| Saturday, 13th July 2024, 12:47 pm

എന്റെ ആ വിളിയില്‍ അന്ന് തിയേറ്ററില്‍ കൈയ്യടിയായി; ന്യൂ ഫേസായി വന്ന് കൈയ്യടി നേടുക നിസാരമായിരുന്നില്ല: വിജയകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിലെ സപ്പോര്‍ട്ടിങ്ങ് റോളുകളിലൂടെയും നെഗറ്റീവ് റോളുകളിലൂടെയും മലയാളികള്‍ക്ക് ഏറെ പരിചിതനായ താരമാണ് വിജയകുമാര്‍. മലയാളി പ്രേക്ഷകര്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും ഇടയില്‍ ചീറ്റിങ്ങ് സ്റ്റാര്‍ എന്നാണ് അദ്ദേഹം പൊതുവെ അറിയപ്പെടുന്നത്.

1992ല്‍ രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത തലസ്ഥാനം എന്ന സിനിമയിലൂടെയാണ് വിജയകുമാര്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. സുരേഷ് ഗോപി, ഗീത, നരേന്ദ്ര പ്രസാദ്, മോനിഷ, എം.ജി. സോമന്‍, കെ.ബി. ഗണേഷ് കുമാര്‍, അശോകന്‍ എന്നിവരും പ്രധാനവേഷത്തില്‍ എത്തിയ സിനിമയായിരുന്നു ഇത്. സെല്ലുലോയിഡ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തലസ്ഥാനം സിനിമയെ കുറിച്ച് പറയുകയാണ് വിജയകുമാര്‍.

‘ആദ്യത്തെ സിനിമ തിയേറ്ററില്‍ കാണാനുള്ള എക്‌സൈറ്റ്‌മെന്റ് എനിക്ക് ഉണ്ടായിരുന്നു. അതും പ്രേക്ഷകരുടെ കൂടെ ഇരുന്ന് കണ്ട് അവരുടെ പള്‍സ് അറിയണമായിരുന്നു. ഞാനും രണ്‍ജി പണിക്കര്‍ സാറും ഉള്‍പ്പെടെയുള്ള ആളുകള്‍ ചേര്‍ന്നാണ് അന്ന് ആദ്യമായി ആ സിനിമ തിയേറ്ററില്‍ പോയി കാണുന്നത്. എന്നെ സംബന്ധിച്ച് ആദ്യമായിട്ടായിരുന്നു ഞാന്‍ ഒരു സ്‌ക്രീനില്‍ വരുന്നത്. അതില്‍ അറിഞ്ഞോ അറിയാതെയോ എനിക്ക് ആന്‍ഗ്രി യങ് മാന്‍ എന്ന ഒരു പരിവേഷം ലഭിച്ചിരുന്നു. സിനിമയില്‍ അശോകനുമായി എനിക്ക് ഫൈറ്റ് സീന്‍ ചെയ്യാനുണ്ടായിരുന്നു.

പപ്പന്‍ എന്ന അശോകന്റെ കഥാപാത്രം അതില്‍ ഞങ്ങളെ നിരന്തരം ടോര്‍ച്ചറും ഹരാസും ചെയ്യുകയാണ്. സിനിമയില്‍ ഒരു ഭാഗമെത്തുമ്പോള്‍ പപ്പന് എതിരെ പ്രതികരിക്കുന്ന ഒരു രംഗമുണ്ട്. ‘ഡാ’ എന്ന ഒരു വിളിയായിരുന്നു എനിക്ക് ആദ്യം ഉള്ളത്. ആ വിളിയില്‍ എനിക്ക് തിയേറ്ററില്‍ അന്ന് കൈയ്യടി കിട്ടി. ന്യൂ ഫേസായി വന്ന് കൈയ്യടി നേടുക എന്നത് നിസാര കാര്യമായിരുന്നില്ല. അപ്പോള്‍ തന്നെ എനിക്ക് ഒരുപാട് ത്രില്ലായി. ആ സീനിന് ശേഷം പപ്പനുമായി ഒരു ഫൈറ്റ് ചെയ്യാന്‍ ഉണ്ടായിരുന്നു. ഇതിനിടയില്‍ പപ്പനെ കത്തി കൊണ്ട് കുത്തി കോളേജ് ക്യാമ്പസിന്റെ കോറിഡോറിലൂടെ നടന്ന് പോകുന്ന സീന്‍ ഉണ്ടായിരുന്നു,’ വിജയകുമാര്‍ പറഞ്ഞു.


Content Highlight: Actor Vijayakumar Talks About Thalastaanam Movie

We use cookies to give you the best possible experience. Learn more