ചെന്നൈ: നടന്‍ വിജയിയെ നേരില്‍ കാണണമെന്ന് ആഗ്രഹിച്ച് നടന്ന ഭിന്നശേഷിക്കാരനായ യുവാവിന് തിരികെ ലഭിച്ചത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ടുപോയ കുടുംബത്തെ.
വിജയ് ഫാന്‍സ് അസോസിയേഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് പള്ളുരുത്തി കൊത്തലംഗോ അഗതിമന്ദിരത്തിലെ ഭിന്നശേഷിക്കാരനായ രാംരാജിന് കുടുംബത്തിന്റെ അടുത്തെത്താനായത്.
കൊത്തലംഗോ അന്തേവാസികളുടെ കഴിവുകള്‍ പുറംലോകത്തെ അറിയിക്കാന്‍ ബ്രദര്‍ ബിനോയ് പീറ്ററിന്റെ നേതൃത്വത്തില്‍ തുടങ്ങിയ യൂട്യൂബ് ചാനലാണ് രാംരാജിന്റെ ജീവിതത്തെ മാറ്റിമറിച്ചത്.
വിജയിയെ നേരില്‍ കാണണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറയുന്ന രാംരാജിന്റെ വീഡിയോ യൂട്യൂബ് ചാനലിലൂടെ ബ്രദര്‍ ബിനോയ് പീറ്റര്‍ പുറത്തുവിട്ടിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട വിജയ് ഫാന്‍സ് അസോസിയേഷന്‍ ഔദ്യോഗിക പേജിലൂടേയും മറ്റും വീഡിയോ പങ്കുവെച്ചു.
തമിഴ്‌നാട്ടിലുടനീളം ഈ വീഡിയോ പ്രചരിച്ചു. അപ്പോഴാണ് ചിദംബരം സ്വദേശിയായ രാംരാജിന്റെ സഹോദരന്മാര്‍ ഈ വീഡിയോ കണ്ടത്. വര്‍ഷങ്ങള്‍ക്കു മുമ്പ് നാടുവിട്ട സഹോദരനാണ് അതെന്ന് അവര്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു.
വീടുവിട്ടുപോയ രാംരാജിനെ കുറെക്കാലം അവര്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വീഡിയോ കണ്ടയുടന്‍ അവര്‍ കൊച്ചിയിലെ കൊത്തലംഗോയുമായി ബന്ധപ്പെട്ടു.
ബ്രദര്‍ ബിനോയ് പീറ്ററുമായി ഫോണില്‍ സംസാരിച്ചു. തുടര്‍ന്ന് വീഡിയോകോളിലൂടെ രാംരാജ് അവന്റെ അമ്മയുമായി സംസാരിച്ചു.
താമസിയാതെ സഹോദരന്‍മാര്‍ പള്ളുരുത്തിയിലെത്തി രാംരാജിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
Content Highlight: Actor Vijay Fans Association helps find man who lost family