| Wednesday, 27th December 2023, 5:39 pm

സ്ത്രീധനം പോലൊരു തെണ്ടിത്തരം ലോകത്തില്ല, അത് ചോദിക്കുന്നവനെ വിശ്വസിക്കരുത്: വിജയരാഘവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്ത്രീധനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ വിജയരാഘവന്‍. സ്ത്രീധനം പോലെ ഒരു തെണ്ടിത്തരം ലോകത്തില്ലെന്നും താനോ തന്റെ കുടുംബത്തില്‍ ഉള്ളവരോ സ്ത്രീധനം വാങ്ങിയിട്ടില്ല എന്നും വിജയരാഘവന്‍ പറഞ്ഞു. തിരിച്ച് ചോദ്യം ചെയ്യാനുള്ള തന്റേടവും ധൈര്യവും പെണ്ണുങ്ങള്‍ക്ക് ഉണ്ടാവണമെന്നും സ്ത്രീധനം ചോദിക്കുന്നവനെ ഒരിക്കലും കല്യാണം കഴിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സില്ലി മോങ്ക്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.

‘സ്ത്രീധനം പോലെ ഒരു തെണ്ടിത്തരം ലോകത്തില്ല. എന്റെ അച്ഛന്‍ സ്ത്രീധനം വാങ്ങിച്ചിട്ടില്ല, ഞാന്‍ വാങ്ങിയിട്ടില്ല, എന്റെ സഹോദരിമാര്‍ക്ക് സ്ത്രീധനം കൊടുത്തിട്ടില്ല, എന്റെ മക്കള്‍ക്കും സ്ത്രീധനം കൊടുത്തിട്ടില്ല.

രണ്ടാമത്തെ മകന്റെ ആലോചന നടക്കുന്ന സമയത്ത് പെണ്ണിന്റെ അച്ഛന്‍ എന്നെ വിളിച്ച് കുറച്ച് കാര്യങ്ങള്‍ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു. എന്താണെന്ന് ഞാന്‍ ചോദിച്ചു. ഞങ്ങള്‍ക്ക് കുറച്ച് സ്ഥലമുണ്ട് എന്ന് പറഞ്ഞപ്പോള്‍ എനിക്ക് ആ വക കാര്യങ്ങള്‍ ഒന്നും അറിയണ്ട, ഏകദേശം നിങ്ങളുടെ വീടും പരിസരവും അറിഞ്ഞിട്ടായിരിക്കുമല്ലോ ഈ ആലോചന നടത്തുന്നത്, അങ്ങനെയുള്ള സംസാരമേ വേണ്ട എന്ന് പറഞ്ഞു. എന്തുണ്ടെന്ന് പോലും ഞാന്‍ ചോദിച്ചിട്ടില്ല.

തിരിച്ച് ചോദ്യം ചെയ്യാനുള്ള തന്റേടവും ധൈര്യവും പെണ്ണുങ്ങള്‍ക്ക് ഉണ്ടാവണം. എന്തുണ്ട്, എന്ത് കിട്ടും എന്ന് ചോദിക്കുന്നവനെ ഒരിക്കലും കല്യാണം കഴിക്കരുത്. അവരെ വിശ്വസിക്കാനേ കൊള്ളില്ല. എന്റെ രണ്ട് മരുമക്കളോടും അങ്ങനെയൊന്നും ചോദിച്ചിട്ടുമില്ല, അവരുടെ ഒരു സ്വത്തും മേടിച്ചിട്ടുമില്ല.

മൂത്ത മകന്‍ കല്യാണം കഴിച്ചിട്ട് 13 കൊല്ലമായി. ഞങ്ങളുടെ രണ്ട് പേരുടേയും വീട്ടുകാര്‍ തമ്മില്‍ നല്ല ബന്ധമാണ് ഉള്ളത്. അവിടെ ആവശ്യമില്ലാത്ത കാര്യം അന്വേഷിക്കേണ്ട കാര്യമില്ല. നമ്മുടെ വീടിന് പറ്റിയ കുട്ടിയായിരിക്കണമെന്നേയുള്ളൂ.

പിന്നെ സ്ത്രീധനം കൊടുക്കുന്നവരും കുറ്റക്കാരാണ്. സ്ത്രീധനം കൊടുക്കുമ്പോള്‍ സ്വന്തം കുഞ്ഞിനെ വിലക്ക് കൊടുക്കുവല്ലേ. അച്ഛനും അമ്മയും ചെയ്യുന്ന തെറ്റാണ് അത്. പെണ്ണുങ്ങള്‍ക്കും ആ പ്രശ്‌നമുണ്ട്. ഞാന്‍ പോവല്ലേ, എനിക്ക് എന്ത് കിട്ടും, എനിക്ക് അവിടെ ചെല്ലുമ്പോള്‍ ഒരു വില വേണ്ടേ എന്നൊക്കെ ചോദിക്കുന്ന പെണ്ണുങ്ങളുണ്ട്. അത് പാടില്ല. അച്ഛന്‍ ഉണ്ടാക്കിയതൊക്കെ അച്ഛന് ഉള്ളതാണ്. പഠിത്തം കഴിഞ്ഞ് അവനവന്റെ കാര്യം നോക്കണം. അങ്ങനെയായിരിക്കണം കുട്ടികള്‍ ചിന്തിക്കേണ്ടത്,’ വിജയരാഘവന്‍ പറഞ്ഞു.

Content Highlight: Actor Vijayaraghavan criticizes dowry

We use cookies to give you the best possible experience. Learn more