ചെന്നൈ: ദളപതി വിജയ്‌യുടെ ഫാന്‍സ് അസോസിയേനായ വിജയ് മക്കള്‍ ഇയക്കത്തിന്റെ മുന്‍ ഭാരവാഹികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി വിജയ്. തന്റെ ഉടമസ്ഥതയില്‍ ഉള്ള ഫ്‌ളാറ്റില്‍ നിന്ന് ഒഴിയാന്‍ വിസമ്മതിക്കുന്നെന്ന് കാണിച്ചാണ് വിജയ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ഫാന്‍സ് അസോസിയേഷന്‍ മുന്‍ ഭാരവാഹികളാ രവിരാജയ്ക്കും എ.സി കുമാറിനുമെതിരേയാണ് വിജയുടെ വക്കീല്‍ വിരുഗംബക്കം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
സാലി ഗ്രാമില്‍ ഉള്ള വിജയ്‌യുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റിലാണ് ഇരുവരും താമസിച്ചിരുന്നത്. എന്നാല്‍ പിന്നീട് സംഘടന വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ഇരുവരെയും ഫാന്‍സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഫ്‌ളാറ്റില്‍ നിന്ന് ഒഴിയാന്‍ വിജയ് ഇരുവരോടും ആവശ്യപ്പെട്ടത്. എന്നാല്‍ ആവശ്യം ഇവര്‍ നിരസിക്കുകയായിരുന്നു. അതേസമയം വിജയ്‌യുടെ അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍ വിജയ്‌യുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമിച്ചപ്പോഴും രവിരാജയും എ.സി കുമാറുമായിരുന്നു കൂടെയുണ്ടായിരുന്നത്.
എന്നാല്‍ തീരുമാനത്തിനെതിരെ വിജയ് നേരിട്ട് രംഗത്ത് എത്തിയതോടെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്ന് ചന്ദ്രശേഖര്‍ പിന്‍മാറുകയായിരുന്നു. ഇതിന് പിന്നാലെ തന്റെ സ്വന്തം പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തിലാണ് എസ്.എ ചന്ദ്രശേഖര്‍.
എസ്.എ ചന്ദ്രശേഖര്‍ മക്കള്‍ ഇയക്കം എന്ന പേരിലാണ് പാര്‍ട്ടി രൂപീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വിജയ്‌യുടെ എറ്റവും പുതിയ ചിത്രം മാസ്റ്റര്‍ റിലീസിന് ഒരുങ്ങുകയാണ്.
കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്റ്റര്‍ കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു. ബോക്സ് ഓഫീസില്‍ വലിയ വിജയമായി തീര്‍ന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍.
ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
വിജയും വിജയ് സേതുപതിയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. വിജയ്യുടെ 64ാമത് ചിത്രമാണിത്. ‘ദളപതി 64’ എന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെടുന്നത്.
ചിത്രത്തില്‍ കോളേജ് പ്രൊഫസറുടെ വേഷമാണ് വിജയ് ചെയ്യുന്നത്. ദല്‍ഹി, കര്‍ണ്ണാടക, ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണമുണ്ടായത്. ചിത്രത്തിന്റെ പുറത്തുവന്ന പോസ്റ്ററുകളും ട്രെയ്‌ലറും പാട്ടുകളുമെല്ലാം വലിയ ഹിറ്റായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Actor Vijay lodge complaint with police against his old fans