| Thursday, 8th April 2021, 10:29 am

കമ്യൂണിസത്തില്‍ സമത്വം എന്നാല്‍ എല്ലാവരും തുല്യരാണ്, അതാണ് വിജയ്‌യുടെ സൈക്കിള്‍ യാത്ര മുന്നോട്ടുവെച്ചത്; അച്ഛന്‍ ചന്ദ്രശേഖര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: വോട്ടെടുപ്പ് ദിനത്തിലെ നടന്‍ വിജയ് യുടെ സൈക്കിള്‍ യാത്രയില്‍ പ്രതികരണവുമായി അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍. സാധാരണക്കാരിലൊരാളായാണ് വിജയ് എന്നും നിലകൊണ്ടിട്ടുള്ളതെന്നും സമത്വത്തിന്റെ സന്ദേശമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വിജയ് സൈക്കിളില്‍ വന്നത് വൈറലായിരുന്നു. തെരഞ്ഞെടുപ്പില്‍ നമ്മള്‍ സ്വയം എങ്ങനെ അടയാളപ്പെടുത്തുന്നുവെന്നത് പ്രധാനപ്പെട്ടതാണ്. ഒരു പൗരനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തിയെ വിലയിരുത്തുമ്പോള്‍ എനിക്ക് തോന്നുന്നത് സാധാരണ ജനങ്ങളിലൊരാളായാണ് വിജയ് കടന്നുവന്നത് എന്നാണ്.

വലിയ നടനായോ വി.ഐ.പിയായോ പോകണം എന്ന് വിചാരിക്കാതെ സമത്വം എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് അദ്ദേഹം സൈക്കിളില്‍ യാത്ര ചെയ്തത്. കമ്യൂണിസത്തില്‍ സമത്വം എന്നാല്‍ എല്ലാവരും തുല്യരാണ് എന്നാണ്. ഒരു സാധാരണക്കാരനായ ഇന്ത്യക്കാരനായി, തമിഴിനായാണ് വിജയ് പോയത് എന്നാണ് ഞാന്‍ കരുതുന്നത്,’ ചന്ദ്രശേഖര്‍ പറഞ്ഞു.

ഇന്ധനവില വര്‍ധനയക്കെതിരെയുള്ള പ്രതിഷേധമായിരുന്നോ സൈക്കിള്‍ യാത്ര എന്ന ചോദ്യത്തോടും ചന്ദ്രശേഖര്‍ പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം ക്യൂവില്‍ നിന്നാണ് അദ്ദേഹം വോട്ട് ചെയ്തത്. അതായത് സാധാരണക്കാരില്‍ ഒരാളായാണ് വിജയ് സ്വയം കരുതുന്നതെന്നാണ് താന്‍ കരുതുന്നതെന്നായിരുന്നു ചന്ദ്രശേഖരന്റെ മറുപടി.

രാഷ്ട്രീയത്തിലേക്ക് ആര്‍ക്കും കടന്നുവരാമെന്നും എന്നാല്‍ ആ മേഖലയില്‍ വിജയിക്കുന്നതും പരാജയപ്പെടുന്നതും ജനങ്ങളുടെ കയ്യിലാണെന്നും വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. വിജയ്‌യെ എം.ജി. ആറിനോട് ആളുകള്‍ ഉപമിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

വോട്ടെടുപ്പ് ദിനത്തിലെ വിജയ് യുടെ പോളിംഗ് ബൂത്തിലേക്കുള്ള സൈക്കിള്‍ യാത്ര ദേശീയ തലത്തിലടക്കം ചര്‍ച്ചയായിരുന്നു. വിജയ് സൈക്കിളില്‍ എത്തിയത് അണ്ണാ ഡി.എം.കെ – ബി.ജെ.പി മുന്നണിക്കും പെട്രോള്‍ വില വര്‍ധനവിനുമെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്നാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ട്വിറ്ററില്‍ പെട്രോള്‍-ഡീസല്‍ പ്രൈസ് ഹൈക്ക് എന്ന ടാഗ് ഹിറ്റാവുകയും ചെയ്തിരുന്നു.

എന്നാല്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് വിജയ് പ്രതികരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ഔദ്യോഗിക പ്രസ്താവനയും പുറുത്തുവന്നിട്ടില്ല. വോട്ട് ചെയ്യാനായി സൈക്കിളില്‍ വിജയ് എത്തിയതില്‍ മറ്റു ലക്ഷ്യങ്ങളില്ലെന്നാണ് വിജയ്യുടെ പി.ആര്‍ മാനേജര്‍ റിയാസ് കെ അഹമ്മദ് ട്വീറ്റ് ചെയ്തത്. വിജയ്യുടെ വീട് അടുത്ത് ആയതിനാലാണ് സൈക്കിളില്‍ വന്നത്, കാറില്‍ വന്നാല്‍ പാര്‍ക്ക് ചെയ്യാന് സ്ഥലമുണ്ടാവില്ലെന്നും മറ്റു ലക്ഷ്യങ്ങള്‍ ഇല്ലെന്നുമാണ് റിയാസ് ട്വിറ്ററിലൂടെ പറഞ്ഞിരുന്നത്.

ഇപ്പോള്‍ അച്ഛന്റെ വിശദീകരണം വന്നതോടെ വിജയ് പ്രതികരണവുമായെത്തുമോയെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. നേരത്തെ വിജയ് യുടെ പേരില്‍ അനുവാദമില്ലാതെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച ചന്ദ്രശേഖരന്റെ നടപടിക്കെതിരെ വിജയ് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അച്ഛനും വിജയ്‌യും തമ്മില്‍ തര്‍ക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Actor Vijay’s father Chandrasekhar about Vijay’s cycle ride to polling booth in Tamilnadu Election 2021

We use cookies to give you the best possible experience. Learn more