ഞാനൊരു നാണം കുണുങ്ങിയായിരുന്നു, വളരെ പതുക്കെ മാത്രമേ സംസാരിച്ചിരുന്നുള്ളു; വിക്കി കൗശല്‍
Bollywood
ഞാനൊരു നാണം കുണുങ്ങിയായിരുന്നു, വളരെ പതുക്കെ മാത്രമേ സംസാരിച്ചിരുന്നുള്ളു; വിക്കി കൗശല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th March 2021, 6:15 pm

മുംബൈ: ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തിയ ആളാണ് നടന്‍ വിക്കി കൗശല്‍. ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡും വിക്കിയെ തേടിയെത്തിയിരുന്നു.

ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് വിക്കി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിക്കി മനസ്സുതുറന്നത്.

കുട്ടിക്കാലത്ത് താനൊരു നാണംകുണുങ്ങിയായിരുന്നുവെന്നും ആള്‍ക്കൂട്ടത്തിനിടയില്‍ ഒരാളായി ആരും തിരിച്ചറിയപ്പെടാതാരിക്കാന്‍ ആഗ്രഹിച്ചയാളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ചെറുപ്പത്തില്‍ ഞാനൊരു നാണംകുണുങ്ങിയായിരുന്നു. വലുതാകുമ്പോള്‍ ഞാന്‍ വളരെ അച്ചടക്കമുള്ള വ്യക്തിയാകുമെന്നും എന്റെ അനിയന്‍ സണ്ണിയാകും ഏറ്റവും വികൃതിക്കാരനെന്നുമായിരുന്നു അമ്മ കരുതിയിരുന്നത്. എന്നാല്‍ നേരെ മറിച്ചാണ് സംഭവിച്ചത്. ആള്‍ക്കൂട്ടത്തില്‍ ഒരാളാകാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്’, വിക്കി കൗശല്‍.

എന്നാല്‍ അപ്പോഴും അഭിനയ മോഹങ്ങള്‍ തന്നിലുണ്ടായിരുന്നുവെന്ന് വിക്കി പറഞ്ഞു. നാണംകുണുങ്ങിയാണെങ്കിലും സ്‌കൂളിലേയും കോളെജിലേയും സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ തനിക്ക് താല്പര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അത് കഴിഞ്ഞാല്‍ താന്‍ വീണ്ടും പഴയപോലെ അന്തര്‍മുഖനാകുമെന്നും ആര്‍ക്കും തന്റെ ശബ്ദം പോലും കേള്‍ക്കാനാകില്ലെന്നും വിക്കി പറഞ്ഞു. സ്റ്റേജില്‍ കയറുമ്പോള്‍ മാത്രം വല്ലാത്തൊരു സ്വാതന്ത്ര്യം തോന്നുമായിരുന്നുവെന്നും വിക്കി പറയുന്നു.

വിക്കി കൗശലിന്റേതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് സര്‍ദ്ദാര്‍ ഉദ്ദം സിംഗ്. ഏറെ വേറിട്ട മേക്ക് ഓവറില്‍ വിക്കിയെത്തുന്ന ചിത്രം 2020 ഒക്ടോബറില്‍ എത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കൊവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് ഷൂട്ടിംഗ് നീളുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Actor Vicky Kaushal Talks About His Childhood