|

ആ പുരസ്‌കാരം എനിക്ക് ലഭിക്കേണ്ടതായിരുന്നു: പക്ഷേ മറ്റൊരാള്‍ക്ക് കൊടുത്തു; അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച് മാപ്പ് പറഞ്ഞു: വിജയരാഘവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ എക്കാലത്തേയും എവര്‍ഗ്രീന്‍ താരമെന്ന് വിശേഷിപ്പിക്കാവുന്ന നടനാണ് വിജയരാഘവന്‍. മലയാളത്തിന്റെ വെള്ളിത്തിരയിലെത്തിയിട്ട് 50 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വിജയരാഘവന്‍ ചെയ്ത് ഫലിപ്പിക്കാത്ത വേഷങ്ങളില്ല.

നായകനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും എന്ന് വേണ്ട ഏത് കഥാപാത്രവും തന്റെ കയ്യില്‍ ഭദ്രമാണെന്ന് അദ്ദേഹം ഇതിനകം തെളിയിച്ചു കഴിഞ്ഞു. ഈ എഴുപത്തിമൂന്നാം വയസിലും വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമാണ് വിജയരാഘവന്‍.

നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ടെങ്കിലും ഒരു പുരസ്‌കാരമെന്ന സ്വപ്‌നം വിജയരാഘവനെ സംബന്ധിച്ച് വിദൂരമായിരുന്നു.

പുരസ്‌കാരത്തിനായി തന്നെ പരിഗണിക്കാതിരുന്നതിനെ കുറിച്ചും പരിഗണിച്ച പുരസ്‌കാരം മറ്റൊരാള്‍ക്ക് നല്‍കിയതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയരാഘവന്‍.

ഒരിക്കല്‍ ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ വെച്ച് തന്റെ ഒരു സുഹൃത്തിനെ കണ്ടപ്പോള്‍ അദ്ദേഹം തന്നെ കെട്ടിപ്പിടിച്ച് സംസാരിച്ച ഒരു കാര്യത്തെ കുറിച്ചാണ് വിജയരാഘവന്‍ പറഞ്ഞത്.

‘ഒരിക്കല്‍ എന്റെ മൂന്ന് സുഹൃത്തുക്കളെ ചിത്രാഞ്‌ലി സ്റ്റുഡിയോയില്‍ വെച്ചു കണ്ടിരുന്നു. അതില്‍ ഒരാള്‍ അല്‍പം മദ്യപിച്ചിരുന്നു. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച് സോറി കുട്ടാ, അവര്‍ പറഞ്ഞതു ചെയ്യേണ്ടി വന്നു, സംഭവിച്ചുപോയി എന്ന് പറഞ്ഞു. അപ്പോള്‍ എനിക്കൊന്നും മനസിലായില്ല.

പിന്നീട് അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് അദ്ദേഹം ജൂറിയായ ഒരു സമിതിയില്‍ എനിക്ക് ഒരു പുരസ്‌കാരം ഉണ്ടായിരുന്നെന്നും ചില കാരണങ്ങള്‍ കൊണ്ട് അത് മറ്റൊരാള്‍ക്ക് കൊടുക്കേണ്ടി വന്നെന്നും,’ വിജയരാഘവന്‍ പറഞ്ഞു.

സിനിമയില്‍ ചെയ്ത ചില കഥാപാത്രങ്ങള്‍ക്ക് അവാര്‍ഡിന് അര്‍ഹതയുണ്ടെന്ന് തനിക്ക് തോന്നിയിരുന്നെന്നും എന്നാല്‍ ഒരു അവാര്‍ഡിനായി ഇതുവരെ കാത്തിരുന്നിട്ടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

അവാര്‍ഡുകള്‍ക്ക് വേണ്ടി കാത്തിരുന്നിട്ടില്ല. സര്‍ക്കാരുകള്‍ നല്‍കുന്ന ഒരു അവാര്‍ഡും ഇതുവരെ കിട്ടിയിട്ടുമില്ല. അവാര്‍ഡ് കിട്ടാത്തതുകൊണ്ട് ഞാനൊരു മോശം നടനാണെന്ന തോന്നല്‍ എനിക്കില്ല. അവാര്‍ഡ് കിട്ടിയെന്ന് വെച്ച് ഞാനൊരു നല്ല നടനാകാനും പോകുന്നില്ല. ഇതൊന്നും ഏതെങ്കിലും രീതിയിലുള്ള അഹങ്കാരം കൊണ്ട് പറയുന്നതല്ല. നന്നായി ജോലി ചെയ്യാനറിയാം എന്ന ആത്മവിശ്വാസം മാത്രമാണ് എന്റെ ഈ വാക്കുകളില്‍ ഉള്ളത്, വിജയരാഘവന്‍ പറഞ്ഞു.

ചില കഥാപാത്രങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടതായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് സിനിമയില്‍ ഒരു കഥാപാത്രം ആരു ചെയ്യണം എന്ന് തീരുമാനിക്കുന്നത് പലപ്പോഴും സാഹചര്യങ്ങള്‍ ആണെന്നായിരുന്നു വിജയരാഘവന്റെ മറുപടി.

‘ഒരു സിനിമയില്‍ മമ്മൂട്ടിയുടേയോ മോഹന്‍ലാലിന്റേയോ അച്ഛനോ സഹോദരനോ ആയി അഭിനയിച്ചാല്‍ അടുത്ത സിനിമയിലും അച്ഛന്‍ കഥാപാത്രമായി എന്നെ വിളിക്കും. ഞാന്‍ അത് വേണ്ടെന്ന് വെക്കും.

ആ കഥാപാത്രം പിന്നീട് സായ് കുമാറോ സിദ്ദിഖോ ചെയ്യും. അത് സ്വാഭാവികമായ കാര്യമാണ്. അല്ലാതെ മനപൂര്‍വമായി ആരും മാറ്റി നിര്‍ത്തുന്നതല്ല. മമ്മൂട്ടിയും മോഹന്‍ലാലും പാരവെച്ച് എന്നെ കഥാപാത്രത്തില്‍ നിന്ന് മാറ്റിയെന്നൊക്കെ പറയുന്നതിനോട് എനിക്ക് എന്നും എതിര്‍പ്പാണ്,’ വിജയരാഘവന്‍ പറഞ്ഞു.

Content Highlight: Actor Vijayaraghavan about the Awards