ചെന്നൈ: ദളപതി വിജയിയുടെ 66-ാമത് ചിത്രം സംവിധാനം ചെയ്യുന്നത് തെലുങ്കിലെ സൂപ്പര്‍ഹിറ്റ് സിനിമയായ മഹര്‍ഷിയുടെ സംവിധായകന്‍ വംശി പെഡിപ്പള്ളി.
ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദേശീയ അവാര്‍ഡ് ജേതാവായ നിര്‍മ്മാതാവ് ദില്‍ രാജുവും ശിരീഷുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ചയാണുണ്ടായത്.
ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ഊപ്പിരി, യെവാഡു എന്നിങ്ങനെ തെലുങ്കിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളുടെ സംവിധായകനാണ് വംശി. ചിത്രത്തിനായി റെക്കോര്‍ഡ് പ്രതിഫലമാണ് വിജയ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മാസ്റ്റര്‍ എന്ന ചിത്രത്തിന് വിജയ്ക്ക് 100 കോടി രൂപയായിരുന്നു പ്രതിഫലമെന്നും പുതിയ ചിത്രത്തിനായി 120 കോടിയാണ് വിജയ് വാങ്ങുന്നതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
നെല്‍സണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ബീസ്റ്റിന് ശേഷം വിജയ് വംശിയുടെ ചിത്രവുമായി സഹകരിക്കും.
ബീസ്റ്റിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിലെ സംഗീതം. പൂജ ഹെഗ്ഡെ ആണ് ചിത്രത്തില്‍ നായികയാകുന്നത്.
മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.