ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് ഔദ്യോഗികമായി പ്രവേശിച്ച് നടന്‍ വിജയ്. വെള്ളിയാഴ്ച ‘തമിഴക വെട്രി കഴകം’ എന്ന രാഷ്ട്രീയ പാര്‍ട്ടി നടന്‍ പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് താരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം.
കഴിഞ്ഞയാഴ്ച ചെന്നൈയില്‍ നടന്ന യോഗത്തില്‍ തന്റെ ഫാന്‍സ് ക്ലബ്ബായ ‘വിജയ് മക്കള്‍ ഇയക്കം’ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് വിജയ് രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയിക്കുന്നത്.
‘തമിഴക വെട്രി കഴകം എന്ന പാര്‍ട്ടിയെ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഞങ്ങള്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കുന്നു. വരാനിരിക്കുന്ന 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുകയും തമിഴ്നാട്ടില്‍ അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റം ഉണ്ടാക്കുകയെന്നതുമാണ് ഞങ്ങളുടെ ലക്ഷ്യം,’ വിജയ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
2024ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ഒരു പാര്‍ട്ടിക്കും പിന്തുണ നല്‍കില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. രാഷ്ട്രീയം എനിക്ക് ഒരു ഹോബിയല്ലെന്നും ഇത് എന്റെ അഗാധമായ അഭിനിവേശമാണെന്നും അതില്‍ എന്നെത്തന്നെ പൂര്‍ണമായും അര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Actor Vijay announces political party