| Friday, 14th October 2022, 5:04 pm

ലാലിന്റെ ഷര്‍ട്ടാണ് ഇട്ടത്, മുട്ടയുടെ വെള്ളയാണ് ജെല്ലിന് പകരം ഉപയോഗിച്ചത്; റാംജിറാവു ആയതിനെപ്പറ്റി വിജയരാഘവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1989ല്‍ ഇന്നസെന്റ്, മുകേഷ്, സായ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ ചിത്രമാണ് റാംജിറാവ് സ്പീക്കിങ്ങ്. സിനിമയുടെ പേരിലെ റാംജിറാവ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മലയാളികളുടെ പ്രിയനടന്‍ വിജയരാഘവനായിരുന്നു. സിനിമയിലേക്ക് എത്തിയതിനേക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയാണ് താരം.

”റാംജിറാവ് സ്പീക്കിങ്ങിന്റെ കഥയെന്നോട് ആദ്യം പറയുന്നത് സിദ്ദിഖ് – ലാല്‍ ആണ്. ഈ സിനിമയില്‍ മൂന്ന് വില്ലന്മാരുണ്ട്. ഇവര്‍ മൂന്നുപേരും ചേര്‍ന്ന് ഒരു കുട്ടിയെ തട്ടികൊണ്ടുപോകുന്നതാണ് കഥയെന്നാണ് പറഞ്ഞുതന്നത്.

പിന്നെ എന്നെ വിളിച്ചില്ല. ഷൂട്ടിങ് തുടങ്ങിയ കാര്യമെല്ലാം ഞാന്‍ അറിഞ്ഞു. തുടങ്ങിയെന്ന് കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചു വേറെ ആരെങ്കിലും ചെയ്തുകാണുമെന്ന്. ഞാന്‍ തിരുവനന്തപുരത്ത് വേറെ സിനിമയുടെ ഷൂട്ടിങ്ങിലായപ്പോഴാണ് പിന്നെ അവര്‍ എന്നെ വിളിച്ചത്.

സിനിമയിലെ മൂന്ന് വില്ലന്മാര്‍ എന്നത് മാറ്റി ഒരു വില്ലനാക്കി. ബാക്കിയുള്ളവരെ വില്ലന്റെ സഹായി ആക്കിയെന്നും ഞാനാണ് മെയിന്‍ വില്ലനെന്നും അവര്‍ എന്നോട് പറഞ്ഞു. അങ്ങനെയാണ് ഞാനാ പടത്തില്‍ അഭിനയിക്കുന്നത്.

അതില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ എനിക്ക് തന്നെ കൗതുകമായിരുന്നു. കാരണം റാംജിറാവു എന്നത് ഇതുവരെ കേള്‍ക്കാത്ത പേരാണ്. റാംജിറാവു എന്ന് കേട്ടപ്പോള്‍ അയാള്‍ പേര് പോലെ ആജാനുബാഹുവായ ഒരു മനുഷ്യനാണ്. എനിക്ക് അന്ന് അത്ര വലുപ്പമൊന്നുമില്ല അതിന്റെയൊരു അപകര്‍ഷതാ ബോധം ഉണ്ടായിരുന്നു. ഞാന്‍ തന്നെ ഓരോന്ന് വിചാരിച്ചിരിക്കുമായിരുന്നു.

എന്താ ചെയ്യുക, മുടി വെട്ടിയാല്‍ മുഖം വലുതാകും ഒരു കൃതാവ് നീട്ടി വെയ്ക്കാം മീശ നീട്ടി വളര്‍ത്താമെന്നെല്ലാം ഞാന്‍ വിചാരിച്ചു. ഷൂട്ടിന് ചെന്നപ്പോള്‍ സിദ്ദിഖ് എന്നോട് ചോദിച്ചു എന്റെ മനസില്‍ എന്തെങ്കിലും ഐഡിയ ഉണ്ടോയെന്ന്. അങ്ങനെ ഞാന്‍ തന്നെ പുരികത്തില്‍ ഒരു മുറിവ് വരുത്തി. ഓരോ ഷോട്ട് കഴിയുമ്പോഴും കുറച്ച് ഗ്ലിസറിന്‍ ഒഴിച്ച് നോക്കുമ്പോള്‍ ഒരു ഗ്ലെയര്‍ വരും അങ്ങനെയെല്ലാം എന്റെ തന്നെ ഐഡിയ ആയിരുന്നു.

പിന്നെ ലാല്‍ ഇട്ട് വന്ന ഒരു നീണ്ട ഷര്‍ട്ട് ഉണ്ടായിരുന്നു അതും വാങ്ങിച്ചിട്ടു. അതുപോലെ ക്യാമറമാന്‍ വേണുവിന്റെ ഒരു കീറിയ ജീന്‍സുണ്ടായിരുന്നു, അന്നത്തെ ഫാഷന്‍ ജീന്‍സായിരുന്നു അതും ഇട്ടു. പിന്നെ ഷര്‍ട്ട് നീണ്ടതായതുകൊണ്ട് അടുത്തുള്ള സൈക്കിള്‍ കടയില്‍ നിന്ന് ഒരു ചെയ്ന്‍ വാങ്ങി കെട്ടി. ഇതൊക്കെ ഇട്ടു കഴിയുമ്പോഴേക്കും നമുക്ക് തന്നെ തോന്നും സെറ്റാണെന്ന്.

കഥാപാത്രത്തിന് വേറെ ഒന്നുമില്ലായിരുന്നു. ദുഷ്ടനായൊരു വ്യക്തി ഒരു കുട്ടിയെ തട്ടികൊണ്ടുപോകുന്നു. അവിടെ വലിയ അഭിനയത്തിന്റെ സാധ്യതകളൊന്നുമില്ല. മുടിയുടെ മുകളില്‍ അന്ന് ജെല്‍ ഒന്നുമില്ലാത്തതുകൊണ്ട് മുട്ടയുടെ വെള്ളയാണ് ആക്കിയത്.

ആ സിനിമ ഇത്രയും കാലം ആളുകളെ മനസില്‍ നില്‍ക്കാനുള്ള കാരണം സിദ്ദിഖ്-ലാല്‍ ആണ്. തമാശ സിനിമയെടുക്കാന്‍ അവര്‍ കഴിഞ്ഞേ വേറെ ആളുകള്‍ ഉള്ളു. കാരണം ഒരു തമാശ എഴുതി വെക്കുന്ന പോലെയല്ല അതെടുക്കുമ്പോള്‍. അതിനൊരു മീറ്ററുണ്ട് അത് കൃത്യമായി അവര്‍ക്കറിയാം. നമ്മളെക്കൊണ്ട് എഴുതിവെച്ച തമാശ ചെയ്യിപ്പിക്കാന്‍ അവര്‍ക്ക് നന്നായി അറിയാം,” വിജയരാഘവന്‍ പറഞ്ഞു.

Content Highlight: Actor Vijayaraghavan talking about ramji rao speaking movie

We use cookies to give you the best possible experience. Learn more