| Wednesday, 19th October 2022, 6:40 pm

ഭീരുക്കള്‍ ചാരുന്ന മതിലാണ് ദൈവം, ഞാന്‍ ഭീരുവല്ല എനിക്ക് ഒരു മതിലും വേണ്ടെന്നാണ് അച്ഛന്‍ പറയാറുള്ളത്; എന്‍.എന്‍.പിള്ളയെക്കുറിച്ച് വിജയരാഘവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയ നടന്‍ വിജയരാഘവന്‍ അദ്ദേഹത്തിന്റെ അച്ഛന്‍ എന്‍. എന്‍. പിള്ളയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ്.

നടനും നാടകകൃത്തുമായ അച്ഛന്റെ മകനായതുകൊണ്ടാണ് താന്‍ നടനായതെന്നും അച്ഛന്‍ തികഞ്ഞ നിരീശ്വരവാദിയായിരുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയരാഘവന്‍ അച്ഛനെക്കുറിച്ച് പറഞ്ഞത്.

”അച്ഛന്‍ കാണുന്ന പോലെ ദേഷ്യക്കാരനല്ല. ഞാനും അച്ഛനും തമ്മില്‍ ഭയവും ബഹുമാനവും ഒക്കെയുള്ള ബന്ധമാണ്. എന്റെ ഏറ്റവും നല്ല സുഹൃത്താണ്. അദ്ദേഹത്തോട് എനിക്കെന്തും പറയാന്‍ സാധിക്കുമായിരുന്നു. എന്റെ എല്ലാ കാര്യങ്ങളും അച്ഛനറിയാം. ഞങ്ങള്‍ തമ്മില്‍ മറയില്ല.

പക്ഷേ എനിക്ക് ചില സമയത്ത് അദ്ദേഹത്തെ ഭയമാണ്. അച്ഛന്റെ മുന്നില്‍ നിന്നും ഞാന്‍ സിഗരറ്റ് വലിക്കാറില്ല. ഞാന്‍ ഒളിപ്പിച്ച് വെച്ച സിഗരറ്റ് എടുത്തു വരാന്‍ മോനോട് പറയും. പക്ഷേ പെഗ് കഴിക്കാന്‍ വിളിക്കും. മുന്നിലിരുന്നു കഴിക്കാന്‍ എനിക്കെന്തോ പോലെയാണ്. നിര്‍ബന്ധിച്ച് അടുത്തിരുത്തി കഴിപ്പിക്കും. എന്നിട്ട് അദ്ദേഹത്തിന് പറയാന്‍ ഞാന്‍ ഒരുപാട് കഥകളുണ്ടാകും. സിനിമയും നാടകവും തന്ന അനുഭവങ്ങള്‍ എല്ലാം പറയും.

അച്ഛന്‍ ഒന്നും പഠിപ്പിച്ച് തരുന്നതല്ല, അദ്ദേഹത്തിന്റെ കൂടെ ഇരിക്കുമ്പോഴേക്കും അറിയാതെ നിരവധി കാര്യങ്ങള്‍ പകര്‍ന്ന് കിട്ടും. നടനായിരുന്നില്ലെങ്കില്‍ നിങ്ങള്‍ എന്താകുമായിരുന്നുവെന്ന് എന്നോട് പലരും ചോദിക്കുമായിരുന്നു. എന്നെ പ്രകൃതി സൃഷ്ടിച്ചത് നടനാവാന്‍ വേണ്ടിയാണ്. അല്ലെങ്കില്‍ ഞാന്‍ എന്‍.എന്‍. പിള്ളയുടെ മകനായി ജനിക്കില്ലായിരുന്നു.

കുട്ടിക്കാലം മുതല്‍ നാടകം കണ്ടതും അഭിനയിച്ചതും അതുകൊണ്ടാണ്. അഹങ്കാരമായിട്ട് പറഞ്ഞതല്ല, എന്റെ ചിന്തമൊത്തം അഭിനയമായിരുന്നു. പഠിച്ചോണ്ടിരുന്നപ്പോള്‍ ഒരു ദിവസം എന്നോട് ചോദിച്ചു എല്ലാം നന്നായി നടക്കുന്നുണ്ടോയെന്ന്. ജയിക്കുമായിരിക്കുമെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് പഠിക്കാന്‍ വലിയ ഇഷ്ടമില്ലായിരുന്നു. അതെല്ലാം അദ്ദേഹത്തിന് അറിയാം.

നാടകത്തില്‍ പെട്ടെന്ന് ആരെങ്കിലും ഇല്ലാതെയാകുമ്പോള്‍ എന്നെ പകരക്കാരനായി വിളിക്കുമായിരുന്നു. പഠിച്ച് ജോലിക്ക് പോവാനാണോ താല്പര്യം എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഇല്ലെന്ന് പറഞ്ഞു. അടുത്തതായി പുതിയ നാടകം എഴുതിയിട്ടുണ്ട് അതില്‍ എനിക്ക് പറ്റിയ വേഷമുണ്ടെന്ന് പറഞ്ഞു. കേട്ടപ്പോള്‍ എനിക്കാകെ സന്തോഷമായി.

എന്നെ ഏല്‍പ്പിച്ചായിരുന്നു അദ്ദേഹം പോകുക. എല്ലാവരെയും ഞാന്‍ റിഹേഴ്‌സല്‍ ചെയ്യിക്കും. അദ്ദേഹം മേലെ നിന്ന് കേള്‍ക്കും. അഭിനയിച്ച് ഞാന്‍ നന്നായാല്‍ ഒന്നും പറയില്ല. നീ ഇനിയും നന്നാക്കാന്‍ ഉണ്ടെന്ന് തന്നെയാണ് എപ്പോഴും പറയുക. എന്നിട്ടും എല്ലാം എന്നെ ഏല്‍പ്പിച്ചു പോകും.

ഞാന്‍ ഇന്ന് എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണം ഞാന്‍ അദ്ദേഹത്തിന്റെ മകനായതുകൊണ്ടാണ്. അച്ഛന്‍ നിരീശ്വരവാദിയായിരുന്നു. ‘ഭീരുക്കള്‍ ചാരുന്ന മതിലാണ് ദൈവമെന്നാണ് ദൈവത്തെക്കുറിച്ച് അച്ഛന്‍ പറഞ്ഞിട്ടുള്ളത്. ഞാന്‍ ഭീരുവല്ല എനിക്ക് ഒരു മതിലും വേണ്ടെന്നാണ് ഞങ്ങളോട് പറയുക.

എന്റെ വീട്ടില്‍ വിളക്കും നാമം ജപിക്കലുമില്ല. അമ്മക്ക് ചെറിയ വിശ്വാസം ഉണ്ടായിരുന്നു. അച്ഛന്‍ അതിനൊന്നും പറയില്ല. അമ്മയും കൂടെ മരിച്ചപ്പോള്‍ എനിക്കെന്തോ നഷ്ടബോധമായിരുന്നു. പിന്നെ സുഹൃത്ത് വിളിച്ചിട്ട് ഞാന്‍ കൂടെ ആദ്യമായി മൂകാംബികയില്‍ പോയി. അച്ഛന്‍ പറഞ്ഞപോലെ ഞാന്‍ ഭീരുവായിരിക്കാം. എനിക്ക് അങ്ങനെയാണ് തോന്നിയത്,” വിജയരാഘവന്‍ പറഞ്ഞു.

content highlight: actor vijayaraghavan about his father N.N.Pillai

Latest Stories

We use cookies to give you the best possible experience. Learn more