കൊച്ചി: കോഴിക്കോട് സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ വിജയ് ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യ ഹരജി നല്‍കിയേക്കുമെന്ന് സൂചന. കേസില്‍ താനാണ് യഥാര്‍ത്ഥ ഇരയെന്നും തന്റെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നുമാണ് വിജയ് ബാബു പറയുന്നത്.
യുവതിയ ബലാത്സംഗം ചെയ്തതിനും പൊതുമധ്യത്തില്‍ പരാതിക്കാരിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ രണ്ട് കേസുകളാണ് എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി വിദേശത്തായതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ആയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫളാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി.
നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം, ലൈംഗിക പരാതി ഉന്നിയിച്ച ഇരയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് ലൈവ് വീഡിയോ പ്രതിഷേധത്തെ തുടര്‍ന്ന് നീക്കിയിരുന്നു.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് തനിക്കെതിരെ മീ ടൂ ആരോപണമുന്നയിച്ച യുവതിയുടെ പേര് വെളിപ്പെടുത്തിയും താനാണ് ഇരയെന്നും വാദിച്ചുകൊണ്ട് വിജയ് ബാബു ലൈവില്‍ വന്നത്.
ബലാത്സംഗ കേസുകളിലെ ഇരയുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമമാണ് വിജയ് ബാബു ലംഘിച്ചത്. യുവതിയുടെ പേര് വെളിപ്പെടുത്തിയതോടെ ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു.
ഇതിന് പിന്നാലെ വിജയ് ബാബുവിനെതിരെ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഡബ്ല്യു.സി.സി അടക്കമുള്ള സംഘടനകള്‍ വിജയ് ബാബുവിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.