| Wednesday, 30th December 2020, 8:01 pm

സിനിമയും ഒരു തൊഴിലാണ്; പൊതുഗതാഗതവും ബാറും തുറന്ന സ്ഥിതിക്ക തിയേറ്ററുകളും തുറക്കണം; ഉണ്ണി മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: കൊവിഡ് പ്രതിസന്ധിക്ക് പിന്നാലെ അടച്ചുപൂട്ടിയ പൊതുഗതാഗത സംവിധാനങ്ങളും ബാറുകളും അടക്കം തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയ നിലക്ക് തിയേറ്ററുകളും തുറക്കണമെന്ന് നടന്‍ ഉണ്ണിമുകുന്ദന്‍.

സിനിമ മേഖലയിലെ ആര്‍ട്ടിസ്റ്റുകള്‍, ടെക്‌നിഷ്യന്‍സ്, പ്രൊഡക്ഷന്‍ രംഗത്തെ തൊഴിലാളികള്‍, തീയറ്റര്‍ ഉടമകള്‍, തൊഴിലാളികള്‍, എന്നിങ്ങനെ ഈ വ്യവസായത്തെ ആശ്രയിച്ചു ജീവിക്കുന്ന 1000 കണക്കിന് ആളുകളും അവരുടെ കുടുംബങ്ങളും ഇന്നും ജീവിതമാര്‍ഗ്ഗം വഴിമുട്ടി നില്‍ക്കുകയാണെന്നും തീയറ്ററുകള്‍ പൂര്‍വ്വ സ്ഥിതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കില്‍ മാത്രമേ ഈ വ്യവസായം മുന്നോട്ട് കൊണ്ട് പോകാനും ഇതിനെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളുടെ പട്ടിണി മാറ്റാനും സാധിക്കുകയുള്ളുവെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു.

കോടിക്കണക്കിനു രൂപ സര്‍ക്കാരുകള്‍ക്ക് ടാക്‌സ് ഇനത്തില്‍ വര്‍ഷം തോറും നല്‍കുന്ന സിനിമ വ്യവസായത്തിന് കൂടി മുന്നോട്ട് പോകാനുള്ള ഇളവുകള്‍ അനുവദിച്ച് തീയറ്ററുകള്‍ തുറക്കാനുള്ള അനുമതി അധികാരപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അനുഭാവ പൂര്‍വം ഉണ്ടാകണമെന്നും ഉണ്ണി പറഞ്ഞു.

ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക്പോസ്റ്റ്  പൂര്‍ണരൂപം,

സിനിമയും ഒരു തൊഴിലാണ്

കോവിഡ് എന്ന മഹാമാരി അപ്രതീക്ഷിതമായി കടന്ന് വന്ന് നമ്മുടെ എല്ലാം ജീവിതം തന്നെ താറുമാറാക്കിയിട്ട് ഒരു വര്‍ഷത്തോളമാകുന്നു. കൊവിഡ്-19 എന്ന വൈറസ് കാരണം നമ്മുടെ ജീവിത ശൈലി തന്നെ മാറ്റിമറിക്കപ്പെട്ടു. എന്നാല്‍ നാമിന്ന് ഏറെക്കുറെ അതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നിരവധി വാക്‌സിന്‍ പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലാണെന്നാണ് അറിയാന്‍ കഴിയുന്നത്.

എത്രയും വേഗം ഈ മഹാമാരിയ്ക്ക് ഒരു പര്യവസാനം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. ഈ സമയത്ത് പ്രസക്തമെന്ന് തോന്നിയ ഒരു വിഷയം പറയാന്‍ ആഗ്രഹിക്കുന്നു. ഘട്ടം ഘട്ടമായി ആണെങ്കിലും ഒട്ടുമിക്ക വ്യവസായങ്ങളും സേവന സ്ഥാപനങ്ങളും പൊതു ഗതാഗത സംവിധാനങ്ങളുമടക്കം പൂര്‍വ്വ സ്ഥിതിയിലെത്തിയെങ്കിലും ഇന്നും പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഒരു വ്യവസായമാണ് സിനിമ. സിനിമ ചിത്രീകരണങ്ങള്‍ പരിമിതിയോടെ പുനരാംഭിച്ചുവെങ്കിലും തീയറ്ററുകള്‍ തുറക്കാന്‍ സാധിക്കാനാത്തതിനാല്‍ കൊറോണയ്ക്ക് മുന്‍പ് ചിത്രീകരണം ആരംഭിച്ചതുള്‍പ്പടെ 80 ലേറെ ചിത്രങ്ങളാണ് മലയാളത്തില്‍ മാത്രം ഈ പ്രതിസന്ധി നേരിടുന്നത്.

സിനിമ മേഖലയിലെ ആര്‍ട്ടിസ്റ്റുകള്‍, ടെക്‌നിഷ്യന്‍സ്, പ്രൊഡക്ഷന്‍ രംഗത്തെ തൊഴിലാളികള്‍, തീയറ്റര്‍ ഉടമകള്‍, തൊഴിലാളികള്‍, എന്നിങ്ങനെ ഈ വ്യവസായത്തെ ആശ്രയിച്ചു ജീവിക്കുന്ന 1000 കണക്കിന് ആളുകളും അവരുടെ കുടുംബങ്ങളും ഇന്നും ജീവിതമാര്‍ഗ്ഗം വഴിമുട്ടി നില്‍ക്കുകയാണ്.

തീയറ്ററുകള്‍ പൂര്‍വ്വ സ്ഥിതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കില്‍ മാത്രമേ ഈ വ്യവസായം മുന്നോട്ട് കൊണ്ട് പോകാനും ഇതിനെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളുടെ പട്ടിണി മാറ്റാനും സാധിക്കുകയുള്ളു. പൊതുഗതാഗത സംവിധാനങ്ങളും ബാറുകളും അടക്കം തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയ സ്ഥിതിയ്ക്ക് കോടിക്കണക്കിനു രൂപ സര്‍ക്കാരുകള്‍ക്ക് ടാക്‌സ് ഇനത്തില്‍ വര്‍ഷം തോറും നല്‍കുന്ന സിനിമ വ്യവസായത്തിന് കൂടി മുന്നോട്ട് പോകാനുള്ള ഇളവുകള്‍ അനുവദിച്ച് തീയറ്ററുകള്‍ തുറക്കാനുള്ള അനുമതി അധികാരപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അനുഭാവപൂര്‍വ്വം ഉണ്ടാകണമെന്ന് പ്രത്യാശിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor unni mukundan says Public transport, bars and opened so theaters should be opened

We use cookies to give you the best possible experience. Learn more