കാസര്‍കോട്: സര്‍ക്കാരിന്റെ ‘സ്‌കാവഞ്ചര്‍’ പോസ്റ്റിലേക്ക് അപേക്ഷിച്ച നടന്‍ ഉണ്ണി രാജന് നിയമനം. ശനിയാഴ്ചയാണ് രജിസ്റ്റേര്‍ഡായി നിയമന ഉത്തരവ് ലഭിച്ചത്. തിങ്കളാഴ്ച ജോലിക്ക് കയറും. ശൗചാലയം വൃത്തിയാക്കുന്ന തൊഴിലാണ് സ്‌കാവഞ്ചര്‍ തസ്തിക.
കാസര്‍കോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്കാണ് ഉണ്ണി രാജന്‍ അപേക്ഷ സമര്‍പ്പിച്ചത്. തനിക്ക് വേണ്ടത് ഒരു സ്ഥിര ജോലിയാണെന്നും എല്ലാ തൊഴിലിനും അതിന്റേതായ മഹത്വമുണ്ടെന്നും നടന്‍ ഉണ്ണി രാജന്‍ പറയുന്നു.
സിനിമയില്‍ നിന്നോ സീരിയലില്‍ നിന്നോ തനിക്ക് അത്ര വരുമാനമൊന്നും ലഭിക്കുന്നില്ലെന്ന് ഉണ്ണി രാജന്‍ പറഞ്ഞു. ഒരു ഒഴിവിലേക്ക് അഭിമുഖത്തിനെത്തിയ പതിനൊന്നുപേരില്‍ ഒരാളാണ് ഉണ്ണി രാജന്‍. ചെറിയ ശമ്പളമാണെങ്കിലും സ്ഥിരംതൊഴിലാണ്.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഓപ്പറേഷന്‍ ജാവ തുടങ്ങിയ സിനിമകളിലൂടെയും ‘മറിമായം’ സീരിയലിലും പ്രേക്ഷകരുടെ മനം കീഴടക്കിയ ഉണ്ണി എന്ന ചെറുവത്തൂര്‍ സ്വദേശി ഉണ്ണി രാജന്‍ ആണ് പുതിയ തൊഴില്‍ തെരഞ്ഞെടുത്തത്.
ഒഴിവിലേക്കുള്ള അഭിമുഖത്തിനായി ഉണ്ണി രാജന്‍ എത്തിയപ്പോള്‍ ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍ അമ്പരന്നു. ജോലിയെ കുറിച്ച് ഉണ്ണി രാജന് കൃത്യമായ ധാരണയുണ്ടോ എന്ന സംശയമായിരുന്നു.
‘ഒരു ജോലി എന്റെ സ്വപ്നമാണ് സര്‍. കുറച്ച് സമയംമുന്‍പ് പുറത്തുനില്‍ക്കുന്ന എല്ലാവരും എന്റെ സെല്‍ഫിയെടുത്തു. അവര്‍ക്ക് ഞാന്‍ വി.ഐ.പി. പക്ഷേ, സ്ഥിരമായ തൊഴിലില്ലല്ലോ. സീരിയിലില്‍നിന്ന് അത്ര വരുമാനമൊന്നും ലഭിക്കില്ല. ജോലിക്കിടെ വീണു പരിക്കേറ്റതിനാല്‍ ശരീരസ്ഥിതിയും മെച്ചമല്ല. പിന്നെ എല്ലാതൊഴിലിനും അതിന്റെ മഹത്ത്വമുണ്ട്. ഗാന്ധിജി പോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ. ഞാനല്ലെങ്കില്‍ മറ്റൊരാള്‍ ഇത് ചെയ്യേണ്ടതല്ലേ. പിന്നെ എനിക്ക് ചെയ്താലെന്താ,’ ഉണ്ണി രാജന്‍ മാതൃഭൂമിയോട് പറഞ്ഞു.
താനല്ലെങ്കില്‍ ഈ ജോലി മറ്റാരെങ്കിലും ചെയ്യുമെന്നും അതുകൊണ്ട് തന്നെ ഈ ജോലി ചെയ്താല്‍ എന്താണെന്നും ഉണ്ണി രാജന്‍ സന്തോഷത്തോടെ ചോദിക്കുന്നു. പരേതനായ കണ്ണന്‍ നായരുടെയും ഓമനയുടെയും മകനാണ് ഉണ്ണി രാജന്‍. ഭാര്യയും രണ്ടുകുട്ടികളുമുണ്ട്.
CONTENT HIGHLIGHTS: Actor Unni Rajan has applied for the post of ‘Scovenger’ in the government