| Monday, 10th May 2021, 12:22 pm

എത്രയൊക്കെ ശ്രമിച്ചിട്ടും ശില്‍പയെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല; സംവിധായകന്‍ ദേഷ്യപ്പെട്ട് പാക്കപ്പ് വരെ പറഞ്ഞു: അനുഭവം പങ്കുവെച്ച് വിജയ് സേതുപതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു കഥാപാത്രത്തിന് വേണ്ടിയും താന്‍ ഇതുവരെ തയ്യാറെടുപ്പുകള്‍ ഒന്നും നടത്തിയിട്ടില്ലെന്നും ഏത് വേഷമായാലും ചിത്രീകരണം തുടങ്ങി ഒന്നുരണ്ട് ദിവസത്തിനുള്ളില്‍ താന്‍ ആ കഥാപാത്രമായി മാറുകയായിരുന്നു പതിവെന്നും നടന്‍ വിജയ് സേതുപതി.

എന്നാല്‍ സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തിലെ ട്രാന്‍സ്‌ജെന്റര്‍ ശില്പ എന്ന കഥാപാത്രമായി അഭിനയിക്കാന്‍ തനിക്ക് തുടക്കത്തില്‍ സാധിച്ചില്ലെന്നും ശില്പയായി മാറാന്‍ തനിക്ക് ഏറെ ദിവസം ബുദ്ധിമുട്ടേണ്ടി വന്നെന്നും വിജയ് സേതുപതി പറയുന്നു. ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അന്ന് താന്‍ നേരിട്ട വെല്ലുവിളിയെ കുറിച്ച് വിജയ് സേതുപതി തുറന്നുപറഞ്ഞത്.

‘തുടക്കത്തില്‍ ഭയമായിരുന്നു. എത്രയൊക്കെ ശ്രമിച്ചിട്ടും ശില്പയെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഞാന്‍ ഞാനായിത്തന്നെ നില്‍ക്കുന്നു. സാരി, വിഗ്, ലിപ്സ്റ്റിക് എല്ലാം വെച്ചിട്ടും എനിക്കും ശില്പയ്ക്കും ഇടയില്‍ വലിയ അകലം ഉള്ളതുപോലെ തോന്നി.

അതിനാല്‍ നിറയെ ടേക്കുകള്‍ വേണ്ടിവന്നു. ശില്പയുടെ മാനറിസം എന്നില്‍ നിന്ന് ശരിയായി വരാത്തതിനാല്‍ സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജം ദേഷ്യപ്പെട്ട് പാക്ക് പറഞ്ഞു.

പിന്നീട് ഷൂട്ടിംഗ് തുടര്‍ന്നപ്പോള്‍ പതുക്കെ ശില്പയെ ഉള്‍ക്കൊള്ളാന്‍ തുടങ്ങി. ഞാന്‍ ശില്പയായി മാറി. ശില്പയെ അവതരിപ്പിച്ചത് വ്യത്യസ്ത അനുഭവമായിരുന്നു. അതിനിപ്പോള്‍ ദേശീയ അംഗീകാരം ലഭിച്ചതോടെ ഇരട്ടി ആഹ്ലാദമായി,’ വിജയ് സേതുപതി പറയുന്നു.

വലിയ നായകവേഷം ലഭിച്ചതിനുശേഷവും വില്ലനായും ചെറിയ കഥാപാത്രങ്ങളിലും തുടര്‍ന്നും അഭിനയിക്കുന്നു. ഇത് താങ്കളുടെ നായക ഇമേജിനെ ബാധിക്കില്ലേ എന്ന ചോദ്യത്തിന് നടന്‍ ഒരു വട്ടത്തിന്റെ ഉള്ളില്‍ ഒതുങ്ങിക്കൂടാന്‍ പാടില്ല എന്നാണ് തന്റെ അഭിപ്രായം എന്നായിരുന്നു വിജയ് സേതുപതിയുടെ മറുപടി. അതുകൊണ്ടാണ് കഥാപാത്രത്തിന്റെ വലുപ്പച്ചെറുപ്പം നോക്കാതെ  അഭിനയിക്കുന്നതെന്നും വിജയ് സേതുപതി പറഞ്ഞു.

‘അത് മാത്രമല്ല ഇന്നത്തെ പ്രേക്ഷകരുടെ മനോഭാവവും വല്ലാതെ മാറിയിട്ടുണ്ട്. പണ്ടത്തെപോലെ തന്റെ ഇഷ്ടനായകന്‍ അടിവാങ്ങുന്നതും മരിക്കുന്നതും ചെറിയ വേഷത്തില്‍ അഭിനയിക്കാന്‍ പാടില്ലാ എന്ന മനോഭാവമൊന്നും ഇന്നത്തെ പ്രേക്ഷകര്‍ക്കില്ല.

ഇഷ്ടപ്പെട്ട കഥാപാത്രം വന്നാല്‍ വലിപ്പ ചെറുപ്പം നോക്കാതെയാണ് അഭിനയിക്കുന്നത്. പ്രേക്ഷകരുടെ ആസ്വാദന മനോഭാവത്തെ മാറ്റുന്നതില്‍ നടന്‍മാര്‍ക്കും മുഖ്യപങ്കുണ്ട്. ഞാന്‍ കഠിനാദ്ധ്വാനം ചെയ്ത കാലത്ത് ഏതെങ്കിലും വിധത്തില്‍ എന്നെ സഹായിച്ച സുഹൃത്തുക്കള്‍ വന്ന് തന്റെ ചിത്രത്തില്‍ ഒരു ചെറിയ കഥാപാത്രമുണ്ട്, അഭിനയിച്ചാല്‍ നന്നായിരിക്കും, അത് എന്റെ ചിത്രത്തിന്റെ പ്രൊമോഷനും വ്യാപാരത്തിനും സഹായം ആവും എന്ന് പറയുമ്പോള്‍ അതിനെ നിരസിക്കാന്‍ കഴിയാറില്ല.

അതുകൊണ്ടാണ് ചെറുതോ വലുതോ എന്നു നോക്കാതെ ചില വേഷങ്ങളില്‍ അഭിനയിക്കുന്നത്. അതുകൊണ്ട് എന്റെ നായക ഇമേജ് നഷ്ടപ്പെടുമെങ്കില്‍ അത് എനിക്ക് പ്രശ്‌നമില്ല. നമ്മളാല്‍ കഴിയുന്ന സഹായം മറ്റുള്ളവര്‍ക്ക് ചെയ്യണമെന്നത് എന്റെ പോളിസിയാണ്,’ വിജയ് സേതുപതി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Vijay Sethupathi About super Delex Movie and Character Shilpa

We use cookies to give you the best possible experience. Learn more