ആരുടേയും എ ടീമോ ബി ടീമോ അല്ല; 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും; ടി.വി.കെയുടെ ആദ്യ സമ്മേളനത്തില്‍ വിജയ്
national news
ആരുടേയും എ ടീമോ ബി ടീമോ അല്ല; 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും; ടി.വി.കെയുടെ ആദ്യ സമ്മേളനത്തില്‍ വിജയ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th October 2024, 6:11 pm
ബി.ജെ.പി ആശയപരമായി എതിരാളിയും ഡി.എം.കെ രാഷ്ട്രീയ എതിരാളിയുമെന്നും വിജയ്

ചെന്നൈ: പാര്‍ട്ടി നയം പ്രഖ്യാപിച്ച് നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം. വില്ലുപുരം വിക്രവണ്ടിയില്‍ നടന്ന പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിലാണ് പാര്‍ട്ടി നയം പ്രഖ്യാപിച്ചത്.

‘ജനിച്ചവരെല്ലാം തുല്യര്‍’ എന്നാണ് പാര്‍ട്ടിയുടെ നയം. സമത്വമുള്ള സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. സാമൂഹിക നീതിയില്‍ ഊന്നിയ മതേതര സമൂഹം പടുത്തുയര്‍ത്തുക എന്നതും പാര്‍ട്ടിയുടെ നയമാണ്.

വിജയ് പാര്‍ട്ടി പതാക ഉയര്‍ത്തിക്കൊണ്ടാണ് ടി.വി.കെയുടെ സമ്മേളനം ആരംഭിച്ചത്. നേരത്തെ പുറത്തിറക്കിയ പാര്‍ട്ടിയുടെ പതാക ഗാനവും സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്തുപാട്ടും സമ്മേളനത്തില്‍ ആലപിക്കുകയുണ്ടായി.

സമ്മേളനത്തില്‍, രാഷ്ട്രീയത്തിലും മാറ്റം വരണമെന്ന് വിജയ് പറഞ്ഞു. രാഷ്ട്രീയത്തില്‍ താനൊരു കുട്ടിയാണെന്നുള്ള വിമര്‍ശനമുണ്ട്. എന്നാല്‍ പാമ്പായാലും പൊളിറ്റിക്സായാലും ഭയമില്ലാതെ അവയെ കൈയിലെടുത്ത് പ്രവര്‍ത്തിക്കാം എന്ന ധൈര്യത്തോട് കൂടിയാണ് ഈ പോരാട്ടം തുടങ്ങിയതെന്നും വിജയ് പറഞ്ഞു.

അഴിമതി എന്നത് ഒരു വൈറസാണെന്നും താന്‍ ആരുടേയും വിശ്വാസത്തെ ഹനിക്കില്ലെന്നും വിജയ് പറഞ്ഞു. പെരിയാറും കാമരാജും അംബേദ്ക്കറും വഴികാട്ടികളാണെന്നും അദ്ദേഹം സമ്മേളനത്തില്‍ വ്യക്തമാക്കി.

ഗൗരവത്തോടെയും പുഞ്ചിരിച്ചും സമൂഹത്തില്‍ ഇടപെഴുകുമെന്നും രാഷ്ട്രീയം മാറുന്നില്ലെങ്കില്‍ മാറ്റുമെന്നും വിജയ് പറഞ്ഞു. തറയും ചുമരും ഒരുപോലെ ശക്തമായാല്‍ മാത്രമേ വീടിന് ഉറപ്പുണ്ടാവുള്ളുവെന്നും വിജയ് ചൂണ്ടിക്കാട്ടി.

രാഷ്ട്രീയത്തില്‍ ഒത്തുതീര്‍പ്പില്ലെന്നും വിജയ് കൂട്ടിച്ചേര്‍ത്തു. വാക്കിലല്ല കാര്യം പ്രവൃത്തിയിലാണെന്നും അദ്ദേഹം പറഞ്ഞു. ടി.വി.കെ ആരുടേയും എ ടീമോ ബി ടീമോ അല്ലെന്നും പണത്തിന് വേണ്ടിയല്ല, മാന്യമായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു. ഇനി ഒരു പിന്മാറ്റമില്ലെന്നും ശക്തമായി പോരാടുമെന്നും വിജയ് പറഞ്ഞു. ദ്രാവിഡ മോഡല്‍ പറഞ്ഞ് ഡി.എം.കെ ജനങ്ങളെ വഞ്ചിക്കുന്നുവെന്നും വിജയ് വിമര്‍ശിച്ചു.

ജീവിക്കാനായി ഭക്ഷണം, വീട്, വസ്ത്രം എന്നിവ ഉറപ്പാക്കുക എന്നതാണ് ടി.വി.കെയുടെ അജണ്ട. ഇത് നല്‍കാന്‍ കഴിയാത്ത സര്‍ക്കാര്‍ ഭരണത്തില്‍ തുടരുന്നതിനേക്കാള്‍ നല്ലത് ഇല്ലാതാവുന്നതല്ലേ നല്ലതെന്നും വിജയ് ചോദിച്ചു.

കൂത്ത് എന്നത് തമിഴ്‌നാട് മണ്ണിന്റെ ജീവനാണെന്നും തമിഴര്‍ക്ക് സിനിമ വെറും ഡാന്‍സും പാട്ടും മാത്രമല്ലെന്നും വിജയ് പറഞ്ഞു. ബി.ജെ.പി ആശയപരമായി എതിരാളിയും ഡി.എം.കെ രാഷ്ട്രീയ എതിരാളിയുമെന്നും വിജയ് വ്യക്തമാക്കി. എതിരാളി ആരായാലും മാന്യമായി എതിർക്കുമെന്നും വിജയ് പറഞ്ഞു.

സമ്മേളനത്തില്‍ ഒരു ലക്ഷത്തോളം ആളുകളാണ് പങ്കെടുത്തത്. രണ്ട് ലക്ഷം ആളുകള്‍ക്ക് പങ്കെടുക്കന്‍ കഴിയുന്ന സൗകര്യങ്ങളോട് കൂടിയാണ് ടി.വി.കെ സംഘാടകര്‍ സമ്മേളന വേദി ഒരുക്കിയത്.

Content Highlight: Actor Vijay’s party Tamizhaka Vetri Kazhakam has announced the party policy