| Sunday, 19th September 2021, 2:05 pm

ഒടുവില്‍ സമ്മതം; ആരാധക സംഘടനയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമ്മതം നല്‍കി വിജയ്; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഉടനെ നടക്കാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആരാധകര്‍ക്ക് അനുമതി നല്‍കി നടന്‍ വിജയ്. ഒക്ടോബര്‍ ആറ്, ഒമ്പത് തീയതികളിലാണ് സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് യൂണിയന്‍, ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ തന്റെ ചിത്രവും കൊടിയും ഉപയോഗിച്ച് പ്രചാരണം നടത്താനും മത്സരിക്കാനും വിജയ് അനുമതി നല്‍കിയിരിക്കുന്നത്.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ സ്വന്തം നിലയ്ക്ക് വേണം മത്സരിക്കാനെന്നും വിജയ് ആരാധകരോട് പറഞ്ഞിട്ടുണ്ട്. സ്വതന്ത്രരായിട്ടായിരിക്കും ആരാധകര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക.

നേരത്തെ വിജയ്‌യുടെ അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍ ആരാധക സംഘടനയുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമിച്ചിരുന്നു. ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരിലായിരുന്നു രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനായി നല്‍കിയത്.

എന്നാല്‍ തനിക്ക് ഈ രാഷ്ട്രീയ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് വിജയ് രംഗത്തെത്തിയിരുന്നു. തന്റെ പേരോ ചിത്രമോ എന്റെ ഓള്‍ ഇന്ത്യ വിജയ് മക്കള്‍ ഇയക്കം സംഘടനയുടെ പേരോ, ബന്ധപ്പെട്ട ഏതെങ്കിലുമോ രാഷ്ട്രീയ കാര്യത്തിനുവേണ്ടി ഉപയോഗിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നും വിജയ് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ വിജയ്‌യുടെ പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്നും പിന്മാറിയതായി അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി വിജയ്‌യുടെ അച്ഛന്‍ രംഗത്ത് എത്തിയിട്ടുണ്ട്. ‘ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ മുന്നേറ്റ്രം’ എന്ന പേരിലാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more