളിയില്‍ ജാഫര്‍ക്ക ചെയ്തത് പോലുള്ള കഥാപാത്രമൊന്നും വേറെ ഒരാള്‍ക്കും ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ ആ അഭിനന്ദനമൊന്നും പുള്ളി കേള്‍ക്കുകയേ ഇല്ല. ഞാന്‍ തന്നെ വിളിച്ച് എത്രയോ തവണ അദ്ദേഹത്തോട് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്.

പുള്ളി അഭിനയിച്ച സിനിമ പുള്ളി കാണില്ല. അങ്ങനെയൊരു ക്യാരക്ടര്‍ ആണ്. ഞങ്ങളേക്കാളൊക്കെ പ്രായം കുറഞ്ഞ വ്യക്തി അദ്ദേഹമാണെന്ന് വേണമെങ്കില്‍ പറയാം, വിനയ് ഫോര്‍ട്ട് പറഞ്ഞു.

Content Highlight: Actor Vijilesh about his first foreign trip and boss and co movie

We use cookies to give you the best possible experience. Learn more