Malayalam Cinema
വര്‍ക്ക് ഔട്ടിന് മമ്മൂക്ക ഒരു മണിക്കൂര്‍ വൈകിയെത്തിയപ്പോള്‍ ഞാന്‍ കളിയാക്കി, പിറ്റേദിവസം ഞാന്‍ കണ്ട കാഴ്ച അതായിരുന്നു; രസകരമായ അനുഭവം പങ്കിട്ട് ഉണ്ണി മുകുന്ദന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Oct 14, 06:18 am
Thursday, 14th October 2021, 11:48 am

മലയാളത്തില്‍ ആക്ഷന്‍ ചെയ്യുന്ന നടന്മാരോടും വര്‍ക്കൗട്ട് കാര്യമായി ചെയ്യുന്നവരോടുമൊക്കെ തനിക്ക് ഒരു പ്രത്യേക സ്‌നേഹമാണെന്ന് പറയുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍.

മോഹന്‍ലാലിനോടും മമ്മൂട്ടിയോടും പൃഥ്വിരാജിനോടുമൊക്കെ തനിക്ക് അത്തരത്തിലൊരു സ്‌നേഹക്കൂടുതലുണ്ടെന്നും താരം പറയുന്നു. വര്‍ക്കൗട്ടുമായി ബന്ധപ്പെട്ട് തന്നെ അതിശയിപ്പിച്ച ഒരു നടനാണ് മമ്മൂട്ടിയെന്നും കാന്‍മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറയുന്നു. മമ്മൂട്ടിയുമൊത്തുള്ള രസകരമായ ഒരു അനുഭവവും ഉണ്ണി അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്.

എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടനാണ് മമ്മൂട്ടി. അദ്ദേഹവുമൊത്ത് ഒരുപാട് സിനിമകളും ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. പിന്നെ ഞങ്ങള്‍ തമ്മിലുള്ള ഒരു സിങ്ക് എന്ന് പറയുന്നത് പുള്ളി കാര്യമായി ഫിറ്റ്‌നെസ് ഒക്കെ നോക്കുന്ന ആളാണ്.

അതില്‍ ഒരു കാര്യം എടുത്തുപറയേണ്ടതായുള്ളത് ബോംബെ മാര്‍ച്ച് സിനിമ ചെയ്യുന്ന സമയത്തുള്ള ഒരു സംഭവമാണ്. മമ്മൂക്ക നില്‍ക്കുന്ന ഹോട്ടലില്‍ ജിമ്മുണ്ട്. പുള്ളി രാവിലെ തന്നെ വര്‍ക്ക് ഔട്ടിന് പോകും. എന്നോട് ഒരു ദിവസം ചോദിച്ചു എങ്ങനെയാണ് വര്‍ക്ക് ഔട്ട് ഒക്കെ ഇല്ലേ എന്ന്.

ഇപ്പോള്‍ ഇല്ല, എന്റെ ഹോട്ടലില്‍ ജിമ്മില്ല എന്ന് ഞാന്‍ പറഞ്ഞു. ആണോ ഞാന്‍ ഇവിടെ അടുത്ത് തന്നെയാ, നീ ഇങ്ങോട്ട് വാ എന്നും പറഞ്ഞു. എന്നോട് ഒരു അഞ്ച് ആറുമണിയാകുമ്പോള്‍ വരാനായിരുന്നത് പറഞ്ഞത്. പിറ്റേ ദിവസം ഞാന്‍ ഓടിച്ചാടി ആ സമയത്ത് എത്തി. എത്തിയപ്പോള്‍ മമ്മൂക്കയെ കാണുന്നില്ല.

അങ്ങനെ ഞാന്‍ എക്‌സര്‍സൈസൊക്കെ തുടങ്ങി, ഒരു ഏഴ് മണിയായപ്പോള്‍ മമ്മൂക്ക വന്നു. ഈ അഞ്ച് മണിയെന്നൊക്കെ ചുമ്മാ പറയുകയാണല്ലേ എന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു. പിറ്റേ ദിവസം മമ്മൂക്ക ഏഴ് മണിക്കല്ലേ വരുന്നതെന്ന് കരുതി ഞാന്‍ ഏഴ് മണിക്ക് എത്തി.
എന്നാല്‍ പുള്ളി അഞ്ച് മണിക്കേ എത്തി വര്‍ക്ക് ഔട്ട് തുടങ്ങിയിരുന്നു.

ആ ഒരു വാശിയുണ്ടല്ലോ. അത് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഒരു ദിവസമൊക്കെ അങ്ങനെ വൈകിയെന്നൊക്കെ വരും എന്ന് കൂടി പുള്ളി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഇപ്പോഴും എന്നെ കാണുമ്പോള്‍ പറയും ഇത്രയും മസില്‍ വേണ്ട, ഫുഡ് ഇങ്ങനെ കഴിക്കണം എന്നൊക്കെ. ഞാന്‍ നോക്കുമ്പോള്‍ മമ്മൂക്ക എല്ലാം കഴിക്കുന്നുണ്ട്. ശരീരം നന്നായി നോക്കുന്നുണ്ട്. ഇത്രയും വലിയ കരിയറില്‍ ഇത്രയും സിനിമ ചെയ്തിട്ടും അദ്ദേഹം അത് തുടരുന്നു.

പിന്നെ ഷൂട്ടിങ്ങില്‍ ഫൈറ്റ് സമയത്തൊക്കെ ഞാന്‍ വീഴുമ്പോള്‍ പുള്ളി ചീത്തപറയും. നോക്കിയും കണ്ടും ചെയ്യണമെന്ന് പറയും. മുന്‍പ് പുള്ളി ഒരു പടത്തില്‍ ഫൈറ്റ് ചെയ്തപ്പോള്‍ എല്ലിന് പൊട്ടല്‍ പറ്റിയതിനെ കുറിച്ചൊക്കെ പറഞ്ഞുതരും. ഇതൊന്നും ആരും ശ്രദ്ധിക്കില്ല ഇതൊക്കെ നീ തന്നെ നോക്കണം എന്നൊക്കെ പറയും. അത്രയും കെയറിങ് ആണ് മമ്മൂക്ക, ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

Content Highlight: Actor Unni Mukundan Share an Experiance with Mammootty