ഒളിവിൽ നിൽക്കുമ്പോൾ എ.കെ.ജിയുടെ വിസർജ്യം പോലും കളഞ്ഞത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയെന്ന് കൈതപ്രം, ജനങ്ങളുടെ ദൈവമല്ലേയെന്ന് നമ്പൂതിരി; ചർച്ചയായി പഴയ അഭിമുഖം
മുത്തശ്ശൻ കഥാപാത്രങ്ങളിലുടെ മലയാളി മനസ്സുകളിൽ ഇടം നേടിയ നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചതിന് പിന്നാലെ അദ്ദേഹത്തെകുറിച്ചുള്ള ഓർമകളാണ് സിനിമാലോകം ചർച്ചചെയ്യുന്നത്. ഇതിൽ അദ്ദേഹത്തിന് കമ്മ്യൂണിസത്തിനോടുള്ള പ്രിയവുമെല്ലാം ഉൾപ്പെടും. ഒരഭിമുഖത്തിൽ എ.കെ.ജിയുമായും പഴയ പാർട്ടി സഖാക്കളുമായും തനിക്കുള്ള ആത്മബന്ധം പങ്കുവെക്കുന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
എ.കെ.ജിയുമായി തനിക്ക് വളരെ അടുത്ത ബന്ധമാണുള്ളതെന്നും, അദ്ദേഹം എനിക്ക് എഴുതുന്ന കത്തുകളിൽ മൈ ഡിയർ, ഡിയർ, ഉണ്ണി എന്ന് പറഞ്ഞാണ് അഭിസംബോധന ചെയ്യുകയെന്നും ഉണ്ണികൃഷ്ണൻ നമ്പൂതിരി പറയുന്നുണ്ട്. തിരുവനന്തപുരത്ത് പോകുമ്പോൾ എ.കെ.ജിയോടൊപ്പമാണ് താമസിക്കാറുള്ളതെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്.
ജെ.ബി. ജംഗ്ഷനിൽ കൈതപ്രം ദാമോദരൻ നമ്പൂതിരിയോടൊപ്പം എത്തിയ അഭിമുഖത്തിലാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി പഴയ അനുഭവങ്ങൾ വളരെ വൈകാരികമായി പങ്കുവെച്ചത്.
കൈതപ്രം ദാമോദരൻ നമ്പൂരിതിയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ വീട്ടിൽ എ.കെ.ജി ഉൾപ്പെടെയുള്ളവർ ഒളിവിൽ താമസിക്കുമ്പോഴുള്ള കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കിയത്. ഒളിവിൽ നിൽക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്നത് മാത്രമല്ല, അവർക്ക് കുളിക്കാൻ സൗകര്യമൊരുക്കുന്നതും, ചില ഘട്ടങ്ങളിൽ അവരുടെ വിസർജ്യം പോലും ചട്ടിയിലാക്കി പുറത്ത് കൊണ്ടു പോയി കളയുന്നതുമെല്ലാം ഉണ്ണികൃഷ്ണൻ നമ്പൂതരിയാണെന്ന് കൈതപ്രം അഭിമുഖത്തിൽ പറഞ്ഞു.
”അന്ന് ഒളിപ്പിച്ച് താമസിക്കുന്നവരെ ദൈവത്തെപോലെയാണ് സംരക്ഷിച്ചിരുന്നത്. അന്ന് ഞങ്ങളുടെയൊന്നും വീട്ടിനകത്ത് കക്കൂസില്ല. അപ്പോൾ അവർക്ക് ഭക്ഷണം നൽകുന്നത് മാത്രമല്ല കുളിക്കാനുള്ള സൗകര്യമൊരുക്കുന്നതും അവരുടെ വിസർജ്യം പോലും ചട്ടിയിലാക്കി കൊണ്ടു പോയി കളയുന്നതും ഇദ്ദേഹമാണ്. എ.കെ.ജിയുടെ മുൻപിൽ നിന്ന് അദ്ദേഹത്തിന്റെ വിസർജ്യം കൊണ്ടു പോയി കളയുന്നത് കണ്ട ഇദ്ദേഹത്തോട് നിങ്ങളോടൊക്കെ ഇതിന് എങ്ങിനെയാണ് പ്രതിഫലം ചെയ്യുക എന്നാണ് അദ്ദേഹം ചോദിച്ചത്. അതൊന്നും ഇദ്ദേഹത്തിന് പ്രശ്നമല്ല, പാർട്ടിയാണ് വലുത്,” കൈതപ്രം പറഞ്ഞു.
ജനങ്ങളുടെ ദൈവമാണ് എ.കെ.ജിയെന്നും അഭിമുഖത്തിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി പറയുന്നുണ്ട്.