| Thursday, 19th December 2024, 2:13 pm

അംബേദ്‌കർ എന്ന പേരിനോട് ചിലർക്ക് അലർജി: അമിത് ഷായുടെ പരാമർശത്തെ വിമർശിച്ച് വിജയ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പാർലമെൻ്റിൽ ബി.ആർ അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തിന്പിന്നാലെ രൂക്ഷ വിമർശനവുമായി തമിഴ് നടനും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനുമായ വിജയ്.

സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്. ചിലർക്ക് അംബേദ്കറുടെ പേരിനോട് ‘അലർജി’ ഉണ്ടാകാം എന്നാൽ അംബേദ്ക്കറിനെ അപമാനിക്കാൻ നാം ഒരിക്കലും അവസരം നൽകരുതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

‘ചിലർക്ക് അംബേദ്കർ എന്ന പേരിനോട് അലർജിയുണ്ടാകാം. സ്വാതന്ത്ര്യത്തിൻ്റെ വായു ശ്വസിച്ച ഇന്ത്യയിലെ എല്ലാ ജനങ്ങളാലും ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. അംബേദ്കറിനെ അപമാനിക്കാന്‍ നാം ഒരിക്കലും അനുവദിക്കരുത് അദ്ദേഹത്തെ
അപമാനിച്ച അമിത് ഷായുടെ നടപടിയെ തമിഴക വെട്രി കഴകത്തിന്റെ പേരില്‍ ശക്തമായി അപലപിക്കുന്നു. അംബേദ്കര്‍… അംബേദ്കര്‍… അംബേദ്കര്‍… അദ്ദേഹത്തിന്റെ നാമം ഹൃദയം കൊണ്ടും അധരങ്ങൾ കൊണ്ടും ജനങ്ങൾ സന്തോഷത്തോടെ ഉച്ചരിക്കട്ടെ,’ അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയും കഴിഞ്ഞ ദിവസം മുന്നോട്ടെത്തിയിരുന്നു.

ചൊവ്വാഴ്ച രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിൽ അമിത് ഷാ അംബേദ്കറെ അപമാനിച്ചുവെന്ന് ആരോപിച്ച പ്രതിപക്ഷത്തെ പ്രധാനമന്ത്രി വിമർശിച്ചതിന് പിന്നാലെയാണ് ഖാർഗെയുടെ അഭിപ്രായപ്രകടനം.

അംബേദ്കറെ ബഹുമാനിക്കുന്നുവെങ്കിൽ അമിത് ഷായെ അർധരാത്രിയോടെ പ്രധാനമന്ത്രി മോദി പുറത്താക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ പ്രസംഗത്തിൽ, ബി.ആർ. അംബേദ്ക്കറുടെ പേര് കോൺഗ്രസ് വിളിച്ചതിന്റെ അത്രയും തന്നെ ദൈവത്തിന്റെ നാമം വിളിച്ചിരുന്നെങ്കിൽ സ്വർഗം കിട്ടിയേനെ എന്നാണ് അമിത് ഷാ പറഞ്ഞത്. അംബേദ്കറുടെ നാമം ജപിക്കുന്നത് ഇക്കാലത്ത് ഒരു പുതിയ ഫാഷനാണെന്നും അമിത് ഷാ പറഞ്ഞിരുന്നു.

Content Highlight: Actor Vijay lashes out at Amit Shah for Ambedkar remark, says ‘some people may be allergic

We use cookies to give you the best possible experience. Learn more