| Saturday, 24th August 2024, 8:55 pm

വിജയ് പാടിയ ആ പാട്ടിന് എന്റെ പഴയ പാട്ടുമായി സാമ്യമുണ്ടെന്ന് കണ്ടുപിടിച്ചത് ട്രോളന്മാരാണ്: വിജയകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സഹനടനായി കരിയര്‍ തുടങ്ങി പിന്നീട് നായകനടനായും തിളങ്ങിയ നടനാണ് വിജയകുമാര്‍. ഷാജി കൈലാസ്, ജോഷി എന്നിവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ വിജയകുമാറിനെ സോഷ്യല്‍ മീഡിയയുടെ വരവോടെ ചീറ്റിങ് സ്റ്റാര്‍ എന്ന വിളിപ്പേര് നല്‍കി. നിവ്‌ന# പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യയിലും വിജയകുമാര്‍ ഭാഗമായിരുന്നു.

നായകന്റെ കൂടെ നിന്ന് ക്ലൈമാക്‌സില്‍ ചതിക്കുന്ന തരത്തിലുള്ള ഒന്നിലധികം കഥാപാത്രങ്ങള്‍ ചെയ്ത വിജയകുമാറിനെ സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടുകൂടി ചീറ്റിങ് സ്റ്റാര്‍ എന്ന് പലരും വിശേഷിപ്പിച്ചു. അത്തരം ട്രോളുകള്‍ കാണാറുണ്ടെന്നും ചിലത് തന്നെ ഒരുപാട് ചിരിപ്പിക്കാറുണ്ടെന്നും വിജയകുമാര്‍ പറഞ്ഞു. തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന ഒരുവിധം എല്ലാ പോസ്റ്റുകളും വായിച്ചിട്ടുണ്ടെന്നും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

തമിഴ് താരം വിജയ്‌യുടെ പുതിയ സിനിമയായ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിലെ വിജയ് പാടിയ പാര്‍ട്ടി സോങ് തന്റെ പഴയ സിനിമയായ ശംഭവിലെ പാട്ടിന്റെ കോപ്പിയാണെന്ന് കണ്ടുപിടിച്ചത് ട്രോളന്മാരാണെന്ന് വിജയകുമാര്‍ പറഞ്ഞു. അധികമാരും കേട്ടിട്ടില്ലാത്ത ജാസിഗിഫ്റ്റിന്റെ ആ പാട്ട് വീണ്ടും ചര്‍ച്ചയാവാന്‍ കാരണം സോഷ്യല്‍ മീഡിയയാണെന്നും വിജയകുമാര്‍ പറഞ്ഞു. ചീറ്റിങ് സ്റ്റാറിന്റെ പാട്ട് വരെ മോഷ്ടിക്കുന്നോ എന്ന കമന്റ് തന്നെ ചിരിപ്പിച്ചെന്നും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു വിജയകുമാര്‍.

‘ചീറ്റിങ് സ്റ്റാര്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ എന്നെ പലരും വിളിക്കുന്നത്. സത്യം പറഞ്ഞാല്‍ ഒന്നോ രണ്ടോ സിനിമയില്‍ മാത്രമേ എന്റെ ക്യാരക്ടര്‍ നായകനെ ചതിക്കുന്നുള്ളൂ. സോഷ്യല്‍ മീഡിയയില്‍ വരുന്ന എന്നെപ്പറ്റിയുള്ള ഒരുവിധം എല്ലാ ട്രോളുകളും ഞാന്‍ കാണാറുണ്ട്. ചില കാര്യങ്ങള്‍ നമ്മളെ അറിയിക്കുന്നതും ഇതേ ട്രോളന്മാരാണ്.

അതിന്റെ ഏറ്റവും വലിയ ഉദാഹരണം ഈയടുത്ത് നടന്നിരുന്നു. വിജയ് നായകനായ പുതിയ സിനിമയില്‍ പുള്ളി പാടിയ പാര്‍ട്ടി സോങ് റിലീസായി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഒരു ട്രോള്‍ ഇറങ്ങി. ആ പാട്ടിന് ഞാന് നായകനായ ശംഭു എന്ന സിനിമയിലെ ‘ഓടും കുതിരക്കുട്ടി’ എന്ന പാട്ടുമായി സിമിലാരിറ്റി ഉണ്ടെന്ന് കണ്ടുപിടിച്ചത് ട്രോളന്മാരായിരുന്നു. അതിന് വന്ന ഒരു കമന്റ് എന്നെ കുറേ ചിരിപ്പിച്ചു. ‘ചീറ്റിങ് സ്റ്റാറിന്റെ പാട്ട് കോപ്പിയടിച്ചു ജീവിക്കുന്നോ’ എന്നായിരുന്നു ആ കമന്റ്,’ വിജയകുമാര്‍ പറഞ്ഞു.

Content Highlight: Actor Vijayakumar about party song by Vijay in The Greatest of All Time

We use cookies to give you the best possible experience. Learn more