കൊച്ചി: തിയേറ്റര്‍ റിലീസിന് ശേഷം ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത, നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചിത്രത്തില്‍ ഒറ്റ ഡയലോഗിലൂടെ പ്രേക്ഷകശ്രദ്ധ നേടിയയാളാണ് ഉണ്ണിരാജ് ചെറുവത്തൂര്‍. ‘അഖിലേഷേട്ടനാണ്’ എന്ന ഒറ്റ ഡയലോഗ് സിനിമ കണ്ട ഓരോ പ്രേക്ഷകനും ഏറ്റെടുത്തിരിക്കുകയാണ്.
നിരവധി പേര്‍ അഭിനന്ദനങ്ങളറിയിക്കുന്നുണ്ടെന്ന് പറയുകയാണ് ഉണ്ണിരാജ്. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉണ്ണിരാജിന്റെ പ്രതികരണം. ഫാന്‍സ് ധാരാളമുണ്ടെന്നും എന്നാല്‍ അത് പറയാന്‍ തനിക്ക് നല്ല മടിയാണെന്നും ഉണ്ണിരാജ് പറയുന്നു.
‘സത്യം പറഞ്ഞാല്‍ ഫാന്‍സ് ഉള്ള കാര്യം ആരോടും പറയാറില്ല. കാരണം എനിക്കെല്ലാം ഫാന്‍സ് ഉണ്ടെന്നൊക്കെ പറയാന്‍ മടിയാണ്. ഒരു ഏഴ് ജില്ലയില്‍ ഇപ്പോള്‍ ഫാന്‍സ് ഗ്രൂപ്പുണ്ട്. ഗള്‍ഫിലുണ്ട്. മറിമായം ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. എല്ലാവരും നല്ല പിന്തുണയാണ് നല്‍കുന്നത്,’ ഉണ്ണിരാജ് പറഞ്ഞു.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും, അരവിന്ദന്റെ അതിഥികള്‍, തുടങ്ങിയ സിനിമകളില്‍ ഉണ്ണിരാജിന്റെ അഭിനയം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കലോത്സവ വേദികളിലെ മോണോ ആക്ട്, മൈം പരിശീലകനായ ഉണ്ണിരാജ് മഴവില്‍ മനോരമയിലെ സിറ്റ്‌കോം പരിപാടിയായ മറിമായത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്.
വാസ്തവം, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വി.സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് നിര്‍മിച്ച ചിത്രമാണ് ഓപ്പറേഷന്‍ ജാവ.
വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്‌സാണ്ടര്‍, ദീപക് വിജയന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ക്യാമറ ഫായിസ് സിദ്ദീഖും എഡിറ്റിംഗ് നിഷാദ് യൂസഫും നിര്‍വഹിച്ചിരിക്കുന്നു. ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്‌സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.