ആ രജിനിചിത്രമാണ് നരസിംഹത്തിന് ഇന്‍സ്പിറേഷനായത്: വിജയകുമാര്‍
Entertainment
ആ രജിനിചിത്രമാണ് നരസിംഹത്തിന് ഇന്‍സ്പിറേഷനായത്: വിജയകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th August 2024, 10:20 pm

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് 2000ത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് നരസിംഹം. മോഹന്‍ലാല്‍ നായകനായി ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമാവുകയും ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറുകയും ചെയ്തു. മോഹന്‍ലാല്‍ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച മാസ് കൊമേഴ്‌സ്യല്‍ സിനിമയാണ് നരസിംഹം. അഡ്വക്കേറ്റ് നന്ദഗോപാല്‍ മാരാര്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയും ചിത്രത്തില്‍ അതിഥിവേഷത്തിലെത്തിയിരുന്നു.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ വലംകൈയായ ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വിജയകുമാറായിരുന്നു. മോഹന്‍ലാലിന്റെ ഇന്‍ട്രോക്ക് മുമ്പുള്ള പഞ്ച് ഡയലോഗ് പറഞ്ഞത് വിജയകുമാറായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് വിജയകുമാര്‍. മൂന്ന് ദിവസം കൊണ്ടാണ് ആ സീന്‍ ഷൂട്ട് ചെയ്തതെന്നും അത്രയും ക്രൗഡ് ഉള്ള സിനിമ അതിനു മുമ്പ് താന്‍ കണ്ടിട്ടില്ലെന്നും വിജയകുമാര്‍ പറഞ്ഞു.

രജിനികാന്തിന്റെ ഹിറ്റ് സിനിമയായ പടയപ്പയില്‍ നിന്ന് ഇന്‍സ്‌പെയര്‍ഡ് ആയിട്ടാണ് ഷാജി കൈലാസ് ആ സിനിമ ചെയ്തതെന്ന് വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. പടയപ്പയുടെ ഹാങ്ങോവര്‍ മലയാളത്തിലും കത്തിനില്‍ക്കുന്ന സമയത്താണ് അതുപോലൊരു സിനിമ ചെയ്യാന്‍ ഷാജി കൈലാസ് തീരുമാനിച്ചതെന്ന് വിജയകുമാര്‍ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു വിജയകുമാര്‍.

‘നരസിംഹത്തിലെ ആ ഇന്‍ട്രോ സീന്‍ മൂന്ന് ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്. മഴ കാരണമാണ് അത്രയും ദിവസം എടുത്തത്. ദാ കാണ് എന്ന് പറയുമ്പോള്‍ വലിയൊരു ക്രൗഡാണ് കാണുന്നത്. അതിന്റെയടുത്ത് ഒരു സിംഹത്തിനെയും ഷാജി സാര്‍ ഏര്‍പ്പാടാക്കിയിരുന്നു. അത്രയും ആളുകള്‍ ഒന്നിച്ചുവരുന്ന സീന്‍ അതിന് മുമ്പ് ഞാന്‍ കണ്ടിട്ടില്ല.

ഷാജി സാര്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട്, പടയപ്പ കണ്ട് ഇന്‍സ്‌പെയര്‍ഡായാണ് നരസിംഹം ചെയ്തതെന്ന്. പടയപ്പ പോലെ ആദ്യാവസാനം നായകന്റെ മാസ് ഷോ ഉള്ള സിനിമ അതിന് മുമ്പ് മലയാളത്തില്‍ വന്നിട്ടില്ല. മലയാളത്തിലും പടയപ്പയുടെ ഫീവര്‍ കത്തിനില്‍ക്കുന്ന സമയത്താണ് ഷാജി സാര്‍ പടയപ്പ ചെയ്യുന്നത്. മലയാളസിനിമ അതുവരെ കാണാത്ത വലിയ വിജയമായി നരസിംഹം മാറി. ഇന്നും ആ സീനിനെ ആഘോഷിക്കുന്ന ആളുകളുണ്ട്,’ വിജയകുമാര്‍ പറഞ്ഞു.

Content Highlight: Actor Vijayakumar saying that Padayappa was inspiration for Narasimham