| Wednesday, 28th December 2022, 2:04 pm

ഒരു സംവിധായകന്റെ എല്ലാ സിനിമകളിലും ഞാന്‍ അഭിനയിച്ചിട്ടുണ്ടെങ്കില്‍ അത് ശ്രീയുടേതാണ്; പക്ഷെ എന്നെ സ്വാധീനിച്ചത് ഇദ്ദേഹം മാത്രമാണ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, സംവിധായകന്‍, നിര്‍മാതാവ്, കാസ്റ്റിങ് ഡയറക്ടര്‍ എന്നിങ്ങനെ മലയാള സിനിമയില്‍ വിവിധ മേഖലകളില്‍ ശ്രദ്ധ നേടിയ താരമാണ് വിജയകുമാര്‍ പ്രഭാകരന്‍.

രാജീവ് രവി ചിത്രങ്ങളായ കമ്മട്ടിപ്പാടം, അന്നയും റസൂലും എന്നിവയില്‍ കാസ്റ്റിങ് ഡയറക്ടറായും അസിസ്റ്റന്റ് ഡയറക്ടറായുമൊക്കെ വിജയകുമാര്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്.

സെക്കന്റ് ഷോയില്‍ ഗുണ്ടാ സംഘത്തില്‍ ദുല്‍ഖറിനൊപ്പം നടന്ന് ഒടുവില്‍ ക്ലൈമാക്‌സില്‍ പൊലീസുകാരനായി പ്രത്യക്ഷപ്പെടുന്ന ഇദ്ദേഹത്തിന്റെ കഥാപാത്രവും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പിന്നീട് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പിലും അദ്ദേഹം ഒരു പ്രധാന വേഷത്തിലെത്തി.

സെക്കന്റ് ഷോയിലേക്ക് എത്തിയതിനെ കുറിച്ചും തന്നെ സ്വാധീനിച്ച സംവിധായകനെ കുറിച്ചും സംസാരിക്കുകയാണ് സെല്ലുലോയ്ഡ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ വിജയകുമാര്‍.

”സെക്കന്റ് ഷോയിലേക്ക് എത്തിയത് ക്യാമറാമാനായ എന്റെ ഫ്രണ്ട് പപ്പു വഴിയാണ്. സെക്കന്റ് ഷോയുടെ ക്യാമറ ഇവനായിരുന്നു. ഇങ്ങനെയൊരു കഥാപാത്രത്തിന് വേണ്ടി ആളെ അന്വേഷിക്കുന്നുണ്ട്. ഫേമസ് ആയ നടനാവാനും പാടില്ല എന്നാല്‍ പുതിയൊരു ആളാവാനും പാടില്ല എന്ന് ശ്രീ (ശ്രീനാഥ് രാജേന്ദ്രന്‍) പറഞ്ഞപ്പോള്‍ പപ്പു എന്നെ സജസ്റ്റ് ചെയ്യുകയായിരുന്നു.

അങ്ങനെ ഞാന്‍ ഓഡിഷന് പോയി. സംവിധായകരായ പ്രവീണ്‍ പ്രഭാകരനും ഫെല്ലിനിയുമായിരുന്നു എന്നെ ഓഡിഷന്‍ ചെയ്തത്. എന്റെ ലൈഫിലെ തന്നെ നല്ലൊരു ഓഡിഷനായിരുന്നു അത്. അങ്ങനെ ഞാന്‍ തന്നെ മതി ആ കഥാപാത്രത്തിന് എന്ന് ഇവര്‍ ശ്രീയുടെ അടുത്ത് പറഞ്ഞു എന്നാണ് ഞാന്‍ പിന്നീട് അറിഞ്ഞത്.

പിന്നെ ശ്രീക്കും എന്നോട് അന്നും ഇന്നും ഒരു ഇഷ്ടമുണ്ട്. ഒരു സംവിധായകന്റെ എല്ലാ പടത്തിലും ഞാന്‍ അഭിനയിച്ചിട്ടുണ്ടെങ്കില്‍ അത് ശ്രീനാഥ് രാജേന്ദ്രന്റെ പടങ്ങളിലാണ്. കൂതറക്ക് ശേഷം സെക്കന്റ് ഷോയിലും കുറുപ്പിലും ഞാന്‍ അഭിനയിച്ചു. ശരിക്കും എനിക്ക് അക്കാര്യത്തില്‍ ശ്രീയോട് നന്ദിയുണ്ട്,” വിജയകുമാര്‍ പറഞ്ഞു.

രാജീവ് രവിയുടെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായി അന്നയും റസൂലും എന്ന സിനിമയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ അദ്ദേഹം സ്വാധീനിച്ചതിനെ കുറിച്ചും വിജയകുമാര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

”എന്നെ സിനിമയില്‍ സ്വാധീനിച്ചിട്ടുള്ള ഒരാളുണ്ടെങ്കില്‍ അത് രാജീവ് രവിയാണ്. എന്തെങ്കിലുമൊക്കെ പഠിച്ചിട്ടുണ്ടെങ്കില്‍ അത് അവിടെ നിന്നാണ്. എന്റെ ആക്ടിങ്ങ് ഉള്‍പ്പെടെ മെച്ചപ്പെട്ടിട്ടുള്ളത് രാജീവ് രവിയുടെ കൂടെ ഞാന്‍ അസിസ്റ്റ് ചെയ്തതിന് ശേഷമാണ്. ഞാന്‍ ആ വര്‍ഷം അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്തു. അത് ചെറിയ സമയമല്ല.

യൂണിവേഴ്‌സിറ്റി എന്നൊക്കെ പറഞ്ഞാല്‍ പുള്ളി ചീത്ത പറയും. ഞാന്‍ സിനിമയില്‍ എന്തെങ്കിലുമൊക്കെ കൃത്യമായി ചെയ്യുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ അനുഗ്രഹമാണ്. എല്ലാവരുടെ ലൈഫിലും ഇങ്ങനെ ഒരാളുണ്ടാകും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Actor Vijayakumar Prabhakaran talks about directors Rajeev Ravi and Srinath Rajendran

We use cookies to give you the best possible experience. Learn more