'ടെലഫോണ്‍ ബൂത്തില്‍ നിന്ന് തമിഴ് സിനിമാലോകത്തേയ്ക്ക്' ; തമിഴ് സിനിമയുടെ മുഖം മാറ്റിയ വിജയ് സേതുപതിയുടെ ജീവിതയാത്ര ഇങ്ങനെ
Daily News
'ടെലഫോണ്‍ ബൂത്തില്‍ നിന്ന് തമിഴ് സിനിമാലോകത്തേയ്ക്ക്' ; തമിഴ് സിനിമയുടെ മുഖം മാറ്റിയ വിജയ് സേതുപതിയുടെ ജീവിതയാത്ര ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th July 2017, 5:12 pm

ചെന്നൈ: തമിഴ് സിനിമാ ലോകത്തെ പുത്തന്‍ താരോദയമാണ് വിജയ് സേതുപതി. വ്യത്യസ്തമായ സിനിമകള്‍കൊണ്ട് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ വിജയ് സേതുപതിക്ക് കഷ്ടതകള്‍ നിറഞ്ഞ ഒരു ചരിത്രം കൂടിയുണ്ട്.

തമിഴ്‌നാട്ടിലെ വിരുതനഗര്‍ ജില്ലയിലെ രാജപാളയത്താണ് വിജയ് സേതുപതിയുടെ ജനനം. ഒരിക്കല്‍ കൂട്ടുകാരുടെ കൂടെ ഷൂട്ടിംഗ് കാണാന്‍ പോയ വിജയ് സേതുപതിക്ക് മാത്രം ആ സിനിമയില്‍ മുഖം കാണിക്കാനായില്ല. കൂടെ വന്നവരെയെല്ലാം ചെറിയ രംഗത്തേക്ക് പരിഗണിച്ചെങ്കിലും ഉയരം കുറവായതിനാല്‍ സേതുപതിയെ ഒഴിവാക്കുകയായിരുന്നു.

എന്നിരുന്നാലും സേതുപതിക്ക് അതില്‍ വലിയ വിഷമമൊന്നുമില്ലായിരുന്നു. സിനിമ എന്നതിനേക്കാള്‍ സാമ്പത്തികമായ അതിജീവനമായിരുന്നു അന്നത്തെ പ്രധാന ചിന്താവിഷയം. ഇതേ കാരണം കൊണ്ട് തന്നെയാണ് സിനിമയിലേക്ക് വരുന്നതും.


Also Read: ‘സ്‌കൂളിലെ പ്രിന്‍സിപ്പല്‍ അടക്കം 70 ശതമാനം അധ്യാപകരും ഹിന്ദുക്കളാണ്, ആരോടും വിവേചനം കാണിച്ചിട്ടില്ല’; പായസ വിവാദത്തില്‍ രക്ഷിതാവിന്റെ വാദങ്ങളെ തള്ളി സ്‌കൂള്‍ അധികൃതര്‍


” പത്ത് ലക്ഷം രൂപയുടെ ലോണ്‍ ഉണ്ടായിരുന്നു. അന്ന് വേറെ വഴിയുണ്ടായിരുന്നില്ല. അങ്ങനെയാണ് സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാമെന്ന് വച്ചത്. എന്നാല്‍ 25000 രൂപയാണ് സമ്പാദിക്കാനായത്. കുടുംബം പുലര്‍ത്താന്‍ അത് തികയുമായിരുന്നില്ല.”

ടെക്‌സ്റ്റൈല്‍ ജീവനക്കാരനായും ടെലഫോണ്‍ ബൂത്തിലുമെല്ലാം അക്കാലത്ത് താന്‍ ജോലി ചെയ്തിട്ടുണ്ടെന്ന് വിജയ് സേതുപതി പറയുന്നു.

ചെന്നൈയിലെ എച്ച്. ആര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ജോലിക്കാരിയായിരുന്ന ജെസിയുമായി പ്രണയത്തിലായ വിജയ് സേതുപതി വിവാഹത്തിനു ശേഷമാണ് വീണ്ടും സിനിമാരംഗത്തെത്തുന്നത്. തമിഴ് നാട്ടിലെ പ്രമുഖ തിയറ്റര്‍ പരിശീലക സംഘമായ കുത്തു പട്ടരൈയുടെ അഭിനയക്കളരിയില്‍ അഭിനയം പഠിക്കാന്‍ ചെന്നെങ്കിലും അവിടെ കോഴ്‌സ് നിര്‍ത്തിവെച്ച സമയമായിരുന്നു. ശമ്പളം കുറവായിരുന്നെങ്കിലും അവിടെ അക്കൗണ്ടിന്റെ ജോലിയില്‍ പ്രവേശിച്ചു.

“ഇടയ്ക്ക് ഭാര്യ സിനിമമോഹം ഉപേക്ഷിക്കാന്‍ പറഞ്ഞെങ്കിലും ഭാര്യക്ക് നല്‍കിയ ഉറപ്പ് പാലിക്കാനായില്ല. തുടര്‍ച്ചയായി തെരുവുനാടകങ്ങള്‍ കളിച്ച് തന്നിലെ അഭിനേതാവിനെ പാകപ്പെടുത്തുകയായിരുന്നു ലക്ഷ്യം.”

2011 ല്‍ കലൈഞ്ജര്‍ ടി.വി.യിലെ നാളെ ഇയക്കുനര്‍ ( നാളെയുടെ സംവിധായകന്‍) എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിജയ് സേതുപതി ഉദയം ചെയ്യുന്നത്. ഇതേ റിയാലിറ്റി ഷോയുടെ കണ്ടെത്തലുകളാണ് കാര്‍ത്തിക് സുബ്ബരാജ്, അല്‍ഫോണ്‍സ് പുത്രന്‍, നളന്‍ കുമാരസ്വാമി, എം മണികണ്ഠന്‍ എന്നിവരും.

ഇടയ്ക്ക് തമിഴ് സിനിമയില്‍ വന്ന നവതരംഗം വീണ്ടും സജീവമായപ്പോള്‍ അതിന്റെ അമരത്ത് വിജയ് സേതുപതിയുമുണ്ടായിരുന്നു. പിസ, സുതുകവും, പണ്ണൈയാരും പത്മിനിയും, സേതുപതി, വിക്രം വേദ എന്നിവ പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ വിസ്മയിപ്പിച്ച വിജയ് സേതുപതി സിനിമകളാണ്.