ആ സീനിന് ശേഷം പ്രണവില്‍ മാറ്റമുണ്ടായിട്ടുണ്ടെന്ന് പറഞ്ഞു, എനിക്ക് സങ്കടം വരുന്നത് കണ്ടപ്പോള്‍ അവനും കരഞ്ഞു: വിജയരാഘവന്‍
Entertainment news
ആ സീനിന് ശേഷം പ്രണവില്‍ മാറ്റമുണ്ടായിട്ടുണ്ടെന്ന് പറഞ്ഞു, എനിക്ക് സങ്കടം വരുന്നത് കണ്ടപ്പോള്‍ അവനും കരഞ്ഞു: വിജയരാഘവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 4th April 2023, 4:41 pm

ഹൃദയം സിനിമയില്‍ പ്രണവ് മോഹന്‍ലാലിനെ കെട്ടിപ്പിടിക്കുന്ന സീനിനെക്കുറിച്ച് പറയുകയാണ് നടന്‍ വിജയരാഘവന്‍. താന്‍ കെട്ടിപ്പിടിച്ചതിന് ശേഷം പ്രണവില്‍ മാറ്റമുണ്ടായിട്ടുണ്ടെന്ന് സെറ്റിലുള്ളവര്‍ പറഞ്ഞെന്നും എന്ത് മാജിക്കാണ് ആ സീനില്‍ കാണിച്ചതെന്ന് വിനീത് ശ്രീനിവാസനും വന്ന് ചോദിച്ചിരുന്നെന്നും വിജയ രാഘവന്‍ പറഞ്ഞു.

”ഹൃദയം സിനിമയില്‍ പ്രണവിനെ ഹഗ് ചെയ്യുന്ന സീനിന് ശേഷം പ്രണവില്‍ മാറ്റമുണ്ടായിട്ടുണ്ടെന്ന് വിനീത് എന്നോട് പറഞ്ഞു. കെട്ടിപ്പിടുത്തത്തിന് മുമ്പും ശേഷവുമുള്ള പ്രണവ് രണ്ടും രണ്ടാണെന്നാണ് ക്രൂവിലുള്ളവര്‍ പറഞ്ഞത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വിജയരാഘവന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

എന്ത് മാജിക്കാണ് ഞാന്‍ കെട്ടിപ്പിടിക്കുമ്പോള്‍ ചെയ്തതെന്ന് വിനീത് എന്നോട് ചോദിച്ചിരുന്നു. അത് പക്ഷെ മാജിക്ക് ഒന്നുമല്ല. അപ്പു ആരുടെ അടുത്തും അധികം സംസാരിക്കാറില്ല. എന്നോടും അങ്ങനെ ആയിരുന്നു.

പ്രത്യേകിച്ച് ലാലിന്റെ സുഹൃത്താണല്ലോ ഞാന്‍. അച്ഛന്റെ സുഹൃത്തായ ഒരാളും കൂടിയാകുമ്പോള്‍ സ്വഭാവികമായിട്ടും നമ്മുടെ അടുത്ത് നിന്ന് സ്വല്‍പ്പം അകന്ന് അല്ലെ നില്‍ക്കുക. ആ അകല്‍ച്ച നമ്മള്‍ ഒന്ന് മാറ്റി അത്രയേ അന്ന് സംഭവിച്ചിട്ടുള്ളൂ.

ഒരു സിഗരറ്റ് ഉണ്ടെങ്കില്‍ താ മോനെയെന്ന് പറഞ്ഞപ്പോള്‍ അവന്‍ എന്നെ ഒന്ന് നോക്കി. ഉണ്ടോയെന്ന് ഞാന്‍ പിന്നെയും ചോദിച്ചപ്പോള്‍ അവന്‍ കൂടെയുള്ള പയ്യനെ വിളിച്ചിട്ട് ഒരു സിഗരറ്റ് എനിക്ക് തരാന്‍ പറഞ്ഞു.

ഞാന്‍ അത് കത്തിച്ച് നീ വലിക്കില്ലേയെന്ന് അവനോട് ചോദിച്ചു. അങ്ങനെ കുറച്ച് സംസാരങ്ങള്‍ ഉണ്ടായി. അവര്‍ക്ക് നമ്മളോടുള്ള അകലം കുറഞ്ഞാല്‍ മതി.

അവന്‍ എന്നെ ഹഗ് ചെയ്യുമ്പോള്‍ എന്റെ കണ്ണിലേക്ക് തന്നെ നോക്കണമെന്ന് ഞാന്‍ പറഞ്ഞു. കണ്ണിലേക്ക് നോക്കുമ്പോള്‍ എനിക്ക് സങ്കടം വരും അപ്പോള്‍ അവനും സങ്കടം വരും. അത് നാച്ചുറലായിട്ട് ഉണ്ടായതാണ്. എവിടെയോ ഒരു ബ്ലോക്ക് ഉണ്ടായിരുന്നു അത് മാറിയെന്ന് മാത്രമേയുള്ളൂ,” വിജയരാഘവന്‍ പറഞ്ഞു.

content highlight: actor vijay raghavan about pranav mohanlal