|

എനിക്ക് ആക്ഷന്‍ ചെയ്യുന്ന നടന്മാരോട് ഒരു പ്രത്യേക ഇഷ്ടമാണ്; യുവതാരങ്ങളില്‍ തന്റെ പ്രിയതാരത്തെക്കുറിച്ച് പറഞ്ഞ് ഉണ്ണി മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട യുവതാരം പൃഥ്വിരാജ് ആണെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. പൃഥ്വിരാജിന്റെ ആക്ഷന്‍ രംഗങ്ങളാണ് തനിക്ക് ഇഷ്ടമെന്നും കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

”എനിക്ക് പേഴ്‌സണലി യൂത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് പൃഥ്വിരാജ്. എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന നടനായത് കൊണ്ടാണ് ഇത്രയും ആരാധനയും ഇഷ്ടവും,” താരം പറഞ്ഞു.

തനിക്ക് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്ന നടന്മാരോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്നും ഡ്യൂപ്പ് ഇല്ലാതെ പൃഥ്വിരാജ് ആക്ഷന്‍ ചെയ്യുന്നത് തനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കാര്യമാണെന്നും നടന്‍ അഭിമുഖത്തില്‍ പറഞ്ഞു.

”എനിക്ക് ആക്ഷന്‍ ചെയ്യുന്ന നടന്മാരോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ആക്ഷന്‍ ചെയ്യുന്നത് ഒരു റിസ്‌ക് എടുക്കലാണ്. പുള്ളി അങ്ങനെ ഡ്യൂപ്പ് ഒന്നും ഉപയോഗിക്കാറില്ല. ആക്‌സിഡന്റ് ആവാനുള്ള സാധ്യത അവിടെ കൂടുതലാണ്,” പൃഥ്വിരാജിന്റെ ആക്ഷന്‍ രംഗങ്ങളെക്കുറിച്ച് നടന്‍ പറഞ്ഞു.

”മലയാളത്തില്‍, എനിക്ക് തോന്നുന്നു മമ്മൂക്ക, ലാലേട്ടന്‍, സുരേഷ് ഗോപി അവരൊക്കെ കഴിഞ്ഞാലുള്ള ഒരു പോയിന്റില്‍ ഒരു ഫയര്‍ ഐറ്റം പൃഥ്വിരാജാണ്,” ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

2002ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ ആദ്യ സിനിമ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീഡനിലൂടെയായിരുന്നു ഉണ്ണി മുകുന്ദന്റെ തമിഴ് സിനിമാ പ്രവേശം.

പൃഥ്വിരാജും ഉണ്ണിമുകുന്ദനും പ്രധാന വേഷങ്ങളിലെത്തുന്ന ഭ്രമം റിലീസിന് തയാറെടുക്കുകയാണ്. ബോളിവുഡ് ഹിറ്റ് ചിത്രം അന്ധാദുന്റെ മലയാളം റീമേക്കായ ഭ്രമം ഒക്ടോബര്‍ 13ന് ആമസോണ്‍ പ്രൈം വഴിയാണ് റിലീസ് ചെയ്യുന്നത്.

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി അണിയറയിലൊരുങ്ങുന്ന ബ്രോ ഡാഡിയിലും ഉണ്ണി മുകുന്ദന്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Unni Mukundan talks about Prithviraj