വിജയുടെ രാഷ്ട്രീയ പ്രവേശനത്തിനായി കാത്തിരിക്കുന്നു; കമല്‍ഹാസനേയും രജനീകാന്തിനേയും പിന്തുണച്ചതില്‍ ഖേദിക്കുന്നെന്നും വിജയുടെ പിതാവ്
India
വിജയുടെ രാഷ്ട്രീയ പ്രവേശനത്തിനായി കാത്തിരിക്കുന്നു; കമല്‍ഹാസനേയും രജനീകാന്തിനേയും പിന്തുണച്ചതില്‍ ഖേദിക്കുന്നെന്നും വിജയുടെ പിതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd February 2020, 10:22 am

 

ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ് രാഷ്ട്രീയത്തിലേക്കെന്ന സൂചന നല്‍കി പിതാവ് എസ്.എ ചന്ദ്രശേഖര്‍. വിജയ്‌ക്കെതിരെ ആദായ നികുതി വകുപ്പ് തുടര്‍ന്നുപോരുന്ന നടപടി വിവാദമായ സാഹചര്യത്തിലാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശന സൂചന നല്‍കി പിതാവ് രംഗത്തെത്തിയത്. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് എസ്.എ ചന്ദ്രശേഖര്‍ മനസുതുറന്നത്.

സിനിമയില്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നവര്‍ ജീവിതത്തിലും അങ്ങനെയാവണം എന്നാണ് തന്റെ ആഗ്രഹമെന്ന് വ്യക്തമാക്കിയ അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങാന്‍ വിജയ് ആഗ്രഹം പ്രകടിപ്പിച്ചാല്‍ അത് നിറവേറ്റുമെന്നും പറഞ്ഞു.

മക്കള്‍ ആഗ്രഹിക്കുന്നത് നിറവേറ്റുക എന്നതാണ് ഒരു അച്ഛന്റെ കടമ. എല്ലാ അച്ഛന്മാരും ആ കടമ നിറവേറ്റും. അതുപോലെ വിജയ് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിച്ചാല്‍ അത് നിറവേറ്റും. ഒരു നാള്‍ അത് സംഭവിക്കുമെന്നാണ് കരുതുന്നത്, ചന്ദ്രശേഖര്‍ പറഞ്ഞു.

വിജയ്ക്ക് അദ്ദേഹത്തിന്റെതായി രാഷ്ട്രീയ കാഴ്ചപാടുകളുണ്ടെന്ന് പറഞ്ഞ അദ്ദേഹം ശ്രീലങ്കന്‍ തമിഴ് പ്രശ്‌നം, തൂത്തുക്കുടി വെടിവെയ്പ്പ് എന്നിവയില്‍ വിജയ് സ്വീകരിച്ച നിലപാടുകളെ കുറിച്ചും എടുത്തുപറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തൂത്തുക്കുടി വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ വിജയ് രഹസ്യമായി സന്ദര്‍ശിച്ചിരുന്നു. രാത്രിയില്‍ ഇരുചക്രവാഹനത്തിലായിരുന്നു അന്ന് സ്ഥലത്തേക്ക് പോയത്.

എന്നാല്‍ തൂത്തുക്കുടി വെടിവെയ്പ്പിന് ശേഷം ഇരകളെകുറിച്ച് രജനീകാന്ത് നടത്തിയ അഭിപ്രായത്തെയും ചന്ദ്രശേഖര്‍ പരിഹസിച്ചു.

രജനികാന്ത് തമിഴരെ പറ്റിക്കുന്നുവെന്നാണ് ഇപ്പോള്‍ തോന്നുന്നത്. തൂത്തുക്കുടിയില്‍ വെടിയേറ്റ് മരിച്ചവരെ അദ്ദേഹം തീവ്രവാദികളോട് ഉപമിച്ചു. തമിഴര്‍ എതിര്‍ക്കുന്ന പൗരത്വ നിയമത്തെ അനുകൂലിക്കുകയാണെന്നും ചന്ദ്രശേഖര്‍ ആരോപിച്ചു.

കമല്‍ഹാസന്‍, രജനീകാന്ത് എന്നിവരുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനങ്ങളെ പിന്തുണച്ചതില്‍ ഇപ്പോള്‍ ഖേദമുണ്ട്. കാരണം അവര്‍ ഒന്നിച്ചാല്‍, രാഷ്ട്രീയത്തില്‍ വന്നാല്‍ തമിഴ്‌നാടിന് നല്ലത് വരുമെന്ന് കരുതിയിരുന്നു. പക്ഷേ അതുണ്ടായില്ല അദ്ദേഹം വ്യക്തമാക്കുന്നു.

വിജയ്‌ക്കെതിരെ വെറുപ്പിന്റെ രാഷ്ട്രീയം വളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ അതിനനുസരിച്ച് വിജയ് വളരുകയാണെന്നും നാളെ വിജയ് രാഷ്ട്രീയത്തില്‍ വന്നാലും ഇന്ന് സിനിമയില്‍ പറയുന്നത് നടപ്പിലാക്കണം എന്നും ചന്ദ്രശേഖര്‍ വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തമിഴ്‌നാട്ടിലെ ജനങ്ങള്‍ പല കാര്യങ്ങളിലും കഷ്ടപ്പെടുന്നുണ്ട്. സിനിമകളില്‍ അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും സാമൂഹിക പ്രസക്തിയുള്ള സന്ദേശങ്ങള്‍ നല്‍കാനുമാണ് ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുകയല്ല, ചില സംശയങ്ങള്‍ ചോദിക്കുകയാണ്.

വിജയ്‌ക്കെതിരായ ആദായ നികുതി നീക്കത്തെ ഉദ്യോഗസ്ഥരുടെ ജോലിയായി കണ്ടാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയില്‍ ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുന്നു. കഠിനാധ്വാനം ചെയ്യുന്നു, പണം സമ്പാദിക്കുന്നു. കൃത്യമായി നികുതി അടയ്ക്കുന്നു. അതുകൊണ്ട് അതില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും ചന്ദ്രശേഖര്‍ അഭിമുഖത്തില്‍ പറഞ്ഞു.