Advertisement
Entertainment news
വത്സന്‍ തില്ലങ്കേരി ചേട്ടനെ കണ്ടു, തങ്കം പോലൊരു മനുഷ്യന്‍; ചിത്രം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 05, 04:55 am
Thursday, 5th January 2023, 10:25 am

ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. വല്‍സേട്ടന്‍ എന്ത് നല്ല മനുഷ്യന്‍ ആണെന്നും തന്റെ പുതിയ ചിത്രം മാളികപ്പുറം വിജയമാക്കിയതിനും ഉണ്ണി മുകുന്ദന്‍ നന്ദി അറിയിച്ചു.

മാളികപ്പുറം എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട്,കണ്ണൂര്‍ തിയേറ്ററുകള്‍ സന്ദര്‍ശനത്തിക്കാന്‍ പോയ ഉണ്ണി മുകുന്ദന്‍ സോഷ്യല്‍മീഡിയയിലാണ് ചിത്രം പങ്കുവെച്ചത്.

”മാളികപ്പുറം സിനിമയുടെ കോഴിക്കോട്/കണ്ണൂര്‍ പ്രൊമോഷണല്‍ ട്രിപ്പിനിടെ വത്സന്‍ തില്ലങ്കേരി ചേട്ടനെ കണ്ടുമുട്ടി, എന്ത് നല്ല മനുഷ്യന്‍. രത്‌നം പോലൊരു മനുഷ്യനാണ്. കണ്ണൂരിലെയും കോഴിക്കോട്ടെയും നല്ല ഭക്ഷണമാണ്, ഞങ്ങളുടെ സിനിമ കേരളത്തിലുടനീളം വളരെ അധികം ഇഷ്ടപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം.

വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ ഒട്ടാകെയും പുറത്തും റിലീസ് ചെയ്യും. മറ്റ് ഭാഷാ പതിപ്പുകള്‍ ഉടന്‍ പുറത്തിറങ്ങും. വളരെ നന്ദി.’, ഉണ്ണി മുകുന്ദന്‍ കുറിച്ചു. ചിത്രം പങ്കുവെച്ചതിന് പിന്നാലെ ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് ഒരുപാട് കമന്റുകളാണ് വരുന്നത്.

അടുത്ത രാജ്യ സഭ സീറ്റ് ഉറപ്പായി, ഒരു വിഭാഗത്തിന്റെ മാത്രം ഇഷ്ടം പിടിച്ച് പറ്റിയിട്ട് കാര്യമില്ല, എന്നൊക്കെയാണ് ചിലരുടെ കമന്റുകള്‍. ‘നിങ്ങള്‍ പുലിയാണ് മലയാള സിനിമയില്‍ സുരേഷ് ഗോപിക്കും ഉണ്ണിക്കും ഉള്ള നട്ടെല്ല് വേറെ ഒരുത്തനുമില്ല’, കേരളത്തിലെ ബാഹുബലി എന്നൊക്കെയാണ് മറ്റുചിലരുടെ കമന്റുകള്‍.

ആന്റോ ജോസഫും വേണുകുന്നപ്പള്ളിയും ചേര്‍ന്ന് നിര്‍മിച്ച് വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറമാണ് ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം. ഉണ്ണിമുകുന്ദന്‍ നായകനായ ചിത്രത്തെ പുകഴ്ത്തി ഒരുപാട് വ്യക്തികള്‍ രംഗത്തെത്തിയിരുന്നു.

ഉണ്ണി മുകുന്ദനെ കൂടാതെ ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, രമേഷ് പിഷാരടി, മനോജ് .കെ. ജയന്‍, ശ്രീപത് എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കല്ലു എന്ന പെണ്‍കുട്ടിക്ക് അയ്യപ്പനോടുള്ള ഭക്തിയാണ് ചിത്രത്തില്‍ കാണിക്കുന്നത്. അയ്യപ്പനായാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നത്. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതിയ ചിത്രമാണ് മാളികപ്പുറം. ചായാഗ്രഹണം വിഷ്ണുനാരായണനും എഡിറ്റിങ് ഷമീര്‍ മുഹമ്മദും നിര്‍വ്വഹിക്കുന്നു.

content highlight: actor Unni Mukundan shared a picture with Vatsan Tillankeri